ഹൈബി ഈഡൻ | ഫോട്ടോ: സിദ്ദിക്കുൽ അക്ബർ / മാതൃഭൂമി
കൊച്ചി: സോളാര്‍ പീഡനക്കേസില്‍ ഹൈബി ഈഡന്‍ എം.പിയെ സി.ബി.ഐ ചോദ്യം ചെയ്തു. കൊച്ചിയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു ഒരു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍. കേസന്വേഷിക്കുന്ന സിബിഐ തിരുവനന്തപുരം സ്‌പെഷ്യല്‍ യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ഹൈബിയെ ചോദ്യം ചെയ്തത്. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ മാധ്യമശ്രദ്ധ കുറയ്ക്കാന്‍ ഹൈബി ഈഡന്‍ സ്വയം വാഹനമോടിച്ചാണ് എത്തിയത്.
കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്താണ് സോളാര്‍ കേസ് സിബിഐ അന്വേഷണത്തിന് വിട്ടത്. ആറ് മാസം നീണ്ട പരിശോധനയ്ക്ക് ശേഷമാണ് ഹൈബി ഈഡന്‍ അടക്കമുള്ള ആറ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ബിജെപി അഖിലേന്ത്യ ഉപാധ്യക്ഷന്‍ അബ്ദുള്ളക്കുട്ടിക്കുമെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. 2012 ല്‍ നിയമഭാസമ്മേളനം നടക്കുന്ന സമയത്ത് എംഎല്‍എ ഹോസ്റ്റലിലെ ഹൈബി ഈഡന്റെ മുറിയില്‍ വെച്ച് പരാതിക്കാരിയെ ഉപദ്രവിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. പരാതി അടിസ്ഥാനമാക്കി കേസില്‍ ഹൈബിയെ പ്രതിയാക്കി ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
അതേ എഫ്‌ഐആര്‍ പ്രകാരം ഹൈബിയെ സിബിഐയും പ്രതിയാക്കിയിരുന്നു. കഴിഞ്ഞ മേയ് അഞ്ചിന് കുറ്റകൃത്യം നടന്നു എന്ന് പറയപ്പെടുന്ന എംഎല്‍എ ഹോസ്റ്റലിലെ നിള ബ്ലോക്കില്‍ സിബിഐസംഘം പരാതിക്കാരിക്കൊപ്പമെത്തി പരിശോധന നടത്തിയിരുന്നു. പ്രാഥമികമായ ചോദ്യം ചെയ്യല്‍ മാത്രമാണ് നടന്നതെന്നും വീണ്ടും ഹൈബിയെ ചോദ്യം ചെയ്യുമെന്നും സിബിഐ വൃത്തങ്ങള്‍ സൂചന നല്‍കി. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആദ്യം നോട്ടീസ് നല്‍കിയപ്പോള്‍ തിരഞ്ഞെടുപ്പ് കാലമായതിനാല്‍ ഒഴിവാക്കണമെന്ന് ഹൈബി ആവശ്യപ്പെട്ടിരുന്നെങ്കിലും അടിയന്തരമായി ഹാജരാകാന്‍ സിബിഐ അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു.
Content Highlights: CBI questions Hibi Eden MP, Solar Case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..