സിബിഐ സംഘം പെരിയയിൽ സംഭവം പുനരാവിഷ്‌കരിക്കുന്നു | Photo: screengrab | Mathrubhumi News
കാസര്‍കോഡ് : പെരിയ ഇരട്ടക്കൊല കേസ് അന്വേഷിക്കാന്‍ സിബിഐ സംഘം പെരിയയിലെത്തി. കൊലപാതകം നടന്ന സ്ഥലത്ത് എത്തിയ സിബിഐ കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകം പുനരാവിഷ്‌കരിച്ചു. സംഭവത്തിലെ ദൃസാക്ഷികളെ ഉള്‍പ്പെടെ സിബിഐ വിളിച്ചുവരുത്തിയിട്ടുണ്ട്. വെട്ടിക്കൊല്ലാന്‍ ഉപയോഗിച്ച വടിവാള്‍ ഉള്‍പ്പെടെയുള്ളവയും സംഭവസ്ഥലത്തെത്തിച്ചിട്ടുണ്ട്. യുവാക്കളെ മുഖം മൂടി ധരിപ്പിച്ച് രംഗത്തിറക്കിയാണ് അക്രമം സിബിഐ പുനരാവിഷ്കരിക്കുന്നത്.
തിരുവനന്തപുരം യൂണിറ്റ് സൂപ്രണ്ട് നന്ദകുമാരന്‍ നായരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പെരിയയിലെത്തിയത്. കല്യോട്ട് നിന്നു വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വഴിയില്‍ ഒളിച്ചിരുന്ന സംഘം ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകം നടന്ന കൂരങ്കര റോഡിലാണ് സംഭവം പുനരാവിഷ്‌കരിക്കുന്നത്. കൃപേഷും ശരത് ലാലും വെട്ടേറ്റ് വീണ് കിടക്കുന്നത് കണ്ടത് ജീപ്പിലെത്തിയ ബന്ധുക്കള്‍ ഉള്‍പ്പെടെയുളളവരായിരുന്നു. ഈ ജീപ്പില്‍ കയറ്റിയാണ് ശരത് ലാലിനെ ആശുപത്രിയില്‍ എത്തിക്കുന്നത്. ഈ ജീപ്പും സിബിഐ സംഘം സ്ഥലത്തെത്തിച്ചിട്ടുണ്ട്. ശരത് ലാലിന്റെയും കൃപേഷിന്റെയും ബന്ധുക്കളോട് സിബിഐ സംഘം സംസാരിച്ചിരുന്നു.
2019 ഫെബ്രുവരി 17നായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്.
തിരുവനന്തപുരം യൂണിറ്റിലെ ഡി.വൈ.എസ്പി. ടി.പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല. ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന ശക്തികളെ സംബന്ധിച്ചാകും സി.ബി.ഐയുടെ അന്വേഷണം.
Content Highlight: CBI dummy test in Periya murder case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..