1. വിമാനത്തിനുള്ളിലെ ദൃശ്യം 2. 2. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ.
കൊച്ചി: മുഖ്യമന്ത്രി കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്കു യാത്രചെയ്ത ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ സി.സി.ടി.വി. പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് വിമാനക്കമ്പനി ഹൈക്കോടതിയില്‍. വിമാനത്തിനുള്ളില്‍ ക്യാമറ ഉണ്ടായിരുന്നോയെന്ന കോടതിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം പറയുന്നത്.
വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരേ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച കേസിലെ പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് വിജു എബ്രഹാം ഇക്കാര്യം ആരാഞ്ഞത്. വിമാനക്കമ്പനിയുടെ വിശദീകരണം പ്രോസിക്യൂഷനാണ് കോടതിക്കു കൈമാറിയത്. അറസ്റ്റിലായ തലശ്ശേരി മട്ടന്നൂര്‍ സ്വദേശി ഫര്‍സീന്‍ മജീദ് (27), തലശ്ശേരി പട്ടാനൂര്‍ സ്വദേശി ആര്‍.കെ. നവീന്‍ (37) എന്നിവരുടെ ജാമ്യഹര്‍ജിയും മൂന്നാംപ്രതി സുനിത് നാരായണന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയുമാണ് കോടതി പരിഗണിച്ചത്.
മുഖ്യമന്ത്രിക്കുനേരെ അക്രമം നടത്തിയില്ലെന്നും യൂത്ത് കോണ്‍ഗ്രസ് സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിക്കുക മാത്രമാണ് ഉണ്ടായതെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. സി.പി.എം. നേതാവ് ഇ.പി. ജയരാജന്റെ അക്രമത്തില്‍ സാരമായി പരിക്കേറ്റെന്നും ഇവര്‍ പറഞ്ഞു.
ആരുടെയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയിട്ടില്ല. വിമാനത്തിന്റെ സുരക്ഷയ്ക്കും തടസ്സമുണ്ടാക്കിയില്ല. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്റെ മൊഴിയിലും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതായി പറയുന്നില്ലെന്നും ഇവര്‍ വാദിച്ചു.
മൂന്ന് പ്രതികളും കരുതിക്കൂട്ടി നടത്തിയ പ്രതിഷേധമാണ് വിമാനത്തില്‍ അരങ്ങേറിയതെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി.എ. ഷാജി വാദിച്ചു. ഇത് തെളിയിക്കാന്‍ മൂവരും നടത്തിയ ഫോണ്‍സംഭാഷണത്തിന്റെ രേഖയും കൈമാറി. ജൂണ്‍ 12-ന് രാത്രിയും 13-നും നടത്തിയ ഫോണ്‍സംഭാഷണ രേഖകളാണിത്.
13-ന് ഉച്ചയ്ക്ക് 12.36-ന് മൂവര്‍ക്കും ഒരേസമയമാണ് വിമാനടിക്കറ്റ് ബുക്ക് ചെയ്തതെന്നതിന്റെ രേഖയും കൈമാറി. മൂന്നുപേര്‍ക്കുമായി നല്‍കിയിരിക്കുന്നത് ഒന്നാംപ്രതിയുടെ ഫോണ്‍ നമ്പറാണ്. കണ്ണൂര്‍ വിമാനത്താവളത്തില്‍ മൂന്നുപേരും ഒന്നിച്ച് നില്‍ക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും ഹാജരാക്കി.
Content Highlights: protest against cm, indigo airlines


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..