ഹന്ന ആലീസ് സൈമൺ അമ്മ ലിജയോടൊപ്പം
കൊച്ചി: പരിമിതികളെ മറികടക്കുന്ന പോരാട്ടത്തിന്റെ വിജയത്തിളക്കമാണ് ഹന്ന. സി.ബി.എസ്.ഇ. പന്ത്രണ്ടാംക്ലാസ് പരീക്ഷയില്‍ ഭിന്നശേഷി വിഭാഗത്തില്‍ ഒന്നാംറാങ്ക് എന്ന അഭിമാനനേട്ടത്തിനുടമയാണ് എറണാകുളം കലൂര്‍ സ്വദേശി ഹന്ന ആലീസ് സൈമണ്‍. 500-ല്‍ 496 മാര്‍ക്കും നേടിയാണ് ഹന്ന ഭിന്നശേഷിവിഭാഗത്തില്‍ ഇന്ത്യയിലെ ഒന്നാംറാങ്കുകാരിയായത്. സംഗീത സംവിധാനം, പാട്ടെഴുത്ത്, കഥയെഴുത്ത്, സംഗീതം, മോട്ടിവേഷണല്‍ സ്പീച്ച് തുടങ്ങി തൊട്ടതെല്ലാം പൊന്നാക്കിയ പെണ്‍കുട്ടി. വാക്കും സംഗീതവും കൊണ്ടവള്‍ ചുറ്റുമുള്ളവരില്‍ പ്രതീക്ഷയുടെ പുതുവഴികള്‍ തുറന്നിടുകയാണ്.
ജന്മനാ കാഴ്ചപരിമിതിയുള്ള ഹന്നയെ മാതാപിതാക്കളായ സൈമണും ലിജയും സാധാരണകുട്ടിയായാണ് വളര്‍ത്തിയത്. സാധാരണ സ്കൂളില്‍ പഠനം. സ്പെഷ്യല്‍ ചൈല്‍ഡായി കണക്കാക്കാതെയാണ് അവര്‍ ഹന്നയെ നയിച്ചത്. കാക്കനാട് രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്കൂളില്‍ ഹ്യൂമാനിറ്റീസ് വിഭാഗത്തിലാണ് ഹന്ന പ്ലസ്ടു പൂര്‍ത്തിയാക്കിയത്.
നേത്രഗോളങ്ങളുടെ വളര്‍ച്ചക്കുറവോ വികാസക്കുറവോ മൂലമുണ്ടാകുന്ന മൈക്രോഫ്താല്‍മിയ എന്ന അവസ്ഥയാണ് ഹന്നയെ ബാധിച്ചിരിക്കുന്നത്. എല്‍.പി. ക്ലാസില്‍ പഠിക്കുമ്പോള്‍ സ്കൂളില്‍ തനിക്കുണ്ടായ അധിക്ഷേപങ്ങളിലും കളിയാക്കലുകളിലും അവള് കരഞ്ഞില്ല. അന്നുമുതലേ പഠനത്തിലും പാട്ടെഴുത്തിലുമായിരുന്നു അവളുടെ മുഴുവന്‍ ശ്രദ്ധയും. പ്ലസ് ടു പരീക്ഷയില്‍ സൈക്കോളജി, സോഷ്യോളജി, ഇക്കണോമിക്സ് എന്നീ വിഷയങ്ങള്‍ക്ക് 100 മാര്‍ക്ക്, പൊളിറ്റിക്സ് 99, ഇംഗ്ലീഷ് 97 എന്നിങ്ങനെയാണ് ഹന്ന നേടിയ മാര്‍ക്ക്.
അമ്മ ലിജ ബ്രയിലി പഠിച്ചാണ് ഹന്നയെ പഠിപ്പിച്ചുതുടങ്ങിയത്. ചെറുപ്പത്തില്‍ അച്ഛന് പറഞ്ഞുകൊടുത്ത കഥകളില്‍നിന്നാണ് അവള് ലോകത്തെ കണ്ടത്. കഥ കേട്ടു വളര്‍ന്ന ഹന്ന വെല്‍കം ഹോം എന്ന പേരില്‍ ഒരു കഥാസമാഹാരവും രചിച്ചു. ഒന്‍പത് ഇംഗ്ലീഷ് ഭക്തിഗാനങ്ങള്‍ക്ക് സംഗീതം നല്‍കുകയും ആലപിക്കുകയും ചെയ്തു. മോട്ടിവേഷണല്‍ ക്ലാസുകളും അനാഥാലയത്തിലെ കുട്ടികള്‍ക്കായി സ്പോക്കണ് ഇംഗ്ലീഷ് പരിശീലനവും അവള് നല്‍കിയിരുന്നു. പഠനത്തോടൊപ്പം എന്‍.ജി.ഒ.യുടെ ഭാഗമായി ജോലി ചെയ്തിട്ടുമുണ്ട്. അമേരിക്കയിലെ നോട്ടര്‍ഡാം സര്‍വകലാശാലയില്‍ സ്കോളര്‍ഷിപ്പോടെ സൈക്കോളജി ബിരുദ പഠനത്തിനുള്ള ഒരുക്കത്തിലാണ് ഹന്ന.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..