തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ പ്രവചിക്കുന്നതില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിന് വീഴ്ച പറ്റിയെന്ന് റവന്യൂ മന്ത്രി കെ രാജന്‍. പ്രളയമുണ്ടായ ദിവസം കേരളത്തില്‍ ഒരിടത്തും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പ്രളയ മുന്നറിയിപ്പിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനുള്ള പരിമിതികളാണ് മന്ത്രി നിയമസഭയില്‍ വിവരിച്ചത്.

കേന്ദ്ര സർക്കാരിനെ അവഗണിച്ച് ന്യൂനമർദ്ദ മുന്നറിയിപ്പുമായി സംസ്ഥാനത്തിന് മുന്നോട്ട് പോകാൻ സാധിക്കില്ല. മഴക്കെടുതിയിൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കുന്നതിന് സംസ്ഥാന സർക്കാർ സാധ്യമായ നടപടികൾ എല്ലാം എടുത്തിട്ടുണ്ട്. മുന്നറിയിപ്പിന്റെ കാര്യത്തിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പാണ് ഔദ്യോഗിക ഏജൻസി. ഒക്ടോബർ 16ന് രാവിലെ എട്ടുവരെ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നില്ല. ദുരന്തം ഉണ്ടായ സ്ഥലങ്ങളിൽ ഓറഞ്ചും യെല്ലോ അലർട്ടുമായിരുന്നു. എന്നാൽ 10 മണിക്ക് ശേഷമാണ് തീവ്രമഴയുടെ മുന്നറിയിപ്പായി റെഡ് അലർട്ട് പ്രഖ്യാപിച്ചതെന്ന് മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

രക്ഷാപ്രവർത്തനത്തിന് വേണ്ടതൊക്കെ സർക്കാർ ചെയ്തിട്ടുണ്ട്. എന്നാൽ ചില സ്ഥലങ്ങളിൽ എത്തിപ്പെടാൻ പ്രയാസമുണ്ടായിരുന്നു. ശക്തമായ മഴവെള്ളത്തിലും ഉരുൾപൊട്ടലിലും റോഡുകളും പാലങ്ങളും നശിച്ചുപോയത് കൊണ്ടാണ് രക്ഷാപ്രവർത്തനം വൈകിയത് എന്ന് മന്ത്രി പറഞ്ഞു. 

എന്നാൽ ദുരന്തം നടക്കുമ്പോൾ ദുരന്തനിവാരണ അതോറിറ്റി അംഗം വിദേശത്തായിരുന്നു എന്ന് പ്രതിപക്ഷം ആരോപിച്ചു. ഓഖി കാലത്തും അദ്ദേഹം വിദേശത്തായിരുന്നു.  അദ്ദേഹത്തെ വിദേശകാര്യ വകുപ്പിൽ കുടിയിരുത്തണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പരിഹസിച്ചു.

രക്ഷാപ്രവർത്തനത്തിന് പ്രോട്ടോക്കോൾ ഇല്ലാത്ത ഏക സംസ്ഥാനമാണ് കേരളമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലേയും മറ്റും മുന്നറിയിപ്പ് കൃത്യമായി ലഭിക്കാത്ത സാഹചര്യത്തിൽ സംസ്ഥാനം 2018ലെ പ്രളയത്തിൽ നിന്ന് എന്ത് പഠിച്ചു? എന്ത് ബദൽ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയത്? തുടങ്ങിയ ചോദ്യങ്ങളാണ് പ്രതിപക്ഷം ആവർത്തിച്ചു ചോദിച്ചത്.

കോട്ടയം ഇടുക്കി ജില്ലകളിൽ ഉണ്ടായ ഉരുൾ പൊട്ടലിലും മണ്ണിടിച്ചിലിലും ദുരന്ത നിവാരണത്തിന്റെ മുന്നറിയിപ്പ് നൽകുന്നതിൽ സർക്കാരിന്  വീഴ്ച സംഭവിച്ചു. രക്ഷാപ്രവർത്തനത്തിൽ വലിയ തോതിലുള്ള കാലതാമസം ഉണ്ടായി തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അടിയന്തര പ്രമേത്തിന് നോട്ടീസ് നൽകിയത്. എന്നാൽ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു.

Content highlights: Center fail to inform rain warning - minister