കൊച്ചി: ലൈഫ് മിഷന്‍ കേസ് അന്വേഷണത്തിനുള്ള ഭാഗിക സ്റ്റേ അന്വേഷണത്തെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ സിബിഐയുടെ ഹര്‍ജി. ലൈഫ് മിഷനില്‍ വിശദമായ വാദം അടിയന്തിരമായി കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് സിബിഐ ഹൈക്കോടതിയല്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹൈക്കോടതി കേസ് തിങ്കളാഴ്ച പരിഗണിക്കും.

ലൈഫ് മിഷനുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ ക്രമക്കേടുകള്‍ നടന്നിട്ടുള്ളത്. പണമിടപാട് സംബന്ധിച്ച് എഫ്.സി.ആര്‍.എ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ ലൈഫ് മിഷനെ ഒഴിച്ചുനിര്‍ത്തി മുന്നോട്ടുപോകാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് എഫ്.സി.ആര്‍.എ ബാധകമാകുമോ എന്ന കാര്യത്തില്‍ അടിയന്തിരമായി വാദം കേള്‍ക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. 

നേരത്തെ രണ്ടു മാസത്തേക്കായിരുന്നു ഹൈക്കോടതി ലൈഫ് മിഷനെതിരായ അന്വേഷണം സ്റ്റേ ചെയ്തിരുന്നത്. ഇത്രയും കാലത്തേക്ക് അന്വേഷണം നിര്‍ത്തിവെക്കാന്‍ കഴിയില്ലെന്നാണ് സിബിഐ ചൂണ്ടിക്കാണിക്കുന്നത്. കേസ് എത്രയും പെട്ടെന്ന് പരിഗണിച്ച് ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാക്കണമെന്നാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ. രജിസ്റ്റര്‍ചെയ്ത എഫ്.ഐ.ആര്‍. റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷന്‍ സി.ഇ.ഒ. യു.വി. ജോസ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടക്കാല സ്റ്റേ നല്‍കിയിരുന്നത്. 

എഫ്.സി.ആര്‍.എ. ലംഘിച്ചെന്നു കാട്ടി സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍. നിയമപരമായി നിലനില്‍ക്കില്ലെന്നായിരുന്നു ലൈഫ് മിഷന്റെ വാദം. കോടതി ഇത് പരിഗണിക്കുകയും ഇക്കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് നിരീക്ഷിക്കുകയും ചെയ്തു. അതുവരെ ലൈഫ് മിഷന്‍ സിഇഒയ്ക്ക് എതിരായ അന്വേഷണം നിര്‍ത്തിവെക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

Content Highlights: CBI in High Court against stay of Life Mission probe; need to hear arguments immediately