ന്യൂഡല്‍ഹി: കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പ്. ഇടത് എംപിമാര്‍ ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ ഉറപ്പ് ലഭിച്ചത്. വാക്‌സിന്‍ ക്ഷാമം മൂലം കേരളത്തില്‍ വാക്‌സിനേഷന്‍ നിര്‍ത്തിവെക്കേണ്ടിവന്ന സാഹചര്യത്തിലാണ് എംപിമാര്‍ മന്ത്രിയെ കണ്ടത്.

സിപിഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീമിന്റെ നേതൃത്വത്തിലുള്ള ഇടത് എംപിമാരാണ് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയുമായി കൂടിക്കാഴ്ച നടത്തിയത്. എംപിമാരായ ബിനോയ് വിശ്വം, എം.വി. ശ്രേയാംസ്‌കുമാര്‍, സോമപ്രസാദ്, ജോണ് ബ്രിട്ടാസ്, വി. ശിവദാസന്‍, എ.എം. ആരിഫ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

കോവിഡ് ചികിത്സയിലും വാക്‌സിനേഷനിലും കേരളം ഇന്ത്യക്ക് മാതൃകയാണെന്ന് ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. വാക്‌സിന്‍ പാഴാക്കാതെ പരമാവധി ഉപയോഗിക്കുന്നതിന് കേരളത്തെ മന്ത്രി അഭിനന്ദിച്ചു. വാക്‌സിനേഷന്റെ വേഗത കണക്കിലെടുത്തു മുന്‍കൂറായി തന്നെ കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ അനുവദിക്കാന്‍ കേന്ദ്രം സന്നദ്ധമാണെന്നും മന്ത്രി പറഞ്ഞു.

രോഗികളുടെ എണ്ണത്തെക്കുറിച്ചും മരണ നിരക്കിനെ കുറിച്ചും ആരോഗ്യമന്ത്രി എംപിമാരോട് ചോദിച്ചറിഞ്ഞു. ടെസ്റ്റ് വ്യാപകമാക്കിയതും രോഗലക്ഷണങ്ങള്‍ ഉള്ളവരെ വ്യാപകമായി ടെസ്റ്റ് ചെയ്യുന്നതുമാണ് രോഗമുക്തി നിരക്ക് ഉയരാന്‍ കാരണമെന്ന് കേരള എം.പി.മാര്‍ ചൂണ്ടിക്കാണിച്ചു.

അതേസമയം, കേന്ദ്രം എത്ര ഡോസ് വാക്‌സിന്‍ ഉടന്‍ അനുവദിക്കും എന്ന കാര്യം വ്യക്തമല്ല. നാലു മണിക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

സംസ്ഥാനത്ത് കോവിഡ് പ്രതിരോധ വാക്‌സിന്‍  ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വഴിയുള്ള വിതരണം തിങ്കളാഴ്ച മുതല്‍ ഭാഗികമായി മുടങ്ങിയിരുന്നു. ചൊവ്വാഴ്ചയോടെ വാക്‌സിന്‍ ക്ഷാമം കൂടുതല്‍ രൂക്ഷമായി. വാക്‌സിന്‍ സ്റ്റോക്ക് ഏകദേശം അവസാനിച്ച സ്ഥിതിയാണെന്ന് മന്ത്രി വീണാ ജോര്‍ജ് തിങ്കളാഴ്ച പറഞ്ഞിരുന്നു.

Content Highlights: Center to allot more vaccines to Kerala