കൊച്ചി: നടന് കലാഭവന്‍ മണിയുടെ മരണം അമിത മദ്യപാനം മൂലമുള്ള കരള്‍ രോഗബാധയെ തുടര്‍ന്നെന്ന് സി.ബി.ഐ. അന്വേഷണ റിപ്പോര്‍ട്ട്. രാജ്യത്തെ പ്രമുഖ ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് ചൈല്‍ഡ് സി ലിവര്‍ സിറോസിസാണ് മരണകാരണമെന്ന് സി.ബി.ഐ. കണ്ടെത്തിയത്. രക്തത്തില്‍ കണ്ടെത്തിയ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം അപകടരമായ അളവിലുള്ളതല്ലെന്നാണ് കണ്ടെത്തല്‍. 35 പേജുള്ള അന്വേഷണ റിപ്പോര്‍ട്ട് സി.ബി.ഐ. എറണാകുളം സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ചു.
രണ്ടുവര്‍ഷം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് സി.ബി.ഐ. നല്‍കുന്നത്. 2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി അന്തരിച്ചത്. മരണത്തില്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാണിച്ച് ബന്ധുക്കള്‍ ഉന്നയിച്ച ആവശ്യത്തിനു പുറത്താണ് അന്വേഷണം സി.ബി.ഐക്കു വിട്ടത്.
മണിയുടെ രക്തത്തില്‍ കണ്ടെത്തിയ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം മണിയെ വിഷാംശം കലര്‍ത്തിയ മദ്യം നല്കി കൊന്നുവെന്ന സംശയം ബന്ധുക്കളില്‍ ജനിപ്പിച്ചിരുന്നു. എന്നാല്‍ കരള്‍രോഗ ബാധയുള്ള മണിയുടെ അമിത മദ്യപാനം മൂലമാണ് രക്തത്തില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം കലരാന്‍ ഇടയാക്കിയതെന്ന് സി.ബി.ഐ. നിയോഗിച്ച മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയിരിക്കുന്നത്.
അവസാന കാലത്ത് ദിവസം പതിനഞ്ച് ക്യാന്‍ ബിയര്‍ വരെ കഴിച്ചിരുന്ന മണിയുടെ കരളിന്റെ സ്ഥിതി തീരെ ദുര്‍ബലമായിരുന്നു. ബിയര്‍ അടക്കമുള്ളവയില്‍ കുറഞ്ഞ അളവില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശമുണ്ടെന്നും മെഡിക്കല്‍ ബോര്‍ഡ് പറയുന്നു. കരള്‍ ദുര്‍ബലമായതിനാല്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം രക്തത്തില്‍നിന്ന് പുറന്തള്ളാതെ കിടക്കുകയായിരുന്നു. മദ്യപാനിയായ ഒരു വ്യക്തിയുടെ ശരീരത്തില്‍ ആറ് മില്ലി ഗ്രാം വരെ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശമുണ്ടാകാം. പക്ഷെ മണിയുടെ ശരീരത്തില്‍ ഇത് നാലു മില്ലിഗ്രാം ആയതിനാല്‍ മീഥൈല്‍ ആല്‍ക്കഹോള്‍ മരണകാരണമായിട്ടില്ലെന്ന് സി.ബി.ഐ നിയോഗിച്ച മെഡിക്കല്‍ ബോര്‍ഡ് പറയുന്നു.
കൂടാതെ മണിയുടെ ശരീരത്തില്‍ കണ്ടെത്തിയ കീടനാശിനിയുടെ അംശം പച്ചക്കറികള്‍ വേവിക്കാതെ കഴിച്ചതിനാല്‍ ആണെന്നും അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. രക്തത്തില്‍ കണ്ടെത്തിയ കന്നബിനോണിയസ് എന്ന ലഹരിപദാര്‍ഥം അദ്ദേഹം കഴിച്ചിരുന്ന ആയുര്‍വേദ ലേഹ്യത്തില്നിന്നായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മദ്യപിക്കരുതെന്ന് പലതവണ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും മണി അതൊന്നും ചെവിക്കൊണ്ടില്ല.
മണിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ ഇടുക്കി ജാഫര്‍, സാബുമോന് തുടങ്ങിയ സിനിമാ താരങ്ങള്‍ അടക്കം ആറുപേരെ സി.ബി.ഐ. നുണപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. എന്നാല്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, പോണ്ടിച്ചേരി ജിപ്മെര്‍, മണിയെ പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടര്‍, ടോക്സിക്കോളജിസ്റ്റ് എന്നിവരടങ്ങിയ മെഡിക്കല്‍ ബോര്‍ഡാണ് മണിയുടെ മരണകാരണം അമിതമദ്യപാനം മൂലമുള്ള കരള്‍രോഗ ബാധയെ തുടര്‍ന്നാണെന്ന് കണ്ടെത്തിയിട്ടുള്ളത്.
content highlights: cbi submitts report on kalabhavan mani's death
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..