തീ വിഴുങ്ങിയ രാത്രി,  രക്ഷയായ 20 മിനിറ്റ്; ചാല ടാങ്കര്‍ ദുരന്തത്തിന് 10 വയസ്സ്


ദുരന്തത്തെക്കുറിച്ചുള്ള റിപ്പോർട്ട്‌

ചാല ടാങ്കര്‍ ദുരന്തം നടന്നിട്ട് ഓഗസ്റ്റ് 27-ന് 10 വര്‍ഷം പൂര്‍ത്തിയാകുകയാണ്. 20 പേരുടെ ജീവനെടുത്ത, ഒറ്റരാത്രികൊണ്ട് ഒരു പ്രദേശത്തിന്റെ മുഖം തന്നെ മാറ്റിയ ദുരന്തമായിരുന്നു അത്. അന്നത്തെ രാത്രി ഈ ദുരന്തം റിപ്പോര്‍ട്ട് ചെയ്ത 'മാതൃഭൂമി' കണ്ണൂര്‍ ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ ടി.സൗമ്യയും ചിത്രങ്ങള്‍ പകര്‍ത്തിയ ന്യൂസ് ഫോട്ടോഗ്രാഫര്‍ സിദ്ദിഖുല്‍ അക്ബറും കണ്ണൂരിനെനടുക്കിയ ആ സംഭവം ഓര്‍ക്കുന്നു...

2012 ഓഗസ്റ്റ് 27. അന്ന് രാത്രി ഏഴിന് ജോലികഴിഞ്ഞു പോകാനൊരുങ്ങുമ്പോള്‍ ദാ വരുന്നു ഫോണ്‍. വെട്ടേറ്റ രണ്ടുപേരെ കണ്ണൂര്‍ എ. കെ. ജി. ആശുപത്രിയില്‍ കൊണ്ടുവന്നിട്ടുണ്ട്. അവിടെ പോയി തിരിച്ചുവന്ന് ചിത്രങ്ങള്‍ കൊടുത്ത ശേഷം 11ഓടെ വീട്ടിലേക്കു വീണ്ടും പോകാനൊരുങ്ങുമ്പോള്‍ മറ്റൊരു കോള്‍. ചാലയില്‍ ലോറി ഡിവൈഡറില്‍ ഇടിച്ചു കയറി. ചാലയില്‍ ലോറി ഡിവൈഡറില്‍ ഇടിച്ചു കയറുന്നത് പതിവ് സംഭവമായതിനാല്‍ വീട്ടിലേക്ക് പോകും വഴി ഒന്ന് നോക്കിയിട്ട് പോകാമെന്നു കരുതി. അപ്പോഴതാ മറ്റൊരു കോള്‍, അന്നത്തെ ബ്യൂറോ ചീഫ് പി.പി.ശശീന്ദ്രനായിരുന്നു ഫോണില്‍. അദ്ദേഹം താമസിക്കുന്നത് ചാലയിലാണ്. വേഗം വരൂ, അല്പം ഗുരുതരമാണ്, ടാങ്കറിന് തീ പിടിച്ചിട്ടുണ്ട് -അദ്ദേഹം പറഞ്ഞു. കേട്ടപാടെ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന റിപ്പോര്‍ട്ടര്‍ ടി.സൗമ്യയെയും കൂട്ടി ഓഫീസ് കാറില്‍ സംഭവസ്ഥലത്തേക്കു പാഞ്ഞു.

ആകാശം തീ നിറത്തില്‍

താഴെചൊവ്വയില്‍ എത്തിയപ്പോഴേ അപകടത്തിന്റെ വ്യാപ്തി വിളിച്ചോതുന്ന വിധം ചാലഭാഗത്ത് ആകാശം തീ നിറത്തില്‍ പ്രകാശിതമായിരുന്നു. റോഡിനു ഇരുവശത്തും ദേശീയപാതിയിലൂടെ യാത്രചെയ്യേണ്ടുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതും റോഡ് രക്ഷാപ്രവര്‍ത്തനത്തിന് സജ്ജമാകും വിധത്തില്‍ കാലിയാക്കിയിട്ടതും ശ്രദ്ധയില്‍പ്പെട്ടു. പരിഭ്രാന്തരായി തലങ്ങും വിലങ്ങും ജനങ്ങള്‍ ഓടുന്നതും കാണാമായിരുന്നു.

മേലെ ചൊവ്വ എത്തിയപ്പോള്‍ ഏതാനും യുവാക്കള്‍ വന്ന് കാര്‍ തടഞ്ഞു. അവിടേക്കു പോകാന്‍ കഴിയില്ലെന്ന് പറഞ്ഞു. അവരുടെ ശ്രദ്ധ മറികടന്നു ചാലക്കുന്നിന്റെ താഴെവരെ കാര്‍ പോവുകയും ഞങ്ങള്‍ അവിടെ ഇറങ്ങുകയും ചെയ്തു. ആ സമയം ടാങ്കറിന്റെ ഭാഗത്തുനിന്ന് സ്‌ഫോടന ശബ്ദം കേട്ടു. കാര്‍ തിരികെ മേലെ ചൊവ്വയിലേക്ക് പാര്‍ക്കിങ്ങിനായും പോയി.

വീണ്ടും സ്‌ഫോടനം

കുന്നിറങ്ങിയ ശേഷം വളവ് തിരിഞ്ഞു ഏകദേശം മുന്നൂറ് മീറ്റര്‍ അകലെയാണ് അപകടം. ലക്ഷ്യസ്ഥാനത്തേക്ക് ആഞ്ഞു നടക്കുമ്പോള്‍ പെ?െട്ടന്ന് ഭൂമിയെ പ്രകമ്പനം കൊള്ളിക്കുമാറ് ശബ്ദത്തില്‍ പകലെന്ന പോലെ പ്രകാശം പരത്തി വീണ്ടും സ്‌ഫോടനം. ആ വെളിച്ചത്തില്‍ ഞങ്ങള്‍ കണ്ടത് റോഡിനിരുവശത്തുമായി നിര്‍ത്തിയിട്ടിരിക്കുന്ന ഭീമന്‍ ടാങ്കര്‍ ലോറികളാണ്.ശബ്ദവും വെളിച്ചവും കാഴ്ചയും വല്ലാതെ ഭയപ്പെടുത്തിയെങ്കിലും ഞങ്ങള്‍ വീണ്ടും മുന്നോട്ടു നടന്നു. അപ്പോഴേക്കും രക്ഷാപ്രവര്‍ത്തനത്തിനായുള്ള അഗ്‌നിരക്ഷാസേനയുടെ ആദ്യവാഹനം ഞങ്ങളെ കടന്നുപോയി.

കുന്നിറങ്ങി വളവില്‍ എത്തിയപ്പോള്‍ ഞങ്ങളെ കടന്നുപോയ അഗ്‌നിരക്ഷാസേനയുടെ വാഹനം അവിടെ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ടു. അവിടെ നിന്നാല്‍ അപകടത്തില്‍പ്പെട്ട ടാങ്കര്‍ കാണാം. അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു, 'ഇനിയും സ്‌ഫോടനത്തിന് സാധ്യതയുണ്ട് അടുത്തേക്ക് പോകേണ്ട' .

അവിടെ നിന്നും ചിത്രങ്ങള്‍ പകര്‍ത്താന്‍ തുടങ്ങിയപ്പോള്‍ മൂന്നാമതും സ്‌ഫോടനം. രണ്ടാമത്തേതിന്റെയത്ര തീവ്രമായിരുന്നില്ല അത്. പത്തു മിനിറ്റ് കാത്തു നിന്നശേഷം അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥരുടെ കൂടെ ഞങ്ങളും അടുത്തേക്ക് പോയി. അപ്പോഴേക്കും കൂടുതലാളുകള്‍ ഓടിയെത്തി.

ഇരുട്ടിലെ രക്ഷാപ്രവര്‍ത്തനം

കത്തിനശിച്ച വീടുകളില്‍നിന്ന് രക്ഷാപ്രവര്‍ത്തകര്‍ പൊള്ളലേറ്റവരെ പുറത്തെത്തിക്കാന്‍ തുടങ്ങി. വൈദ്യുതിബന്ധം വിച്ഛേദിച്ചതിനാല്‍ പ്രദേശമാകെ ഇരുട്ടിലായിരുന്നു. കരച്ചിലും ബഹളവും പലഭാഗത്തുനിന്നും കേള്‍ക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ റോഡില്‍ ഒരാളെ കൊണ്ടുവന്നിരുത്തി. ശരീരമാസകലം പൊള്ളലേറ്റ് തൊലിയും മുടിയുമെല്ലാം കരിഞ്ഞുപോയിട്ടുണ്ട്.

പൊള്ളലേറ്റ കാലുകളില്‍ എന്തോ ലോഹഭാഗം കുത്തികയറിയിട്ടുണ്ട്. ദേഹത്ത് ആരോ വെള്ളമുണ്ട് പുതപ്പിച്ചു.

ഇരിക്കുന്ന അതേരൂപത്തില്‍ അദ്ദേഹത്തെ പോലീസ് ജീപ്പില്‍ കയറ്റി ആസ്പത്രിയിലേക്ക് കൊണ്ടുപോയി. വേദനകൊണ്ട് പുളയുന്നവരില്‍ കൊച്ചുകുട്ടികളടക്കമുണ്ടായിരുന്നു. 33 പേര്‍ക്ക് പരിക്കേറ്റു. 17 പേരുടെ നില ഗുരുതരമായിരുന്നു.

പിന്നീടുള്ള ദിവസങ്ങളിലാണ് പലരും മരണത്തിന് കീഴടങ്ങിയത്. പത്രം അച്ചടിക്കുംമുന്‍പ് മടങ്ങുന്നതിനിടെ കാറിലിരുന്ന് ഫോണിലൂടെ വാര്‍ത്ത ഡെസ്‌കിലേക്ക് കൈമാറി. പുലര്‍ച്ചെ രണ്ടിനാണ് ഓഫീസില്‍നിന്നിറങ്ങിയത്.

ചാലയിലുണ്ടായിരുന്ന പോലീസുകാര്‍ക്ക് കൈയിലുണ്ടായിരുന്ന പത്രവും നല്‍കി അതുവഴി പോകുമ്പോഴും തീ പൂര്‍ണമായും അണഞ്ഞിരുന്നില്ല.

10 വര്‍ഷമായിട്ടും പ്രദേശത്തുകാരുടെ മനസ്സില്‍ ഇന്നും അണയാതെ കത്തുന്നുണ്ട് ആ തീ.

രക്ഷയായ 20 മിനിറ്റ്
രക്ഷയ്‌ക്കെത്തിയത് 20 മിനിറ്റും പിന്നിലെ ലോറി ഡ്രൈവറും. നിരവധി പേരുടെ ജീവന്‍ രക്ഷിച്ച് അപകടത്തിന്റെ വ്യാപ്തി കുറച്ചത് ദുരന്തത്തിനിടയില്‍ കിട്ടിയ 20 മിനിറ്റ് സമയമാണ്. 20 മിനിറ്റോളം വാതകം ചോര്‍ന്നതിന് ശേഷമായിരുന്നു മൂന്ന് സ്‌ഫോടനവും. അതിനാല്‍ നിരവധി പേര്‍ക്ക് രക്ഷപ്പെടാനായി.

വാതകച്ചോര്‍ച്ച സമീപത്തെ വീട്ടുകാരെ അറിയിച്ചത് ടാങ്കറിന് പിന്നാലെയെത്തിയ മറ്റൊരു ലോറിയുടെ ഡ്രൈവറായിരുന്നു. ഡ്രൈവര്‍ അപകടം മനസ്സിലാക്കി ലോറി പിന്നോട്ടെടുത്തു. സമീപത്തെ വീടുകളില്‍ കയറി വാതകം ചോരുന്ന വിവരം അറിയിച്ചു. ഇതോടെയാണ് സമീപവാസികള്‍ വീടുവിട്ട് ഇറങ്ങിയോടിയത്.

ചാലയുടെ മുഖം മാറി

ടാങ്കര്‍ദുരന്തത്തിനു ശേഷം ചാലയുടെ മുഖം മാറി. നാല് വികസനപദ്ധതികളാണ് ഈ ചെറുപ്രദേശത്ത് നടക്കാനിരിക്കുന്നത്. ദുരന്തത്തിന് ഇരയായവരുള്‍പ്പെടെയുള്ളവരുടെ വീടും സ്ഥലവും ഇതിനായി വിട്ടുനല്‍കേണ്ടിവന്നു. റോഡരികിലെ വീടുകളെല്ലാം പൊളിച്ചുമാറ്റി ദേശീയപാതാ വികസനത്തിന് വഴിയൊരുക്കുകയാണിപ്പോള്‍. ഡേറ്റാ ബാങ്കിലുള്‍പ്പെട്ട സ്ഥലമാണെന്ന് പറഞ്ഞ് സെന്റിന് ഒന്നരലക്ഷം രൂപയാണ് നല്‍കിയത്. സെന്റിന് 10 ലക്ഷത്തോളം കിട്ടുന്ന സ്ഥലമാണിതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആദ്യം കനാലിനായാണ് ഇവിടത്തുകാര്‍ സ്ഥലം വിട്ടുനല്‍കേണ്ടി വന്നത്. ശേഷം താഴെചൊവ്വ-നടാല്‍ ബൈപ്പാസിനായും സ്ഥലം നല്‍കി. ഇപ്പോള്‍ ദേശീയപാതാ വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിനുപുറമെ, ജലപാതയ്ക്കായും സ്ഥലം അളക്കുകയും സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സര്‍വേക്കല്ലിടുകയും ചെയ്തിട്ടുണ്ട്. ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിരുന്നു. ഇത് കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു. എന്നാല്‍, ആശ്രിതരുടെ കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വാഗ്ദാനം ഇതുവരെ നടപ്പായിട്ടില്ല.

2012 ഓഗസ്റ്റ് 27- ഉത്രാടത്തലേന്ന് രാത്രി 10.45-നാണ് ചാല ടാങ്കര്‍ ലോറി ദുരന്തം നടന്നത്. മംഗളൂരുവില്‍നിന്ന് പാചകവാതകവുമായി പോകുകയായിരുന്ന ടാങ്കര്‍ലോറിയാണ് അപകടത്തില്‍പെട്ടത്. ചാലക്കുന്ന് ഇറക്കത്തിലുള്ള ഡിവൈഡറിലേക്ക് ഇടിച്ചുകയറി ലോറി മറിയുകയായിരുന്നു. പാചകവാതകം ചോര്‍ന്നതോടെ വാഹനത്തിന്റെ ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. പിന്നാലെയെത്തിയ മറ്റൊരു ലോറിയുടെ ഡ്രൈവറാണ് അപകടവിവരം സമീപവാസികളെ അറിയിക്കുന്നത്. തുടര്‍ന്ന് പ്രദേശവാസികള്‍ വീടുവീട്ട് ചാലക്കുന്നിന് മുകളിലേക്കും തോട്ടടയിലേക്കും സാധു പാര്‍ക്കിന് സമീപത്തേക്കുമെല്ലാമായി ഓടിരക്ഷപ്പെട്ടു. 20 മിനിറ്റിനുശേഷം ഉഗ്രശബ്ദത്തോടെ ടാങ്കര്‍ പൊട്ടിത്തെറിച്ചു. ഒന്നരക്കിലോമീറ്ററോളം ദൂരത്തിലേക്ക് തീ പടര്‍ന്നിരുന്നു. സമീപത്തെ വീടുകളും കടകളുമെല്ലാം കത്തിനശിച്ചു. പ്രായമായവരും കിടപ്പിലായവരുമാണ് ഓടിരക്ഷപ്പെടാനാകാതെ പരിക്കേറ്റവരില്‍ അധികവും. കുട്ടികളടക്കം നിരവധിപേര്‍ക്ക് പൊള്ളലേറ്റു. ആദ്യദിനം 33 പേര്‍ക്ക് പരിക്കേറ്റതായും ഇതില്‍ 17 പേരുടെ നില ഗുരുതരമാണെന്നുമായിരുന്നു വിവരം. അടുത്ത ദിവസങ്ങളില്‍ ഗുരുതരമായി പൊള്ളലേറ്റ പലരും മരണത്തിന് കീഴടങ്ങി. 20 പേരുടെ ജീവനെടുത്തു ചാല ടാങ്കര്‍ ലോറി ദുരന്തം.

രാത്രി മഴപെയ്ത് തോര്‍ന്നിരുന്നു. ശ്രദ്ധിക്കണം, മരം വീണോ മറ്റോ ഫോണ്‍വിളി വരാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞതേയുള്ളൂ. 10.55-ഓടെ വിളിയെത്തി മറ്റൊരു അപകടമറിയിച്ച്. ചാലയില്‍ ടാങ്കര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്ന് മാത്രമാണ് അറിഞ്ഞത്. അന്നത്തെ അസി. സ്റ്റേഷന്‍ ഓഫീസര്‍ ടി.ജേക്കബ് സാറിന്റെ നേതൃത്വത്തില്‍ അന്ന് ലീഡിങ് ഫയര്‍മാനായിരുന്ന ഞാനും സംഘവും അങ്ങോട്ട് തിരിച്ചു.

താഴെചൊവ്വയില്‍ എത്തുമ്പോള്‍ ആകാശം തീനിറമായിരുന്നു. ചാലയില്‍ വാഹനം നിര്‍ത്തുമ്പോള്‍ ടാങ്കര്‍ കത്തുന്നതാണ് കണ്ടത്. അടുത്തുപോകാന്‍ പറ്റുന്നില്ല. 30 മീറ്ററോളം അകലെ മാറിനിന്നു. കുറച്ചുപേര്‍ തീയണയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. അവര്‍ ഞങ്ങളോടും വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അപകടസാധ്യത മുന്നില്‍ക്കണ്ട അവരോട് മാറാന്‍ പറഞ്ഞെങ്കിലും ചിലര്‍ അവിടെത്തന്നെ നിന്നു. നിമിഷങ്ങള്‍ക്കകം സ്‌ഫോടനം നടന്നു. മുകളില്‍നിന്നായിരുന്നു പൊട്ടിത്തെറി. അതോടെ തീ കുറഞ്ഞു. പിന്നെ ചിന്തിച്ചുനില്‍ക്കാതെ ജീവന്‍ പണയംവെച്ചും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. മുന്നറിയിപ്പ് കേള്‍ക്കാതെ തീയണയ്ക്കാന്‍ ശ്രമിച്ച പലര്‍ക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇവരെ ആസ്പത്രിയിലെത്തിക്കാന്‍ വാഹനത്തിലേക്ക് മാറ്റി. കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. എങ്ങനെയോ മൊബൈല്‍ എടുത്ത് ജില്ലാ ഫയര്‍ ഓഫീസര്‍ റെനി ലൂക്കോസ്, സ്റ്റേഷന്‍ ഓഫീസര്‍ കെ.രാജീവന്‍ എന്നിവരെ വിവരമറിയിച്ചു. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്ന്. ചാലയുടെ ഉള്‍ഭാഗങ്ങളിലുള്ള വീടുകള്‍ക്കും നാശമുണ്ടായിരുന്നു. ചെടികളും വാഹനങ്ങളുമെല്ലാം കത്തിക്കരിഞ്ഞിരുന്നു. പലഭാഗത്തുനിന്നും തീ ഉയരുന്നുണ്ടായിരുന്നു. ഭാഗ്യംകൊണ്ടാണ് ജീവന്‍ രക്ഷപ്പെട്ടത്. ടാങ്കര്‍ ചെരിഞ്ഞാണ് വീണിരുന്നത്. റോഡിന് സമാന്തരമായിരുന്നെങ്കില്‍ ഞങ്ങളുടെ വാഹനമടക്കം സ്‌ഫോടനത്തില്‍ കത്തിക്കരിയുമായിരുന്നു.

18 ടണ്‍ പാചകവാതകമാണ് അന്ന് പൊട്ടിത്തെറിച്ചത്. അതായത് വീടുകളില്‍ ഉപയോഗിക്കുന്ന 1200 സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചാലുണ്ടാകുന്ന അവസ്ഥ. പുലര്‍ച്ചെ ആറുമണിയോടെയാണ് തീ പൂര്‍ണമായും അണയ്ക്കാനായത്. ചാലയില്‍ ഈയടുത്ത് ടാങ്കര്‍ മറിഞ്ഞ് അപകടമുണ്ടായപ്പോള്‍ സ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേനാംഗങ്ങളിലും ഞാനുണ്ടായിരുന്നു.


രാജന്റെ ശേഖരത്തിലുണ്ട് ആ ദിനങ്ങള്‍

മാതൃഭൂമി പത്രത്തില്‍ ദുരന്തവുമായി ബന്ധപ്പെട്ട്
വന്ന വാര്‍ത്തകള്‍ കീനാരി രാജന്‍ ലാമിനേറ്റ് ചെയ്ത് സൂക്ഷിച്ചനിലയില്‍

കണ്ണൂര്‍: ചാല ഗ്യാസ് ടാങ്കര്‍ ദുരന്തത്തിന്റെ ആദ്യദിനം മാതൃഭൂമി പത്രത്തിന്റെ ഒന്നാംപേജില്‍ വന്ന വാര്‍ത്ത, തുടര്‍ദിവസങ്ങളിലുണ്ടായ മരണങ്ങള്‍, അപകടത്തില്‍പ്പെട്ടവരുടെ വിവരങ്ങള്‍, അധികൃതരുടെ ഇടപെടല്‍, നഷ്ടപരിഹാര വിതരണം അങ്ങനെ മാതൃഭൂമിയില്‍ വന്ന അപകടത്തിന്റെ എല്ലാ വിവരങ്ങളുമുണ്ട് കീനാരി രാജന്റെ ശേഖരത്തില്‍. അതും തീയതിയടക്കം വൃത്തിയായി ലാമിനേറ്റ് ചെയ്ത നിലയില്‍. അപകടവുമായി ബന്ധമൊന്നുമില്ലെങ്കിലും രാജന്‍ എല്ലാം സൂക്ഷിച്ചുവെച്ചിട്ടുണ്ട്.

ചാലയിലെ അപകട വാര്‍ത്ത മാത്രമല്ല രാജന്റെ ശേഖരത്തിലുള്ളത്. 25 വര്‍ഷമായി മാതൃഭൂമിക്കൊപ്പമുണ്ട് അദ്ദേഹം. മാതൃഭൂമി പത്രത്തിലെ മികച്ച വാര്‍ത്തകള്‍, ഫോട്ടോകള്‍, നര്‍മഭൂമി, കാഴ്ച, വിദ്യ, ചരിത്രത്തിലാദ്യം, ചരിത്രത്തിലിന്ന്, കോലത്തുനാട്ടിലൂടെ, കോവിഡ് വാര്‍ത്തകള്‍, വെള്ളപ്പൊക്കം, സുനാമി അങ്ങനെ മാതൃഭൂമിയില്‍ വന്ന വാര്‍ത്തകളും കോളങ്ങളും സപ്ലിമെന്റുകളുമെല്ലാം പലവിഭാഗങ്ങളായി തിരിച്ച് തീയതി കുറിച്ച് ശേഖരിച്ചിട്ടുണ്ട്.

25 വര്‍ഷം മുന്‍പ് തുടങ്ങിയ പതിവാണ് 70-ാം വയസ്സിലും തുടരുന്നത്. പൊടിക്കുണ്ട്, കേളു ആപ്പന്‍ കടയ്ക്ക് സമീപം രുഗ്മയെന്ന വീട്ടില്‍ ഭാര്യ ഗീതയ്‌ക്കൊപ്പമാണ് താമസം. മക്കള്‍: റൈജേഷ്, രാഗേഷ്, റജിന, റനില്‍.


ഉറ്റവരെ ടാങ്കര്‍ കൊണ്ടുപോയി; വീട് റോഡും

ചാല: ടാങ്കര്‍ ദുരന്തം നടന്ന് 10 വര്‍ഷം കഴിഞ്ഞിട്ടും അതിന്റെ ഞെട്ടലില്‍നിന്ന് പൂര്‍ണമായും മുക്തനാകാന്‍ കഴിഞ്ഞിട്ടില്ല വാഴയില്‍ സന്തോഷിന്. ദുരന്തത്തില്‍ അമ്മയെയും രണ്ട് സഹോദരിമാരെയുമാണ് സന്തോഷിന് നഷ്ടപ്പെട്ടത്.

സന്തോഷും അമ്മ ഓമനയമ്മയും സഹോദരി ഗീതയുമായിരുന്നു താമസിച്ചിരുന്നത്. മറ്റൊരു സഹോദരി രമാദേവി ആറ്റടപ്പയിലാണ്. ബന്ധുവിന്റെ കല്യാണത്തിന് ചാലയില്‍ വന്നതായിരുന്നു രമാദേവി. 27-ന് വൈകിട്ട് വിവാഹസത്കാരത്തിന് മൂന്നുപെരിയ താജ് ഓഡിറ്റോറിയത്തില്‍ പോയതായിരുന്നു സന്തോഷ്. മറ്റുള്ളവര്‍ സത്കാരത്തിന് പോയില്ല. രാത്രി 10.45-ഓടെ ടാങ്കര്‍ മറിഞ്ഞ് തീപ്പിടിച്ച വിവരമറിഞ്ഞാണ് ചാലയിലെത്തിയത്. ചാലയിലെത്തിയപ്പോള്‍ കണ്ട കാഴ്ച അതിഭീകരമായിരുന്നു.

ഭയന്ന് വീട്ടിലെത്തിയ സന്തോഷ് ഒരിക്കലും മറക്കാന്‍ കഴിയാത്ത കാഴ്ചകളാണ് കണ്ടത്. പൊള്ളലേറ്റ രണ്ട് സഹോദരിമാരും അമ്മയും. സഹോദരിമാരെ ആരൊക്കെയോ ചേര്‍ന്ന് കണ്ണൂരിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോയി. ആ വാഹനത്തില്‍ സൗകര്യമില്ലാത്തതു കാരണം അമ്മയെ പോലീസ് വണ്ടിയില്‍ തലശ്ശേരിയിലെത്തിച്ചു. അവിടെനിന്ന് ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പക്ഷേ രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അമ്മ മരിച്ചു. പിറകെ രണ്ട് സഹോദരിമാരും മരിച്ചു.

കത്തിനശിച്ച വീട് എങ്ങനെയെല്ലാമോ അറ്റകുറ്റപ്പണി നടത്തി. ദേശീയപാതയ്ക്കുവേണ്ടി വീട് വിട്ടുകൊടുക്കേണ്ടി വന്നു. എന്നാല്‍ നിസ്സാരമായ നഷ്ടപരിഹാരമാണ് റോഡ് അധികൃതര്‍ നല്‍കിയത്. സ്വന്തമായി വീടില്ലാത്ത സന്തോഷ് ഇപ്പോള്‍ മട്ടന്നൂരിലെ ഭാര്യവീട്ടിലും എളയാവൂരിലെ സഹോദരിയുടെ വീട്ടിലുമൊക്കെയാണ് കഴിയുന്നത്.

Content Highlights: Chala LPG tanker disaster


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented