തിരുവനന്തപുരം: കേരളത്തിന് ആവശ്യമായ കോവിഡ് വാക്സിൻ സൗജന്യമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

കോവിഡ് മഹാമാരിയിൽ സാമ്പത്തികമായി കേരളത്തിന് ഏറെ ബുദ്ധിമുട്ടുള്ള സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന് സൗജന്യമായി വാക്സിൻ നൽകുക പ്രായോഗികമല്ല. ഈ സാഹചര്യത്തിൽ കേന്ദ്രവും കേരളവും ഒരു മനസ്സോടുകൂടി പ്രവർത്തിക്കേണ്ടിയിരിക്കുന്നുവെന്നും ചെന്നിത്തല കത്തിൽ പറഞ്ഞു.

കേരളത്തിൽ ഇപ്പോൾ തന്നെ ആദ്യഘട്ട വാക്സിൻ എടുത്തവർക്ക് രണ്ടാം ഘട്ട വാക്സിൻ ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്. 45 വയസ് കഴിഞ്ഞവർക്ക് വാക്സിൻ നൽകേണ്ടതായുമുണ്ട്. 18 കഴിഞ്ഞവർക്കും വാക്സിൻ നൽകണമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ സംസ്ഥാനത്ത് വാക്സിൻ ക്ഷാമം വളരെ രൂക്ഷമാണ്. കോവിഡ് മഹാമാരി കാരണം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഭരണഘടനാപരമായ ഉത്തരവാദിത്തം ഉണ്ടെന്ന കാര്യവും പ്രതിപക്ഷനേതാവ് പ്രധാനമന്ത്രിക്ക് നൽകിയ കത്തിൽ ഓർമ്മപ്പെടുത്തി.

content highlights:centre should give vaccine free of cost - chennithala