ചാലക്കുടി: ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തീയേറ്റര്‍ അടച്ചു പൂട്ടാന്‍ ചാലക്കുടി നഗരസഭ തീരുമാനിച്ചു. തീയേറ്ററിന് നിര്‍മ്മാണ അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന കണ്ടെത്തിയതിന് തുടര്‍ന്നാണ് തീരുമാനം.

ഡി സിനിമാസിന് നിര്‍മ്മാണ അനുമതി നല്‍കിയ കാര്യം ചര്‍ച്ച ചെയ്യാനായി ഇന്ന് ചാലക്കുടി നഗരസഭയുടെ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. തീയേറ്ററിന് അനുമതി നല്‍കിയത് സംബന്ധിച്ച് പല ആരോപണങ്ങളും യോഗത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഉന്നയിച്ചു. 

ചൂടേറിയ ചര്‍ച്ചകള്‍ക്കൊടുവില്‍ തീയേറ്ററിന് നിര്‍മ്മാണ അനുമതി നല്‍കിയതില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഡി സിനിമാസ് അടച്ചു പൂട്ടാന്‍ നഗരസഭ തീരുമാനിക്കുകയായിരുന്നു. യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ കൗണ്‍സിലര്‍മാരും ചേര്‍ന്ന് സംയുക്തമായാണ് ഡി സിനിമാസ് അടച്ചു പൂട്ടാനുള്ള തീരുമാനമെടുത്തത്. 

തീയേറ്ററിന് നിര്‍മ്മാണ അനുമതി തേടി നഗരസഭയ്ക്ക് സമര്‍പ്പിച്ച മൂന്നോളം പ്രധാനരേഖകള്‍ വ്യാജമാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലായതിന് പിന്നാലെ ദിലീപിന്റെ ഭൂമി ഇടപാടുകളെ ചുറ്റിപ്പറ്റി പല തരം ആരോപണങ്ങള്‍ ഉയരുകയും പലയിടത്തും റീസര്‍വ്വേ നടക്കുകയും ചെയ്‌തെങ്കിലും ഇത്ര കടുത്ത നടപടിയുണ്ടാവുന്നത് ആദ്യമാണ്.