കൊച്ചി: ദേശീയപാത നിര്‍മാണ അഴിമതിയിൽ പാലിയേക്കര ടോള്‍പിരിക്കുന്ന കമ്പനിക്കും ദേശീയപാത അധികൃതര്‍ക്കുമെതിരേ സി ബി ഐ കേസ്. 102.44 കോടി രൂപയുടെ അഴിമതി നടന്നതായാണ് സി ബി ഐ. കണ്ടെത്തിയത്.

മണ്ണുത്തി മുതല്‍ അങ്കമാലി വരെയുള്ള ദേശീയപാത നിര്‍മാണത്തിലെ ക്രമക്കേടാണ് സി ബി ഐ കേസിന് ഇടയാക്കിയത്. 2002ലാണ് ദേശീയപാത അതോറിറ്റി കരാർ നല്‍കിയത്. കെ എം സി കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡും എസ് ആര്‍ ഇ ഐ ഇന്‍ഫ്രാസ്ട്രചകര്‍ ഫിനാന്‍സ് ലിമിറ്റഡിനുമാണ് കരാര്‍ കിട്ടിയത്. ഇവര്‍ ഗുരുവായുര്‍ ഇന്‍ഫ്രാസ്ട്രക്ടചര്‍ എന്ന കമ്പനിക്ക് നിര്‍മാണത്തിനും അറ്റകുറ്റപ്പണിക്കുമടക്കമുള്ള ഉപകരാര്‍ നല്‍കി. എന്നാല്‍ 2006 മുതല്‍ 2016 വരെയുള്ള കാലയളവില്‍ കരാറിലെ വ്യവസ്ഥകള്‍ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പാലിച്ചിട്ടില്ലായെന്നാണ് സി ബി ഐ കണ്ടെത്തിയിരിക്കുന്നത്.

സി ബി ഐയുടെ എഫ് ഐ ആറില്‍ പറയുന്ന ക്രമക്കേടുകള്‍ ഇവയാണ്-

1. കമ്പനിയുടെ എം ഡി വിക്രം റെഡ്ഡി ദേശീയപാത അതോറിറ്റി അധികൃതരുമായി ഗൂഡാലോചന നടത്തി സര്‍ക്കാരിന് നഷ്ടമുണ്ടാക്കി.
2. കരാറിലെ വ്യവസ്ഥകള്‍ പാലിക്കാതെ അനധികൃതമായി ടോള്‍ പിരിക്കാന്‍ തുടങ്ങി
3. നിര്‍മാണത്തില്‍ പാലിക്കേണ്ട മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്തി
4. കരാറിന്റെ ഭാഗമായി 12 ബസ് ബേയ്കള്‍ എല്ലാസംവിധാനത്തോടും കൂടി പണിയണമായിരുന്നു. എന്നാല്‍ ഇതില്‍ മൂന്നെണ്ണം മാത്രമാണ് പൂര്‍ത്തീകരിച്ചത്.
5. ബസ് ബേയ്കള്‍ക്കുള്ളില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ചും കരാറുകള്‍ നല്‍കുന്നതിലും ക്രമക്കേടുകള്‍ നടന്നു.

നിര്‍മാണ കരാറിന്റെ വ്യവസ്ഥകളുടെ ഭാഗമായാണ് പാലിയേക്കരയില്‍ ടോള്‍പിരിക്കുന്നതിനുള്ള അനുമതി ഗുരുവായൂര്‍ ഇന്ഫ്രാസ്ട്രക്ടചര്‍ കമ്പനിക്ക് നല്‍കിയത്. എന്നാല്‍ ഈ അനുമതി അനധികൃതമാണെന്നാണ് സി ബി ഐ എഫ് ഐ ആറില്‍ പറയുന്നത്. കമ്പനി ഡയറക്ടര്‍ വിക്രം റെഡ്ഡിയാണ് കേസിലെ ഒന്നാം പ്രതി. കമ്പനി രണ്ടാം പ്രതിയും പാലക്കാട് ദേശീയപാത അതോറിറ്റി ഓഫീസിലെ ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയിലുണ്ട്.

102.44 കോടിയുടെ ക്രമക്കേടുകള്‍ നടന്നതായാണ് കൊച്ചി സി ബി ഐ യൂണിറ്റിലെ ഇന്‍സ്പെക്ടര്‍ എന്‍ ആര്‍ സുരേഷ് കോടതിയില്‍ നല്‍കിയ എഫ് ഐ ആറില്‍ പറയുന്നത്.

Content Highlights:cbi booked case in mannuthi edappally nh innovation and paliyekara toll contract