എ വിജയരാഘവൻ | Photo: Mathrubhumi
തിരുവനന്തപുരം: വാക്സിന് നയംമാറ്റം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്നും കേരളം ആവശ്യപ്പെട്ട ഡോസ് വാക്സിന് സൗജന്യമായി നല്‍കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്. 50 ലക്ഷം ഡോസ് ആവശ്യപ്പെട്ടതില്‍ അഞ്ചര ലക്ഷം മാത്രമാണ് ഇതുവരെ നല്‍കിയത്. വാക്സിന് കിട്ടാത്തതുമൂലം കേരളം കടുത്ത പ്രയാസം നേരിടുകയാണ്. സംസ്ഥാനം സ്വന്തം നിലയ്ക്ക് വാക്സിന് വാങ്ങണമെന്ന നിലപാട് കനത്ത സാമ്പത്തിക ഭാരം അടിച്ചേല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാക്സിന് ക്ഷാമം രൂക്ഷമായിട്ടും കേന്ദ്ര സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. കോവിഡ് പടര്‍ന്ന് പിടിക്കുമ്പോഴും കൊള്ളയ്ക്ക് അവസരം തേടുകയാണ് കേന്ദ്ര സര്‍ക്കാര്‍. വാക്സിന് നയം മാറ്റം ഇതിന് തെളിവാണ്. വാക്സിന് കയറ്റുമതിയിലൂടെ ലാഭം നേടാനാണ് ശ്രമം. വാക്സിന് ഉത്പാദനത്തിന്റെ അമ്പത് ശതമാനം കൈവശമാക്കി കയറ്റുമതി ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഡോസിന് 150 രൂപയ്ക്ക് കേന്ദ്രത്തിന് തുടര്‍ന്നും വാക്സിന് കിട്ടും. അത് കയറ്റുമതി ചെയ്യും. കമ്പനികള്‍ നിശ്ചയിക്കുന്ന കൂടിയ വിലയ്ക്ക് സംസ്ഥാനങ്ങള്‍ വാക്സിന് വാങ്ങണമെന്നത് ക്രൂരതയാണ്. കോവിഡ് പ്രതിരോധത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വവും സാമ്പത്തിക ബാധ്യതയും സംസ്ഥാനങ്ങളുടെ ചുമലില്‍ കയറ്റിവച്ച് കൈകഴുകാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കമെന്നും അദ്ദേഹം ആരോപിച്ചു.
വാക്സിന് ദൗര്‍ലഭ്യം മൂലം കേരളീയര്‍ ബുദ്ധിമുട്ടുമ്പോള്‍ ജനങ്ങളെ പരിഹസിക്കുകയാണ് കേന്ദ്ര സഹമന്ത്രി വി മുരളീധരന്. ഒരു ഡോസ് വാക്സിന് പോലും കേരളത്തിന് അധികം നേടിയെടുക്കാന്‍ ഈ കേന്ദ്രമന്ത്രിക്ക് കഴിഞ്ഞില്ല. വാക്സിന് സൗജന്യമായി നല്‍കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യത്തെ പിന്തുണയ്ക്കാന്‍ തയ്യാറാകാത്ത മുരളീധരന് കേരളത്തിന്റെ ശത്രുവാണെന്ന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണെന്നും വിജയരാഘവന് വിമര്‍ശിച്ചു.
content highlights: centre should provide covid vaccine free of cost - CPM
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..