ന്യൂഡൽഹി: പെരിയ ഇരട്ട കൊലപാതക കേസില്‍ 2019 ഒക്ടോബറില്‍  എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നതായി സി ബി ഐ സുപ്രീം കോടതിയെ അറിയിച്ചു. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ കോടതിക്ക് കൈമാറി. സംസ്ഥാന സര്‍ക്കാര്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറാത്തതിനാല്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും സി ബി ഐ സുപ്രീം കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ളതായാണ് സൂചന.

പെരിയ ഇരട്ടകൊലപാതക കേസിന്റെ അന്വേഷണം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കൈമാറിയതിന് പിന്നാലെ എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു എന്നാണ് സി ബി ഐ സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്. സി ബി ഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റേയും വീടുകള്‍ സന്ദര്‍ശിച്ച് കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയെന്നും സി ബി ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ളതായാണ് സൂചന. 

പ്രതികളുടെയും സാക്ഷികളുടെയും കേസുമായി ബന്ധപെട്ടവരുടെയും ഉള്‍പ്പെടെ മുപ്പതിലധികം പേരുടെ  ഫോണ്‍ കോള്‍ രേഖകളും  ശേഖരിച്ചതായി സി ബി ഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിന് ശേഷം അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ട് പ്രത്യേക സി ബി ഐ കോടതിക്ക് ഫെബ്രുവരിയില്‍ കൈമാറി. ഇതിനിടയില്‍ സി ബി ഐ അന്വേഷണത്തിനെതിരെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സംസ്ഥാന സര്‍ക്കാര്‍ സമീപിച്ചു. 

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും സി ബി ഐ അന്വേഷണത്തിന് അനുകൂലമായി വിധിച്ചതോടെ കേസിന്റെ രേഖകള്‍ കൈമാറാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രേഖകള്‍ ഇത് വരെയും കൈമാറിയിട്ടില്ല.  അതിനാല്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും സി ബി ഐ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്ശിച്ചിട്ടുള്ളതായാണ് സൂചന. മുദ്ര വച്ച കവറില്‍ സി ബി ഐ നല്‍കിയ അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ട് നാളെ ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.

സി ബി ഐ യ്ക്ക് വേണ്ടി നാളെ കോടതിയില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരാകും. സി ബി ഐ അന്വേഷണവുമായി മുന്നോട്ട് പോകുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലില്‍ ഇടപെടില്ല എന്ന് നേരത്തെ തന്നെ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പെരിയ ഇരട്ട കൊലപാതക കേസില്‍ സി ബി ഐ അന്വേഷണം ആരംഭിച്ചിട്ടില്ല എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം.

content highlights: CBI response against state government On Periya twin murder case