തിരുവനന്തപുരം:  ബാര്‍ക്കോഴ കേസുമായി ബന്ധപ്പെട്ട് എഡിറ്റ് ചെയ്ത സി.ഡി. ഹാജരാക്കിയ സംഭവത്തില്‍ പ്രതികരണവുമായി ബിജു രമേശ്. എഡിറ്റ് ചെയ്ത സി.ഡി. ഹാജരാക്കിയെന്ന ഹര്‍ജിയില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ മജിസ്‌ട്രേറ്റ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് ബിജുരമേശിന്റെ പ്രതികരണം. 

എഡിറ്റ് ചെയ്ത സി.ഡി. വിജിലന്‍സിന് നല്‍കിയതാണെന്നും സി.ഡി. എഡിറ്റ് ചെയ്തിട്ടുണ്ടെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും ബിജു രമേശ് മാധ്യമങ്ങളോട് പറഞ്ഞു. കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സി.ഡിയില്‍ കൃത്രിമം നടത്തിയതായി ഒരു കോടതിയും പറഞ്ഞിട്ടില്ല. ഹൈക്കോടതി കേസിന്റെ മെറിറ്റിലേക്ക് പോകുന്ന ഒരു ഉത്തരവും പരാമര്‍ശവും നടത്തിയിട്ടില്ല. ഹര്‍ജി മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കണമെന്ന് മാത്രമാണ് ഹൈക്കോടതി പറഞ്ഞത്.

എഡിറ്റ് ചെയ്ത സി.ഡി. ആദ്യം വിജിലന്‍സിന് നല്‍കിയിരുന്നു. ശേഷം ബാറുടമകളുടെ സംഭാഷണം റെക്കോര്‍ഡ് ചെയ്ത ഉപകരണം കോടതിയില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതിലെ ശബ്ദം തിരിച്ചറിയാനോ പരിശോധന നടത്താനോ അന്വേഷണ ഏജന്‍സികള്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഹൈക്കോടതിയിലെ ഹര്‍ജിക്ക് പിന്നില്‍ രമേശ് ചെന്നിത്തലയാണെന്നും ബിജു രമേശ് ആരോപിച്ചു. തന്നെ ഭീഷണിപ്പെടുത്താനുള്ള ഉദ്ദേശ്യംവെച്ചാണ് ബിനാമികളെ ഉപയോഗിച്ച് ചെന്നിത്തല കോടതിയെ സമീപിച്ചത്. ചെന്നിത്തലയുടെ വക്കീല്‍ തന്നെയാണ് ഈ കേസിലും ഹാജരായത്. തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം ആരോപണങ്ങളില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ സമീപിച്ചിരുന്നതായും ബിജു രമേശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

Content Highlights: cd controversy biju ramesh response about highcourt order