പ്രതീകാത്മകചിത്രം| Photo: PTI
തിരുവനന്തപുരം: സംസ്ഥാനത്ത് വേണ്ടത്ര കോവിഡ് പരിശോധനകള്‍ നടക്കുന്നില്ലെന്ന് കേന്ദ്രസംഘത്തിന്റെ വിമര്‍ശനം. ആരോഗ്യമന്ത്രി കെ.കെ ശൈലജയുമായി ചര്‍ച്ച നടത്തിയ കേന്ദ്രസംഘം പരിശോധനകള്‍ കുറവുളളപ്പോഴും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് നില്‍ക്കാന്‍ കാരണം എന്താണെന്ന് ആരാഞ്ഞിട്ടുണ്ടെന്നാണ് വിവരം.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കൊവിഡ് പരിശോധനകളുടെ എണ്ണം തീരെ കുറവാണ്. തുടക്കത്തിലേ പരമാവധി പരിശോധന നടത്തിയിരുന്നെങ്കില്‍ രോഗികളെ കണ്ടെത്തി അവര്‍ക്ക് പ്രത്യേകം ചികിത്സ നല്‍കാനാകുമായിരുന്നു. ഇങ്ങനെ ചെയ്തിരുന്നെങ്കില്‍ നിലവിലെ പോലെ രോഗം ഇത്ര വ്യാപിക്കുമായിരുന്നില്ലെന്നാണ് കേന്ദ്രസംഘത്തിന്റെ വിമര്‍ശനം.
ദേശീയ ശരാശരിയെക്കാള്‍ അഞ്ചിരട്ടിയാണ് കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇത് ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് പരിശോധനകളുടെ എണ്ണം കൂട്ടിയില്ലെങ്കില്‍ സംസ്ഥാനത്ത് ഇനിയും കൊവിഡ് വ്യാപനം ഉയരുമെന്നും സ്ഥിതി ഇനിയും വഷളാകുമെന്നും കേന്ദ്രസംഘം സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.
നിര്‍ദേശങ്ങളെ പോസിറ്റീവായി എടുക്കുന്നതായി കൊല്ലം ഗസ്റ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ആരോഗ്യ മന്ത്രി പറഞ്ഞു. വ്യാഴാഴ്ച മുതല്‍ ടെസ്റ്റുകളുടെ എണ്ണം 80,000ന് മുകളിലേക്ക് കൂട്ടിയിട്ടുണ്ടെന്നും ഇനിയും പരമാവധി കൂട്ടുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് അടുത്തുവരുന്നതു കൊണ്ട് കൊവിഡ് പ്രതിരോധ നടപടികള്‍ വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി വിശദീകരിച്ചു.
സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്ര സംഘം തിരുവനന്തപുരം, എറണാകുളം കോട്ടയം ജില്ലകള്‍ സന്ദര്‍ശിച്ചു. കലക്ടര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. ആരോഗ്യ മന്ത്രി, ആരോഗ്യസെക്രട്ടറി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രതിനിധി ഡോ. രുചി ജെയിന്‍, ഡോ. രവീന്ദ്രന്‍ എന്നിവരാണ് സംഘത്തിലുള്ളത്. കേന്ദ്രസംഘം സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കി ആരോഗ്യമന്ത്രാലയത്തിന് കൈമാറും.
Content Highlights: Central team criticizes not conducting adequate covid 19 tests in Kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..