ന്യൂഡല്‍ഹി: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും വിദേശ വിമാനക്കമ്പനികളുടെ സര്‍വീസ് അനുവദിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. ആവശ്യം നിറവേറ്റാന്‍ ഇന്ത്യന്‍ കമ്പനികളുടെ സര്‍വീസ് വര്‍ധിപ്പിക്കണമെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. 

കേരളത്തിന്റെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായ കണ്ണൂരില്‍ നിന്ന് വിദേശ വിമാന കമ്പനികള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിച്ചില്ല. 

ഇന്ത്യന്‍ വിമാന കമ്പനികള്‍ നിലവില്‍ കണ്ണൂരില്‍ നിന്ന് വിദേശ സര്‍വീസുകള്‍ നടത്തുന്നുണ്ട്. കൂടുതല്‍ ആവശ്യം വന്നു കഴിഞ്ഞാല്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. ഇന്ത്യന്‍ വിമാനകമ്പനികളെ സംരക്ഷിക്കുന്നതിനാണ് ഇത്തരത്തിലൊരു നിലപാട് എടുത്തതെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം വിശദീകരിച്ചു.

കണ്ണൂരില്‍ നിന്ന് കൂടുതല്‍ വിദേശ വിമാന കമ്പനികള്‍ സര്‍വീസ് നടത്തിയാല്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ ഗുണം ലഭിക്കുമെന്നായിരുന്നു കേരളത്തിന്റെ നിലപാട്. എത്തിഹാദും എമിറേറ്റ്‌സും പോലുള്ള കമ്പനികള്‍ക്ക് അനുമതി നല്‍കണം. യൂറോപ്പിലേക്ക് കണ്ണൂരില്‍ നിന്ന് കണക്ഷന്‍ വിമാനം വേണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു.

Content Highlights: Kannur International Airport