ന്യൂ ഡല്‍ഹി: കോടികളുടെ ക്രമക്കേട് നടന്നെന്ന പരാതിയില്‍ കേരളാ ക്രിക്കറ്റ് അസോസിയേഷനെതിരെ സി.ബി.ഐ അന്വേഷണം തുടങ്ങി. അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങള്‍,  ഇടക്കൊച്ചി സ്റ്റേഡിയത്തിന് സ്ഥലം ഏറ്റെടുത്തത്‌, കൊച്ചിയില്‍ ഫ്‌ളഡ്‌ലൈറ്റ് സ്ഥാപിച്ചത് എന്നിവയില്‍ ക്രമക്കേട് നടന്നതായ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സി.ബി.ഐ പ്രാഥമിക അന്വേഷണം ആരംഭിച്ചത്.

സി.ബി.ഐയുടെ ഡല്‍ഹി യൂണിറ്റാണ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുക. ക്രിക്കറ്റ് അസോസിയേഷനിലെ ഏതാനും ഭാരാവാഹികള്‍ക്കെതിരെയാണ് ഇപ്പോള്‍ പ്രാഥമിക അന്വേഷണം പുരോഗമിക്കുന്നത്.

കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ കെസിഎയില്‍ വന്‍ക്രമക്കേട് നടന്നെന്ന പരാതികളിലായിരിക്കും സി.ബി.ഐ അന്വേഷണം നടത്തുക. എന്നാല്‍ സി.ബി.ഐക്ക് ആരോ അയച്ച പരാതിയില്‍ കെസിഎയോട് ചില ചോദ്യങ്ങള്‍ ചോദിച്ചു എന്നല്ലാതെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയിട്ടില്ലെന്ന് കെ.സി.എ പ്രസിഡന്റ് ടി.സി മാത്യു പറഞ്ഞു.

സെന്റിന്‌ 60,000 രൂപ വിലമതിക്കുന്ന ഇടക്കൊച്ചിയിലെ സ്റ്റേഡിയത്തിനുളള സ്ഥലം 1,10,000 രൂപക്കാണ് വാങ്ങിയത്. ഈ ഇടപാടില്‍ 20 കോടിയോളം രൂപയുടെ ക്രമക്കേടുണ്ടെന്നാണ് ഇടക്കൊച്ചിയുമായി ഉയര്‍ന്ന പരാതി.

അടിസ്ഥാന സൗകര്യ വികസനത്തില്‍ കോടികള്‍ ചിലവഴിച്ചതില്‍ ക്രമക്കേട് നടന്നെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. ഇതില്‍ പ്രാഥമിക അന്വേഷണത്തില്‍ തന്നെ ക്രമക്കേട് ബോധ്യമായിട്ടുണ്ടെന്നാണ് വിവരം.

ജനറല്‍ ബോഡി വിളിച്ച് ചേര്‍ക്കാതെയും കണക്കു തയ്യാറാക്കാതെയും അനധികൃതമായി ഏകദേശം നാലു കോടിയോളം രൂപ ചിലവഴിച്ചു എന്നാണ് മറ്റൊരു പരാതി.  ക്രിക്കറ്റ് വികസനത്തിന് നല്‍കിയ പണം മറ്റു ആവശ്യങ്ങള്‍ക്കുപയോഗിച്ചെന്നും ഭാരാവാഹികളില്‍ പലരും അനര്‍ഹമായി പണം സമ്പാദിച്ചുവെന്നുമുള്ള ആരോപണവും നിലനില്‍ക്കുന്നു. 

വയനാട് കൃഷ്ണഗിരി സ്റ്റേഡിയവുമായി ബന്ധപ്പെട്ട പരാതിയും സി.ബി.ഐയുടെ പരിഗണനയില്‍ ഉണ്ടെന്നാണ് അറിയുന്നത്‌