തിരുവനന്തപുരം: അതിര്‍ത്തി കടന്ന് മീന്‍പിടിത്തം നടത്തുന്നതിനിടെ മറ്റു രാജ്യങ്ങളുടെ പിടിയിലായാല്‍ സംരക്ഷിക്കില്ലെന്ന താക്കീതുമായി കേന്ദ്ര സര്‍ക്കാര്‍. മത്സ്യത്തൊഴിലാളികള്‍ അതിര്‍ത്തി കടക്കുന്നത് ഒഴിവാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെടാന്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപായ ഡീഗോ ഗാര്‍ഷ്യയില്‍ ഇരു സംസ്ഥാനങ്ങളിലെയുമുള്‍പ്പെടെ 19 മത്സ്യത്തൊഴിലാളികള്‍ പിടിയിലായ പശ്ചാത്തലത്തിലാണ് യോഗം.

ആഭ്യന്തരം, പ്രതിരോധം, ഐ.ടി ആന്റ് കമ്മ്യൂണിക്കേഷന്‍ മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ ഫിഷറീസിന്റെ ചുമതലയുള്ള കൃഷിമന്ത്രാലയ സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ വ്യാഴാഴ്ചയാണ് യോഗം ചേരുന്നത്. കേരളത്തെ പ്രതിനിധീകരിച്ച് ഫിഷറീസ് ഡയറക്ടര്‍ മിനി ആന്റണി, അഡീഷണല്‍ ഡയറക്ടര്‍ കെ.എം. ലത എന്നിവര്‍ പങ്കെടുക്കും.

അമേരിക്കയുടെയും ഇംഗ്ലണ്ടിന്റെയും അധീനതയിലുള്ള ദ്വീപിന്റെ അതിര്‍ത്തിക്കുള്ളില്‍ മീന്‍ പിടിയ്ക്കാനെത്തിയ 19 പേരെ 2016 മേയ് 27നാണ് ബ്രിട്ടീഷ് നാവികസേന പിടികൂടിയത്. മേയ് 14ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ഇബ്രാഹിം എന്ന വള്ളത്തിലുണ്ടായിരുന്നവരാണ് പിടിയിലായത്. തമിഴ്‌നാട് കന്യാകുമാരി വള്ളവിള സ്വദേശി ആന്റണിയുടെ ഉടമസ്ഥതയിലുള്ള ബോട്ടില്‍ ആറ് തിരുവനന്തപുരം സ്വദേശികളുണ്ട്. 12 പേര്‍ കന്യാകുമാരിയില്‍ നിന്നും ഒരാള്‍ അസം സംസ്ഥാനത്തു നിന്നുമാണ്.

കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടലില്‍ തടവുശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ട 19 പേരും തിങ്കളാഴ്ച കൊച്ചിയിലെത്തും. 6.4 ലക്ഷം രൂപ അടയ്ക്കണമെന്ന വ്യവസ്ഥ പാലിച്ചതിനെ തുടര്‍ന്നാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിട്ടയക്കാന്‍ ദ്വീപ് ഭരണകൂടം തീരുമാനിച്ചത്. പിടിയിലായ തിരുവനന്തപുരം സ്വദേശികളുടെ കുടുംബാംഗങ്ങള്‍ സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ഫിഷറീസ് മന്ത്രി ജെ.മെഴ്‌സിക്കുട്ടിയമ്മയെ കണ്ട് നിവേദനം സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് വിട്ടയക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമായത്.

അടുത്തിടെ ന്യൂഡല്‍ഹിയില്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ കണ്ട മന്ത്രി ഇക്കാര്യം ചര്‍ച്ച ചെയ്തശേഷം ശ്രമം ഊര്‍ജ്ജിതമാക്കുകയായിരുന്നു. തുടര്‍ന്നാണ് വ്യവസ്ഥപ്രകാരമുള്ള അവസാനദിനമായ ജൂണ്‍ 17ന് പിടിയിലായവരുടെ കുടുംബങ്ങള്‍ പിഴയടച്ചത്. 

അടുത്തകാലത്തു മാത്രം ഇതുള്‍പ്പെടെ നാലുതവണയാണ് ഡീഗോ ഗാര്‍ഷ്യയില്‍ ഇന്ത്യയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ പിടിയിലാകുന്നത്. മൂന്നുപ്രാവശ്യവും താക്കീത് ചെയ്ത് വിട്ടയച്ച സ്ഥാനത്ത് ഇത്തവണ കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുകയായിരുന്നു. പൂവാര്‍ സ്വദേശികളായ ഏണസ്റ്റ് (27), അഗസ്റ്റിന്‍ ദാസ് (29), ലോറന്‍സ് (55),സൈജിന്‍ (42), പൊഴിയൂര്‍ സ്വദേശി കുഞ്ഞുമോന്‍ (28), പൂന്തുറ സ്വദേശി ജോസഫ് (37) എന്നിവരാണ് പിടിയിലായ വള്ളത്തിലുണ്ടായിരുന്ന മലയാളികള്‍.