തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ അഖിലേന്ത്യാ പണിമുടക്കിന്റെ രണ്ടാം ദിവസവും സംസ്ഥാനത്ത് ഹര്‍ത്താലിനു തുല്യമായി. ഇന്നും പണിമുടക്കിയ തൊളിലാളികള്‍ ട്രെയിനുകള്‍ തടഞ്ഞു. തിരുവനന്തപുരത്ത് വേണാട്, ശബരി എക്‌സ്പ്രസുള്‍ തടഞ്ഞു. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇരു ട്രെയിനുകളും 40 മിനിട്ട് വൈകിയാണ് ഓടുന്നത്. കളമശ്ശേരിയില്‍ കോട്ടയെ-നിലമ്പൂര്‍ പാസഞ്ചര്‍ തടഞ്ഞു.

പൊതുഗതാഗത സംവിധാനങ്ങള്‍ ഇല്ലാതായതോടെ ജനജീവിതം താറുമാറായി. ചിലയിടങ്ങളില്‍ കടകള്‍ തുറന്നിട്ടുണ്ട്. ഇന്നലെ പണിമുടക്കിയ തൊഴിലാളികള്‍, കടകള്‍ അടപ്പിക്കുകയും സ്വകാര്യ വാഹനങ്ങളും തീവണ്ടികളും തടയുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ മിക്കതും ശൂന്യമായിരുന്നു. ബാങ്കുകളുടെ പ്രവര്‍ത്തനവും സ്തംഭിച്ചു.

വാഹനങ്ങള്‍ തടയില്ലെന്നും കടകള്‍ അടപ്പിക്കാന്‍ ശ്രമിക്കില്ലെന്നും സംയുക്ത സമരസമിതി നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. ഇത് പാഴ്വാക്കായി. മലപ്പുറം മഞ്ചേരിയില്‍ കടയടപ്പിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് വഴിവെച്ചു. വര്‍ക്കല റെയില്‍വേസ്റ്റേഷന് മുന്‍വശത്തെ ബേക്കറി ബലം പ്രയോഗിച്ച് അടയ്ക്കാന്‍ ശ്രമിച്ചത് വാക്കേറ്റത്തിനും കൈയാങ്കളിക്കും വഴിവെച്ചു.കൊച്ചിയില്‍ മെട്രോ സര്‍വീസുകള്‍ തടസ്സപ്പെട്ടില്ല. ഓണ്‍ലൈന്‍ ടാക്‌സികളും സര്‍വീസ് നടത്തി.

content highlights: Central Trade Unions  two-day nationwide strike