കൊച്ചി തുറമുഖം | Photo-ANI
കൊച്ചി: വമ്പന്‍ കപ്പലുകള്‍ക്ക് കൊച്ചി തുറമുഖത്ത് അടുക്കുന്നതിനായി കപ്പല്‍ച്ചാലിന്റെ ആഴംകൂട്ടുന്നു. ഇതിനായി സാഗര്‍മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി 380 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ട്രാന്‍സ്ഷിപ്പ്മെന്റ് ഹബ്ബ് ആയി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതി രാജ്യത്തെ വ്യാപാര മേഖലയ്ക്ക് തന്നെ നേട്ടമാകും.
കപ്പല്‍ച്ചാലിന് നിലവില്‍ 14.5 മീറ്ററാണ് ആഴം. പദ്ധതി പ്രകാരം ഇത് 16 മീറ്ററായി ആദ്യ ഘട്ടത്തില്‍ ഉയര്‍ത്തും. ഇതോടെ വല്ലാര്‍പാടം ടെര്‍മിനലിന്റെ കണ്ടെയ്നര്‍ കൈകാര്യ ശേഷി നിലവിലെ 10 ലക്ഷം ടി.ഇ.യു. കണ്ടെയ്നറുകളില്‍നിന്ന് 20 ലക്ഷം കണ്ടെയ്നറുകളായി ഉയര്‍ത്താനുമാകും. ഇതോടെ, കൊളംബോ തുറമുഖത്തിന് തിരിച്ചടിയാകും. നിലവില്‍ വന്‍കിട അന്താരാഷ്ട്ര ചരക്കുകപ്പലുകള്‍ മിക്കതും കൊളംബോ തുറമുഖത്തു നിന്നാണ് കൊച്ചിയിലേക്ക് ചരക്കുകള്‍ എത്തിക്കുന്നത്. ആഴം കൂട്ടുന്നതോടെ കൊളംബോ തുറഖത്തെത്തുന്ന അന്താരാഷ്ട്ര ചരക്ക് കപ്പലുകള്‍ കൊച്ചിയിലേക്ക് എത്തും. കൊളംബോ തുറമുഖത്തിന്റെ ആഴം 18 മീറ്ററാണ്.
പദ്ധതി ചെലവിന്റെ പകുതി തുറമുഖ ട്രസ്റ്റ് സ്വയം കണ്ടെത്തേണ്ടിവരുമെന്ന് കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവല്‍ കഴിഞ്ഞ ദിവസം സൂചന നല്കി. മന്ത്രി തന്നെ പ്രഖ്യാപിച്ച 380 കോടി രൂപയുടെ പകുതിയാണോ അതോ 380 കോടി രൂപയുംകൂടിയാണോ തുറമുഖ ട്രസ്റ്റ് നിക്ഷേപിക്കേണ്ടതെന്ന് വ്യക്തമല്ല. എന്നാല്‍, ഇത്രയും തുക നിക്ഷേപിക്കാനുള്ള സാമ്പത്തികശേഷി നിലവില്‍ കൊച്ചി തുറമുഖത്തിനില്ല.
ആഴം കൂട്ടുന്നതിനുള്ള മുഴുവന്‍ ചെലവും കേന്ദ്ര സര്‍ക്കാര്‍ വഹിക്കണമെന്നാണ് കൊച്ചി തുറമുഖത്തിന്റെ ആവശ്യം. വാര്‍ഷിക അറ്റകുറ്റപ്പണി ചെലവ് എങ്ങനെ നിറവേറ്റണമെന്ന് നിര്‍ദേശിച്ചിട്ടില്ല. നിലവില്‍ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ മുഴുവനും നടത്തുന്നത് കൊച്ചി തുറമുഖ ട്രസ്റ്റാണ്. ഡി.പി. വേള്‍ഡാണ് വല്ലാര്‍പാടത്തെ അന്താരാഷ്ട്ര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലിന്റെ (ഐ.സി.ടി.ടി.) നടത്തിപ്പുകാര്‍.
കേരളം ഉയരും
പദ്ധതി നടപ്പിലായാല്‍ കേരളത്തിന് മാത്രമല്ല, രാജ്യത്തിന് മൊത്തത്തില്‍ വലിയ സാമ്പത്തിക നേട്ടമുണ്ടാകും. കയറ്റുമതിയും ഇറക്കുമതിയും ഉയരും. വ്യാപാരികള്‍ നേരിടുന്ന നിരവധി പ്രതിസന്ധികള്‍ ഇതോടെ ഇല്ലാതാകും. അന്താരാഷ്ട്ര തലത്തിലുള്ള ചരക്കുനീക്കത്തിന് വേഗം കൂടും. നിലവില്‍ വര്‍ഷം 600-ഓളം ചരക്കുകപ്പലുകളാണ് കൊച്ചിയില്‍ എത്തുന്നത്. ശേഷി ഉയരുന്നതോടെ ഇത് ആയിരത്തിലേറെയാകും.
കൊച്ചി തുറമുഖത്തുനിന്ന് അന്താരാഷ്ട്ര കപ്പല്പാതയിലേക്കുള്ള ദൂരം 49 നോട്ടിക്കല്‍ മൈല്‍ മാത്രമാണ്. അതേസമയം, കൊളംബോ തുറമുഖത്തു നിന്ന് 110 നോട്ടിക്കല്‍ മൈലുണ്ട്. ഇത് കൊച്ചിക്ക് അനുകൂലമായ ഘടകമാണ്.
നിരക്ക് മത്സരക്ഷമമാകണം
കപ്പലുകള്‍ക്കുള്ള നിരക്കുകള്‍ കൊച്ചിയില്‍ കൊളംബോയെക്കാള് വളരെ കൂടുതലാണ്. എന്നാല്‍, കപ്പലുകള്‍ക്ക് തുറമുഖ ചാര്‍ജില്‍ 85 ശതമാനത്തോളം ഇളവുകള്‍ നല്കി ഒരു പരിധി വരെ കൊളംബോയോടൊപ്പം എത്തുന്ന നിരക്കാണ് കൊച്ചി തുറമുഖം ഇപ്പോള്‍ ഈടാക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ ലൈറ്റ് ഹൗസുകളുടെ അറ്റകുറ്റപ്പണികള്‍ക്കും നാവിഗേഷനുള്ള മറ്റ് സഹായങ്ങള്‍ക്കുമായി കപ്പലുകളില്‍ നിന്ന് ലൈറ്റ് ഹൗസ് കുടിശ്ശിക ഈടാക്കുന്നുണ്ട്. ഈ ചാര്‍ജുകള്‍ പുനഃപരിശോധിക്കണമെന്ന് കൊച്ചിന് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി അഭിപ്രായപ്പെട്ടു. കൊളംബോയെക്കാള് ചെലവുകുറഞ്ഞാല്‍ മാത്രമേ ഇറക്കുമതിക്കാരും കയറ്റുമതിക്കാരും കൊച്ചി തിരഞ്ഞെടുക്കൂവെന്നാണ് സംഘടനകള്‍ പറയുന്നത്.
Content Highlights: kochi harbor development, central government investment, 380 crores, kochi port to beat colombia
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..