Idukki Dam | Photo - P.P Ratheesh Mathrubhumi archives
കൊച്ചി: ജലവൈദ്യുതോത്പാദനം ഉയര്‍ത്താന്‍ കേന്ദ്ര ഊര്‍ജമന്ത്രാലയം ഒരുങ്ങുന്നു. സംസ്ഥാനങ്ങള്‍ നിശ്ചിതശതമാനം സൗരോര്‍ജം വാങ്ങി ഉപയോഗിക്കണമെന്ന നിബന്ധന മാറ്റി. പകരം നിശ്ചിതശതമാനം ജലവൈദ്യുതി ഉപയോഗിക്കണമെന്നാണ് മന്ത്രാലയത്തിന്റെ പുതിയ മാര്‍ഗരേഖ. കേരളത്തിന് സാമ്പത്തികമായി ഏറെ പ്രയോജനംചെയ്യുന്നതാണ് കേന്ദ്രതീരുമാനം.
പുനരുപയോഗ ഊര്‍ജോപഭോഗം സംബന്ധിച്ച മാര്‍ഗരേഖയാണ് കേന്ദ്രം പുറത്തിറക്കിയത്. സംസ്ഥാനങ്ങളുടെ ആകെ ഉപഭോഗത്തിന്റെ നിശ്ചിതശതമാനം സൗരോര്‍ജ വൈദ്യുതി ഉപയോഗിക്കണമെന്നായിരുന്നു നിലവിലെ രീതി. പുതിയ ഉത്തരവില്‍ സൗരോര്‍ജത്തിനുപകരം ജലവൈദ്യുതി ഇടംപിടിച്ചു.
ഉപഭോഗംകൂടുതലുള്ള സമയങ്ങളില്‍ ജലവൈദ്യുത പദ്ധതികളാണ് പ്രയോജനംചെയ്യുകയെന്ന തിരിച്ചറിവിലാണ് കളംമാറ്റം. ജലവൈദ്യുതിയുടെ ഉത്പാദനച്ചെലവ് കുറഞ്ഞതും പരിഗണിച്ചു. കല്‍ക്കരിക്ഷാമംമൂലം വൈദ്യുതിതടസ്സമുണ്ടായകാലത്ത് സൗരോര്‍ജം പ്രയോജനപ്പെട്ടില്ലെന്നതും ഊര്‍ജമന്ത്രാലയം കണക്കിലെടുത്തു.
കേരളത്തിന് രണ്ടുണ്ട് നേട്ടം
സൗരോര്‍ജം പുറമേനിന്ന് വാങ്ങേണ്ടിവരില്ലെന്നതാണ് കേരളത്തിനുണ്ടാകുന്ന ഒരുനേട്ടം. ആകെയുള്ള 26,000 ദശലക്ഷം യൂണിറ്റ് ഉപഭോഗത്തിന്റെ 6.75 ശതമാനമാണ് കേരളം 2021-'22-ല്‍ ഉപയോഗിക്കേണ്ടിയിരുന്ന സൗരോര്‍ജം. തൊട്ടുമുന്‍വര്‍ഷം ഇത് 5.25 ശതമാനമായിരുന്നു. ഇതുനിറവേറ്റാന്‍ കേരളമുള്‍പ്പെടെ ഉയര്‍ന്ന വിലയ്ക്ക് സൗരോര്‍ജ വൈദ്യുതി പുറമേനിന്ന് വാങ്ങി ഉപയോഗിച്ചിരുന്നു. യൂണിറ്റിന് 17 രൂപയുണ്ടായിരുന്ന 2010 മുതല്‍ സൗരോര്‍ജ വൈദ്യുതി വാങ്ങുന്നു. നിലവില്‍ യൂണിറ്റിന് 2.44 രൂപ നല്‍കണം. ജലവൈദ്യുതിക്ക് യൂണിറ്റിന് ഒരുരൂപയില്‍താഴെ ഉത്പാദനം സാധ്യമാണെന്നിരിക്കേയാണിത്.
ജലവൈദ്യുതപദ്ധതികളില്‍നിന്നുള്ള ഉത്പാദനം പുനരുപയോഗത്തിനായി പ്രയോജനപ്പെടുത്താനായാല്‍ വന്‍ സാമ്പത്തികലാഭവും കേരളത്തിനുണ്ടാകും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറിയപങ്കും കല്‍ക്കരി വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. ജലവൈദ്യുതി നിശ്ചിതശതമാനം ഉപയോഗിക്കണമെന്ന നിബന്ധന വന്നതോടെ കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന ജലവൈദ്യുതിക്ക് ആവശ്യക്കാര്‍ കൂടും. പകല്‍ അധികംവരുന്ന വൈദ്യുതി ലാഭത്തില്‍ വില്‍ക്കാനും സാധിക്കും. ജലവൈദ്യുതി ആവശ്യത്തിന് ലഭ്യമല്ലെങ്കില്‍ മറ്റ് പുനരുപയോഗ വൈദ്യുതിയില്‍നിന്ന് എടുക്കാമെന്നും ഉത്തരവിലുണ്ട്.
Content Highlights: hydro electric power Kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..