ന്യൂഡൽഹി: പെരിയ ഇരട്ട കൊലപാതക കേസില്‍ 2019 ഒക്ടോബറില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നതായി ശരത്ത്ലാലിന്റെയും കൃപേഷിന്റേയും കുടുംബം. കഴിഞ്ഞ ഫെബ്രുവരിയില്‍ അന്വേഷണ തത്സ്ഥിതി റിപ്പോര്‍ട്ട് എറണാകുളത്തെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സി ബി ഐ ഫയല്‍ ചെയ്തിരുന്നതായും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ് മൂലത്തില്‍ കുടുംബം വ്യക്തമാക്കി. അതേസമയം കേസ് അന്വേഷണം സംബന്ധിച്ച നിലപാട് വ്യക്തമാക്കി സി ബി ഐ ഇത് വരെയും സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടില്ല.
പെരിയ ഇരട്ട കൊലപാതക കേസിന്റെ അന്വേഷണം കൈമാറികൊണ്ടുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിന് തൊട്ട് പിന്നാലെ സി ബി ഐ തിരുവനന്തപുരം യുണിറ്റ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി സത്യവാങ്മൂലത്തില്‍ കുടുംബം ചൂണ്ടിക്കാട്ടുന്നു. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയുടെ പരിഗണനയില്‍ ഉണ്ടായിരുന്ന കേസ് എറണാകുളത്തെ പ്രത്യേക സി ബി ഐ കോടതിയിലേക്ക് മാറ്റിയിരുന്നു. തങ്ങളുടെ വീട് സന്ദര്‍ശിച്ച് സി ബി ഐ ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്തിയിരുന്നതായും ശരത്ത് ലാലിന്റെയും കൃപേഷിന്റേയും കുടുംബം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
എല്ലാ പ്രതികളുടെയും സാക്ഷികളുടെയും, കേസുമായി ബന്ധപെട്ടവരുടെയും ഫോണ്‍ കോള്‍ രേഖകളും സി ബി ഐ ശേഖരിച്ചിരുന്നു. അന്വേഷണ തത്സ്ഥിതി റിപ്പോര്‍ട്ട് ഫെബ്രുവരി 22 ന് പ്രത്യേക കോടതിക്ക് കൈമാറിയിരുന്നതായും അഭിഭാഷകന് എം ആര് രമേശ് ബാബു മുഖേനെ ഫയല്‍ ചെയ്ത സത്യവാങ് മൂലത്തില്‍ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന പോലീസിന്റെ ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ തങ്ങള്‍ക്ക് വിശ്വാസമില്ല. ആദ്യം മുതലേ രാഷ്ട്രീയ ഇടപെടല്‍ അന്വേഷണത്തില്‍ ഉണ്ടായിരുന്നതായും കുടുംബം സത്യവാങ് മൂലത്തില്‍ ആരോപിച്ചിട്ടുണ്ട്. സി ബി ഐയ്ക്ക് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറാത്തതിനെതിരെ കുടുംബം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
നിലപാട് അറിയിക്കാതെ സി ബി ഐ
പെരിയ ഇരട്ട കൊലപാതക കേസ് അന്വേഷണത്തെ സംബന്ധിച്ച നിലപാട് ഇത് വരെയും സി ബി ഐ സുപ്രീം കോടതിയെ അറിയിച്ചിട്ടില്ല. സി ബി ഐ അന്വേഷണം പുരോഗമിക്കുകയാണെങ്കില്‍ പെരിയ ഇരട്ട കൊലപാതക കേസില്‍ ഇടപെടില്ല എന്ന് സുപ്രീ കോടതി കഴിഞ്ഞ മാസം 25 ന് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലപാട് അറിയിക്കാന്‍ സി ബി ഐ യോട് കോടതി നിര്‍ദേശിച്ചത്.
സി ബി ഐ അന്വേഷണത്തിന് എതിരായ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. പൂജ ദസ്സറ അവധിക്കായി അടച്ച കോടതി ഇനി തിങ്കളാഴ്ചയെ തുറക്കുകയുള്ളു. അതിനാല്‍ കേസ് പരിഗണിക്കുന്നതിന് മുമ്പ് സി ബി ഐ യ്ക്ക് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സാധിക്കില്ല. അതേസമയം കേസ് പരിഗണിക്കുമ്പോള്‍ കോടതിയില്‍ നേരിട്ട് ഹാജരായി സി ബി ഐ യ്ക്ക് നിലപാട് അറിയിക്കാന്‍ സാധിക്കും.
cntent highlights: CBI Probe started one year before, says Periya twin murder victim's family in affidavit