ആർ. ചന്ദ്രശേഖരൻ, കെ.എ. രതീഷ് Screengrab: Mathrubhumi News
കൊച്ചി: കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതിയില്‍ ഐ.എന്‍.ടി.യു.സി. നേതാവ് ആര്‍. ചന്ദ്രശേഖരന്‍, മുന്‍ എം.ഡി. കെ.എ. രതീഷ് എന്നിവര്‍ക്കെതിരേ സി.ബി.ഐ. ഹൈക്കോടതിയില്‍. കോര്‍പ്പറേഷനിലെ അഴിമതിയില്‍ വ്യക്തമായ തെളിവുണ്ടെന്നും ഇരുവരും ജെ.എം.ജെ. ട്രേഡേഴ്‌സുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും സി.ബി.ഐ. ഹൈക്കോടതിയെ അറിയിച്ചു.
അഴിമതിയിലൂടെ കോര്‍പ്പറേഷന് കോടികളുടെ നഷ്ടമുണ്ടാക്കി. നാലരക്കോടിയുടെ നഷ്ടം ഇതുവരെ കണ്ടെത്തി. വലിയ തട്ടിപ്പാണ് നടന്നിരിക്കുന്നത്. അതിനാല്‍ ഇനിയും അന്വേഷണം നടത്തേണ്ടതുണ്ട്. എന്നാല്‍ അത് പരിശോധിക്കാന്‍ ആവശ്യമായ രേഖകള്‍ കോര്‍പ്പറേഷന്റെ കൈവശമില്ലെന്നും സി.ബി.ഐ. ഹൈക്കോടതിയെ അറിയിച്ചു.
കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ച സര്‍ക്കാരിന്റെ നിലപാടിനെയും സി.ബി.ഐ. വിമര്‍ശിച്ചു. കേസിലെ തെളിവുകള്‍ പരിശോധിക്കാതെയാണ് സര്‍ക്കാര്‍ പ്രോസിക്യൂഷന് അനുമതി നിഷേധിച്ചതെന്നാണ് സി.ബി.ഐ.യുടെ വാദം. അതേസമയം, സര്‍ക്കാര്‍ അനുമതിയില്ലെങ്കിലും സി.ബി.ഐ.യ്ക്ക് കേസില്‍ കുറ്റപത്രം നല്‍കാനാകുമെന്നും ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. അതിനാല്‍ അടുത്തദിവസങ്ങളില്‍ തന്നെ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനും സാധ്യതയുണ്ട്.
കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതിയില്‍ കൊല്ലം സ്വദേശി കടകംപള്ളി മനോജ് നല്‍കിയ പരാതിയിലാണ് ഹൈക്കോടതി സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടത്. കോര്‍പ്പറേഷനില്‍ 500 കോടിയുടെ അഴിമതി നടന്നെന്നായിരുന്നു ആരോപണം. എന്നാല്‍ കേസില്‍ കെ.എ. രതീഷിനെയും ആര്‍. ചന്ദ്രശേഖരനെയും പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. തുടര്‍ന്നാണ് പരാതിക്കാരനായ കടകംപള്ളി മനോജ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് സി.ബി.ഐ. പുതിയ വിവരങ്ങള്‍ കോടതിയെ അറിയിച്ചത്.
Content Highlights: cbi given statement about cashew development corporation corruption case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..