ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയ് കേസ് അന്വേഷിക്കില്ലെന്ന് സിബിഐ. സുപ്രീം കോടതിയിലാണ് സിബിഐ നിലപാട് അറിയിച്ചത്. സിബിഐയുടെ നിലാപാടിനെ കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. 

അന്തര്‍സംസ്ഥാന കേസല്ലെന്ന് ചൂണ്ടിക്കാട്ടി സിബിഐ അന്വേഷണത്തിന്റെ സാഹചര്യം ഈ കേസിലില്ലെന്ന് സിബിഐ വ്യക്തമാക്കി. കേസ് കേരള പോലീസ് അന്വഷിച്ചാല്‍ മതിയെന്ന് സിബിഐ കോടതിയെ അറിയിച്ചു. 

സിബിഐയുടെ നിലപാടിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. അന്വേഷണം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനം വന്ന് നാലുമാസം സിബിഐ എന്തുചെയ്യുകയായിരുന്നു എന്ന് കോടതി ചോദിച്ചു. ഇത്തരം നിലാപാടുകളോട് യോജിക്കാനാവില്ല. ഇത് ആവര്‍ത്തിച്ചാല്‍ കോടതിയ്ക്ക് ഇടപെടേണ്ടിവരുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയും കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ നല്‍കിയ ഹര്‍ജിയുമാണ് സുപ്രീം കോടതി പരിഗണിച്ചത്. 

മുന്‍പ് കേസ് പരിഗണിച്ചപ്പോള്‍ അന്വേഷണം കൈമാറിക്കൊണ്ടുള്ള വിജ്ഞാപനം ലഭിച്ചില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ജൂണ്‍ 15ന് വിജ്ഞാപനം ഇറക്കിയിരുന്നെന്നും ഇത് സിബിഐ അഭിഭാഷകന് രേഖാമൂലം നല്‍കിയിരുന്നെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.