കൊച്ചി: വാളയാര്‍ കേസില്‍ സര്‍ക്കാര്‍ വിജ്ഞാപനം മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും മറ്റു രേഖകളും കേസിന്റെ ഇപ്പോഴത്തെ സാഹചര്യവും അറിയാതെ സിബിഐ അന്വേഷണം ഏറ്റെടുക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാനാവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും കേസ് പരിഗണിക്കും.
വാളയാര്‍ കേസ് സിബിഐക്ക് കൈമാറുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനം മാത്രമാണ് ഇതുവരെ ലഭിച്ചിട്ടുള്ളതെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇതുവെച്ചുകൊണ്ട് കേസന്വേഷണം ഏറ്റെടുക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാനാവില്ല. കേസിലെ എഫ്‌ഐആര്‍ മുതലുള്ള മുഴുവന്‍ രേഖകളും ആവശ്യമാണ്. കേസില്‍ തുടരന്വേഷണമാണോ പുനരന്വേഷണമാണോ വേണ്ടത് തുടങ്ങിയ കാര്യങ്ങളൊക്കെ അറിയേണ്ടതുണ്ട്. അല്ലാത്തപക്ഷം അത് പ്രതികള്‍ക്ക് അനുകൂലമായ സാഹചര്യം ഉണ്ടാക്കും എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.
ഇത്തരം വിശദാംശങ്ങളൊന്നും ഇല്ലാതതെന്നെ സിബിഐ കേസുകള്‍ സിബിഐ ഏറ്റെടുത്തിട്ടുണ്ടെന്ന് മറുപടിയായി സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഏതു രേഖ ആവശ്യപ്പെട്ടാലും അത് നല്‍കാന്‍ തയ്യാറാണെന്നും സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വേഗത്തില്‍ രേഖകള്‍ കൈമാറാനും വൈകാതെ സിബിഐ അന്വേഷണം സംബന്ധിച്ച് തീരുമാനം എടുക്കാനും കോടതി നിര്‍ദേശിച്ചു.
വാളയാര്‍ കേസ് സിബിഐക്ക് വിട്ടുകൊണ്ട് നേരത്തെതന്നെ സംസ്ഥാനസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും സിബിഐ ഈ കേസ് ഏറ്റെടുത്തിരുന്നില്ല. സിബിഐ കേസ് ഏറ്റെടുക്കുന്ന കാര്യത്തില്‍ 10 ദിവസത്തിനകം തീരുമാനം എടുക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
Content Highlights: Central Government has stated its position in CBI probe in Walayar case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..