ന്യൂഡല്‍ഹി: സംസ്ഥാനത്തിന് 2,373 കോടി രൂപ അധികമായി കടമെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി. കേന്ദ്രസര്‍ക്കാരിന്റെ ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെ ഭാഗമായുള്ള പരിഷ്‌കരണ നടപടികള്‍ നടപ്പാക്കിയതിന്റെ ഭാഗമായാണ് അധിക വായ്പ എടുക്കാന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം അനുമതി നല്‍കിയത്. 

അധിക വായ്പയെടുക്കാന്‍ അനുമതി നല്‍കിയതോടുകൂടി ഇത്തരത്തില്‍ അനുമതി ലഭിക്കുന്ന എട്ടാമത്തെ സംസ്ഥാനമായി കേരളം മാറും. ഇതോടെ കേരളത്തിന്റെ വ്യവസായ സൗഹൃദ റാങ്ക് ഉയരും.

ആന്ധ്രാപ്രദേശ്, കര്‍ണാടക മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്‍, തമിഴ്‌നാട്, തെലുങ്കാന എന്നീ സംസ്ഥാനങ്ങള്‍ക്കാണ് മുന്‍പ് ഈ അനുമതി ലഭിച്ചിട്ടുള്ളത്. 23149 കോടി രൂപയാണ് ഈ സംസ്ഥാനങ്ങള്‍ക്ക് കടമെടുക്കാനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നത്.

Content Highlights: Central government allows Kerala additional loan