തീവിഴുങ്ങിയ രാത്രി,മരണത്തോട് മല്ലിട്ട ദിവസങ്ങള്‍..പത്താം വര്‍ഷത്തിലും നടുക്കം മാറാതെ ചാല


ആവര്‍ത്തിച്ച് സ്ഫോടനം, തീ നിറത്തിലെ ആകാശം, മരണത്തോട് മല്ലിട്ട് ആളുകള്‍..

ഫോട്ടോ: സിദ്ദിഖുൽ അക്ബർ

ചാല ടാങ്കർ ദുരന്തം നടന്നിട്ട് ഓഗസ്റ്റ് 27-ന് 10 വർഷം പൂർത്തിയാകുകയാണ്. 20 പേരുടെ ജീവനെടുത്ത, ഒറ്റരാത്രികൊണ്ട് ഒരു പ്രദേശത്തിന്റെ മുഖം തന്നെ മാറ്റിയ ദുരന്തമായിരുന്നു അത്. അന്നത്തെ രാത്രി ഈ ദുരന്തം റിപ്പോർട്ട് ചെയ്ത 'മാതൃഭൂമി' കണ്ണൂർ ബ്യൂറോയിലെ റിപ്പോർട്ടർ ടി.സൗമ്യയും ചിത്രങ്ങൾ പകർത്തിയ ന്യൂസ് ഫോട്ടോഗ്രാഫർ സിദ്ദിഖുൽ അക്ബറും കണ്ണൂരിനെ നടുക്കിയ ആ സംഭവം ഓർക്കുന്നു...

2012 ഓഗസ്റ്റ് 27. അന്ന് രാത്രി ഏഴിന് ജോലികഴിഞ്ഞു പോകാനൊരുങ്ങുമ്പോൾ ദാ വരുന്നു ഫോൺ. വെട്ടേറ്റ രണ്ടുപേരെ കണ്ണൂർ എ. കെ. ജി. ആശുപത്രിയിൽ കൊണ്ടുവന്നിട്ടുണ്ട്. അവിടെ പോയി തിരിച്ചുവന്ന് ചിത്രങ്ങൾ കൊടുത്ത ശേഷം 11 മണിയോടെ വീട്ടിലേക്കു വീണ്ടും പോകാനൊരുങ്ങുമ്പോൾ മറ്റൊരു കോൾ. ചാലയിൽ ലോറി ഡിവൈഡറിൽ ഇടിച്ചു കയറി. ചാലയിൽ ലോറി ഡിവൈഡറിൽ ഇടിച്ചു കയറുന്നത് പതിവ് സംഭവമായതിനാൽ വീട്ടിലേക്ക് പോകും വഴി ഒന്ന് നോക്കിയിട്ട് പോകാമെന്നു കരുതി. അപ്പോഴതാ മറ്റൊരു കോൾ, അന്നത്തെ ബ്യൂറോ ചീഫ് പി.പി.ശശീന്ദ്രനായിരുന്നു ഫോണിൽ. അദ്ദേഹം താമസിക്കുന്നത് ചാലയിലാണ്. വേഗം വരൂ, അല്പം ഗുരുതരമാണ്, ടാങ്കറിന്‌ തീ പിടിച്ചിട്ടുണ്ട് -അദ്ദേഹം പറഞ്ഞു. കേട്ടപാടെ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന റിപ്പോർട്ടർ ടി.സൗമ്യയെയും കൂട്ടി ഓഫീസ് കാറിൽ സംഭവസ്ഥലത്തേക്കു പാഞ്ഞു.

ആകാശം തീ നിറത്തിൽ

താഴെചൊവ്വയിൽ എത്തിയപ്പോഴേ അപകടത്തിന്റെ വ്യാപ്തി വിളിച്ചോതുന്ന വിധം ചാലഭാഗത്ത് ആകാശം തീ നിറത്തിൽ പ്രകാശിതമായിരുന്നു. റോഡിനു ഇരുവശത്തും ദേശീയപാതിയിലൂടെ യാത്രചെയ്യേണ്ടുന്ന വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നതും റോഡ് രക്ഷാപ്രവർത്തനത്തിന് സജ്ജമാകും വിധത്തിൽ കാലിയാക്കിയിട്ടതും ശ്രദ്ധയിൽപ്പെട്ടു. പരിഭ്രാന്തരായി തലങ്ങും വിലങ്ങും ജനങ്ങൾ ഓടുന്നതും കാണാമായിരുന്നു.

മേലെ ചൊവ്വ എത്തിയപ്പോൾ ഏതാനും യുവാക്കൾ വന്ന് കാർ തടഞ്ഞു. അവിടേക്കു പോകാൻ കഴിയില്ലെന്ന് പറഞ്ഞു. അവരുടെ ശ്രദ്ധ മറികടന്നു ചാലക്കുന്നിന്റെ താഴെവരെ കാർ പോവുകയും ഞങ്ങൾ അവിടെ ഇറങ്ങുകയും ചെയ്തു. ആ സമയം ടാങ്കറിന്റെ ഭാഗത്തുനിന്ന് സ്ഫോടന ശബ്ദം കേട്ടു. കാർ തിരികെ മേലെ ചൊവ്വയിലേക്ക് പാർക്കിങ്ങിനായും പോയി.

വീണ്ടും സ്ഫോടനം

കുന്നിറങ്ങിയ ശേഷം വളവ് തിരിഞ്ഞു ഏകദേശം മുന്നൂറ് മീറ്റർ അകലെയാണ് അപകടം. ലക്ഷ്യസ്ഥാനത്തേക്ക് ആഞ്ഞു നടക്കുമ്പോൾ പെ​െട്ടന്ന് ഭൂമിയെ പ്രകമ്പനം കൊള്ളിക്കുമാറ് ശബ്ദത്തിൽ പകലെന്ന പോലെ പ്രകാശം പരത്തി വീണ്ടും സ്ഫോടനം. ആ വെളിച്ചത്തിൽ ഞങ്ങൾ കണ്ടത് റോഡിനിരുവശത്തുമായി നിർത്തിയിട്ടിരിക്കുന്ന ഭീമൻ ടാങ്കർ ലോറികളാണ്.ശബ്ദവും വെളിച്ചവും കാഴ്ചയും വല്ലാതെ ഭയപ്പെടുത്തിയെങ്കിലും ഞങ്ങൾ വീണ്ടും മുന്നോട്ടു നടന്നു. അപ്പോഴേക്കും രക്ഷാപ്രവർത്തനത്തിനായുള്ള അഗ്നിരക്ഷാസേനയുടെ ആദ്യവാഹനം ഞങ്ങളെ കടന്നുപോയി.

കുന്നിറങ്ങി വളവിൽ എത്തിയപ്പോൾ ഞങ്ങളെ കടന്നുപോയ അഗ്നിരക്ഷാസേനയുടെ വാഹനം അവിടെ നിർത്തിയിട്ടിരിക്കുന്നത് കണ്ടു. അവിടെ നിന്നാൽ അപകടത്തിൽപ്പെട്ട ടാങ്കർ കാണാം. അഗ്നിരക്ഷാസേന ഉദ്യോഗസ്‌ഥർ പറഞ്ഞു, ‘ഇനിയും സ്ഫോടനത്തിന് സാധ്യതയുണ്ട് അടുത്തേക്ക് പോകേണ്ട’ .

അവിടെ നിന്നും ചിത്രങ്ങൾ പകർത്താൻ തുടങ്ങിയപ്പോൾ മൂന്നാമതും സ്ഫോടനം. രണ്ടാമത്തേതിന്റെയത്ര തീവ്രമായിരുന്നില്ല അത്. പത്തു മിനിറ്റ് കാത്തു നിന്നശേഷം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരുടെ കൂടെ ഞങ്ങളും അടുത്തേക്ക് പോയി. അപ്പോഴേക്കും കൂടുതലാളുകൾ ഓടിയെത്തി.

ഇരുട്ടിലെ രക്ഷാപ്രവർത്തനം

കത്തിനശിച്ച വീടുകളിൽനിന്ന് രക്ഷാപ്രവർത്തകർ പൊള്ളലേറ്റവരെ പുറത്തെത്തിക്കാൻ തുടങ്ങി. വൈദ്യുതിബന്ധം വിച്ഛേദിച്ചതിനാൽ പ്രദേശമാകെ ഇരുട്ടിലായിരുന്നു. കരച്ചിലും ബഹളവും പലഭാഗത്തുനിന്നും കേൾക്കുന്നുണ്ട്. രക്ഷാപ്രവർത്തകർ റോഡിൽ ഒരാളെ കൊണ്ടുവന്നിരുത്തി. ശരീരമാസകലം പൊള്ളലേറ്റ് തൊലിയും മുടിയുമെല്ലാം കരിഞ്ഞുപോയിട്ടുണ്ട്.

പൊള്ളലേറ്റ കാലുകളിൽ എന്തോ ലോഹഭാഗം കുത്തികയറിയിട്ടുണ്ട്. ദേഹത്ത് ആരോ വെള്ളമുണ്ട് പുതപ്പിച്ചു.

ഇരിക്കുന്ന അതേരൂപത്തിൽ അദ്ദേഹത്തെ പോലീസ് ജീപ്പിൽ കയറ്റി ആസ്പത്രിയിലേക്ക് കൊണ്ടുപോയി. വേദനകൊണ്ട്‌ പുളയുന്നവരിൽ കൊച്ചുകുട്ടികളടക്കമുണ്ടായിരുന്നു. 33 പേർക്ക് പരിക്കേറ്റു. 17 പേരുടെ നില ഗുരുതരമായിരുന്നു.

പിന്നീടുള്ള ദിവസങ്ങളിലാണ്‌ പലരും മരണത്തിന് കീഴടങ്ങിയത്. പത്രം അച്ചടിക്കുംമുൻപ്‌ മടങ്ങുന്നതിനിടെ കാറിലിരുന്ന് ഫോണിലൂടെ വാർത്ത ഡെസ്കിലേക്ക് കൈമാറി. പുലർച്ചെ രണ്ടിനാണ് ഓഫീസിൽനിന്നിറങ്ങിയത്.

ചാലയിലുണ്ടായിരുന്ന പോലീസുകാർക്ക് കൈയിലുണ്ടായിരുന്ന പത്രവും നൽകി അതുവഴി പോകുമ്പോഴും തീ പൂർണമായും അണഞ്ഞിരുന്നില്ല.

10 വർഷമായിട്ടും പ്രദേശത്തുകാരുടെ മനസ്സിൽ ഇന്നും അണയാതെ കത്തുന്നുണ്ട് ആ തീ.

Content Highlights: Chala LPG tanker disaster


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented