തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിനായി കേരളത്തിന് അനുവദിച്ച അരിയുടെ പണം നല്‍കണമെന്ന് കേന്ദ്രം. ഇക്കാര്യമാവശ്യപ്പെട്ട് സംസ്ഥാനത്തിന് ഫുഡ് കോര്‍പ്പറേഷന്‍ ഓപ് ഇന്ത്യ കത്തയച്ചു. 2018-19 പ്രളയകാലത്ത് അനുവദിച്ച 89540 മെട്രിക് ടണ്‍ അരിയുടെ തുകയായ 205.81 കോടി രൂപ നല്‍കണമെന്നാണ് ആവശ്യം. 

മുന്‍പും ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാനത്തിന് കത്തയച്ചിരുന്നു. എന്നാല്‍ പണം നല്‍കാന്‍ സംസ്ഥാനം തയ്യാറായില്ല. എത്രയും വേഗം പണം നല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ദുരന്തനിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ഭക്ഷ്യസിവില്‍ സപ്ലൈസ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും അയച്ച കത്തില്‍ ആവശ്യപ്പെടുന്നു.

പ്രളയ ധനസഹായം നല്‍കുന്നതില്‍ നിന്നും കേരളത്തെ ഒഴിവാക്കിയതിനു പിന്നാലെയാണ് അരിയുടെ വില തിരിച്ചുനല്‍കാന്‍ കേന്ദ്രം വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നത്. കേരളം ഒഴികെയുള്ള ഏഴ് സംസ്ഥാനങ്ങള്‍ക്ക് അധിക ധനസഹായം അനുവദിച്ചപ്പോഴാണ് കേരളത്തെ ഒഴിവാക്കിയത്. 5908 കോടി രൂപയാണ് അധിക പ്രളയ ധനസഹായമായി കേരളം ഒഴികെയുള്ള സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചത്. 2100 കോടി രൂപയാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്.

Content Highlights: Centre demand payment for rice allotted to Kerala during flood