ന്യൂഡല്‍ഹി: കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബുവിനെതിരായ പരാതിയില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് തേടി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പ്രിസൈഡിങ് ഓഫീസറെ ഭീഷണിപ്പെടുത്തിയ ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന് എതിരെ നടപടി എടുത്തില്ല എന്ന പരാതിയിലാണ് റിപ്പോര്‍ട്ട് തേടിയത്. 

അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാരിനോട് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടി ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. മലബാറിലെ മറ്റൊരു ജില്ലാ കളക്ടറുടെ രാഷ്ട്രീയ പശ്ചാത്തലം നിഷ്പക്ഷ തെരഞ്ഞെടുപ്പിന് ഗുണം ചെയ്യില്ല എന്ന പരാതിയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയില്‍ ആണ്. 

ആലക്കോട് ജിഎല്‍പി സ്‌കൂളിലെ പോളിങ് ബൂത്തിലെ പ്രിസൈഡിങ് ഓഫീസര്‍ ആയിരുന്ന ഡോ. കെ എം ശ്രീകുമാര്‍ ആണ് എം എല്‍ എ യ്ക്ക് എതിരെ പരാതി നല്‍കിയിരുന്നത്. എം എല്‍ എ ഭീഷണിപ്പെടുത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും ശ്രീകുമാര്‍ കൈമാറിയിരുന്നു. ശ്രീകുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടറോട് സംസ്ഥാന ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ നേരത്തെ റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിനിടയിലാണ് ജില്ലാ കളക്ടര്‍ നിക്ഷപക്ഷമായല്ല ഇക്കാര്യത്തില്‍ പ്രവര്‍ത്തിച്ചതെന്നാരോപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചത്.

മലബാറിലെ മറ്റൊരു ജില്ലാ കളക്ടര്‍ പഠനകാലത്ത് സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നെന്നും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ അദ്ദേഹം നിഷ്പക്ഷനായിരിക്കുമോ എന്ന് ആശങ്ക രേഖപ്പെടുത്തികൊണ്ടുള്ള പരാതിയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്. എന്നാല്‍ ഈ പരാതിയില്‍ തുടര്‍നടപടികള്‍ വേണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

Content Highlights: Central Election Commission has sought a report on the complaint against the Kasargod Collector