ഡീൻ കുര്യാക്കോസ് | ഫോട്ടോ: ഷഹീർ സി.എച്ച്.
വള്ളക്കടവ് (ഇടുക്കി): മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് അനുകൂല സമീപനമാണ് ഉള്ളതെന്ന് ഡീന്‍ കുര്യാക്കോസ് എംപി. പുതിയ ഡാം നിര്‍മിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ പാരിസ്ഥിതികാഘാത പഠനം നടക്കുന്നുണ്ടെന്നും തമിഴ്‌നാട് സഹകരിച്ചാല്‍ പുതിയ ഡാം യാഥാര്‍ത്ഥ്യമാകുമെന്നും മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തില്‍ ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
കോടതിക്ക് പുറത്തുള്ള ഒത്തുതീര്‍പ്പിലൂടെ മാത്രമേ ഈ പ്രശ്‌നം പരിഹരിക്കാനാവൂ എന്ന് സുപ്രീം കോടതി മുമ്പേ പറഞ്ഞിട്ടുള്ളതാണ്. പുതിയ അണക്കെട്ടെന്ന കേരളത്തിന്റെ ആവശ്യത്തോട് കേന്ദ്രം മുഖം തിരിച്ചിട്ടില്ല. പാര്‍ലമെന്റില്‍ ഈ പ്രശ്‌നം ഉന്നയിച്ചപ്പോള്‍ അതിനു തയ്യാറാണെന്നാണ് കേന്ദ്രമന്ത്രി നല്‍കിയ മറുപടി. ഇപ്പോള്‍ത്തന്നെ പാരിസ്ഥിതികാഘാത പഠനം നടക്കുന്നുണ്ട്. പഠനം പൂര്‍ത്തിയായാലും തമിഴ്‌നാട് കൂടി അംഗീകരിക്കുന്ന ഫോര്‍മുലയ്‌ക്കേ സുപ്രീം കോടതി അനുമതി നല്‍കൂ. തമിഴ്‌നാടിനെ കൂട്ടിക്കൊണ്ട് ഒരു ഒത്തുതീര്‍പ്പിലെത്തിയാല്‍ കേന്ദ്രത്തെയും ഒപ്പം കൊണ്ടുവരാനും ഈ വിഷയത്തില്‍ പ്രശ്‌നപരിഹാരം ഉണ്ടാക്കാനും നമുക്കാകും, എംപി വ്യക്തമാക്കി.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഡീന്‍ ആരോപിച്ചു. സുപ്രീംകോടതി 2014-ല്‍ ജലനിരപ്പ് 142 അടിയായി നിശ്ചയിക്കുമ്പോള്‍ തന്നെ കേരളത്തിന് അനുകൂലമായ പല കാര്യങ്ങളും അനുവദിച്ചിരുന്നു. മേല്‍നോട്ട സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ ഉള്‍പ്പെടുത്തിയത് ഭാവിയില്‍ നമ്മുടെ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിനായിരുന്നു. എന്നാല്‍ അത് വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ കേരളത്തിനായില്ല.
തമിഴ്‌നാട് റൂള്‍ കര്‍വ് നിലനിര്‍ത്തിയിട്ടില്ല. ഇക്കാര്യം മേല്‍നോട്ട സമിതി മോണിട്ടര്‍ ചെയ്യണമെന്ന നിര്‍ദേശവും നടന്നിട്ടില്ല. അണക്കെട്ടിന്റെ ബലക്ഷയം തെളിയിക്കാനാകാതെപോയതാണ് അന്ന് നമുക്ക് തിരിച്ചടിയായത്. ഇത് ശാസ്ത്രീയമായി പരിശോധിക്കുന്നതിനുള്ള ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടില്ല. തമിഴ്‌നാടിന്റെ വീഴ്ചകള്‍ സുപ്രീം കോടതിയില്‍ എത്തിക്കാന്‍ സാധിച്ചില്ലെന്നത് സര്‍ക്കാരിന്റെ പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Center ready to built new dam, An environmental impact study is underway- Dean Kuriakose
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..