തിരുവനന്തപുരം: സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്എംഎ) രോഗം ബാധിച്ച കണ്ണൂര്‍ മാട്ടൂലിലെ ഒന്നര വയസുകാരന്‍ മുഹമ്മദിന്റെ ചികിത്സയ്ക്കുള്ള മരുന്നിന്റെ ഇറക്കുമതി ചുങ്കവും ജിഎസ്ടിയും കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി. മരുന്നിന് നികുതി ഇളവ് നല്‍കിയതായി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അറിയിച്ചതായി ഇടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 

അപൂര്‍വ്വ രോഗമായ എസ്എംഎ പിടിപെട്ട് നടക്കാന്‍ പോലുമാകാതെ ബുദ്ധിമുട്ടിയ മുഹമ്മദിന്റെ വാര്‍ത്ത സമൂഹ മാധ്യമങ്ങള്‍ വലിയ തോതില്‍ ഏറ്റെടുത്തിരുന്നു. 18 കോടിയോളം രൂപയാണ് മരുന്നിന് ചെലവുണ്ടായിരുന്നത്. ക്രൗഡ് ഫണ്ടിങ് വഴി മൂന്ന് ദിവസങ്ങള്‍ക്കകം 46.78 കോടി രൂപ ചികിത്സയ്ക്കായി അക്കൗണ്ടിലേക്ക് സഹായമായെത്തുകയും ചെയ്തിരുന്നു.

സമാന രോഗം ബാധിച്ച മുഹമ്മദിന്റെ സഹോദരി അഫ്രയുടെ ചികിത്സയ്ക്ക് കൂടി തുക വകയിരുത്തിയ ശേഷം ബാക്കിയുള്ള തുക എസ്എംഎ രോഗം ബാധിച്ച മറ്റു കുട്ടികളുടെ ചികിത്സയ്ക്കായി നല്‍കാനാണ് മുഹമ്മദ് ചികിത്സാ കമ്മിറ്റിയുടെ തീരുമാനം. 

content highlights: central government waived off gst and import duty for muhammeds medicines