തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി മുതൽ ജൂലൈ വരെ 158 കുട്ടികള്‍ ആത്മഹത്യ ചെയ്തുവെന്നാണ് റിപ്പോർട്ട്. ആത്മഹത്യ ചെയ്ത കുട്ടികളില്‍ കൂടുതലും പഠനത്തില്‍ മുമ്പില്‍ നില്‍ക്കുന്നവരും കുടുംബത്തില്‍ മുമ്പ് ആരും ആത്മഹത്യ ചെയ്ത സംഭവങ്ങള്‍ ഇല്ലാത്തവരോ ആയിരുന്നു.എന്തുകാരണത്താലാണ് ആത്മഹത്യ എന്ന് തിരിച്ചറിയാത്ത 41 കേസുകളാണ് ഉണ്ടായിരിക്കുന്നത്.

കുട്ടികളുടെ സ്വഭാവ വൈചിത്ര്യങ്ങള്‍ക്ക് എല്ലാവരും കുറ്റപ്പെടുത്തുന്ന മൊബൈല്‍- ഇന്റര്‍നെറ്റ് അഡിക്ഷന്‍, പ്രണയ പരാജയം, രക്ഷിതാക്കളുടെ ശകാരം, മാനസിക പ്രശ്നങ്ങള്‍, രക്ഷിതാക്കള്‍ തമ്മിലുള്ള വഴക്കുകള്‍ തുടങ്ങിയവയാണ് കുട്ടികളുടെ ആത്മഹത്യയ്ക്ക് കാരണമാകുന്നതെന്ന് കണക്കുകള്‍ പറയുന്നു.

രക്ഷിതാക്കള്‍ വഴക്കുപറയുന്നതിലുണ്ടാകുന്ന മാനസിക വിഷമം മൂലം ആത്മഹത്യ തിരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ ആണ്‍കുട്ടികളാണ്. മാത്രമല്ല പ്രിയപ്പെട്ടവരുടെ അകാല വേര്‍പാട്, ഇന്റര്‍നെറ്റ്- മൊബൈല്‍ അഡിക്ഷന്‍, സഹോദരങ്ങളുമായുള്ള കലഹം എന്നിവ മൂലവും ആത്മഹത്യയില്‍ അഭയം തേടുന്നതില്‍ കൂടുതലും ആണ്‍കുട്ടികളാണ്.

എന്നാല്‍ പരീക്ഷയില്‍ പരാജയപ്പെടുമോയെന്നുള്ള ഭയം, ലൈംഗികാതിക്രമങ്ങള്‍, മാനസിക പ്രശ്നങ്ങള്‍ എന്നിവയാണ് പെണ്‍കുട്ടികളുടെ ആത്മഹത്യയ്ക്ക് കാരണമായി തീരുന്നത്.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 25 മുതല്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കപ്പെട്ട് ജീവിതക്രമം ഏറെക്കുറെ സാധാരണ നിലയിലേക്ക് എത്തിയ ജൂലൈ എട്ട് വരെയുള്ള കണക്കുകള്‍ നോക്കിയാല്‍ 66 കുട്ടികളാണ് ആത്മഹത്യ ചെയ്തത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് 83 കുട്ടികളാണ് ആത്മഹത്യ ചെയ്തത്. അതിനര്‍ഥം ലോക്ക്ഡൗണ്‍ കുട്ടികളിലെ ആത്മഹത്യയെ കാര്യമായി സ്വാധീനിച്ചിട്ടില്ല എന്നാണ്.

കുടുതല്‍ കുട്ടികളും പകല്‍ സമയം ആത്മഹത്യയ്ക്കായി തിരഞ്ഞെടുക്കുന്നുവെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. 77 കുട്ടികള്‍ പകല്‍ സമയത്താണ് ആത്മഹത്യ ചെയ്തിട്ടുള്ളത്. 12-18 പ്രായത്തിലുള്ള കുട്ടികള്‍ വളരെ പെട്ടെന്ന് ആത്മഹത്യ ഒരു വഴിയായി തിരഞ്ഞെടുക്കുന്നു. അതില്‍ 41 ശതമാനം കുട്ടികളും ഹയര്‍ സെക്കന്‍ഡറി തലങ്ങളില്‍ പഠിക്കുന്നവരാണെന്നതാണ് ശ്രദ്ധേയം.

മലപ്പുറം, തിരുവനന്തപുരം, തൃശ്ശൂര്‍ പാലക്കാട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടക്കുന്നത്. ഇതില്‍ തിരുവനന്തപുരം, മലപ്പുറം ജില്ലകള്‍ സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്. ഇവിടങ്ങളില്‍ ആണ്‍കുട്ടികളാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്തിട്ടുമുള്ളത്.

വീടുകളിലാണ് ആത്മഹത്യകള്‍ അധികവും നടക്കുന്നത്. മറ്റ് കുടുംബാംഗങ്ങളുമായി അധികം ഇടപഴകാതെ വീടിനുള്ളില്‍ കഴിഞ്ഞുകൂടുന്ന കുട്ടികളെ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ നിയോഗിച്ച സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.

കുട്ടികളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സമിതി റിപ്പോര്‍ട്ടില്‍ പറയുന്ന കാരണങ്ങള്‍ ഇവയൊക്കെയാണ്

 • നിരാശ, ഒറ്റപ്പെടല്‍, കുടുംബ വഴക്കുകള്‍
 • മാനസിക പ്രശ്നങ്ങള്‍
 • രക്ഷിതാക്കളില്‍ ആരുടെയെങ്കിലും അമിത മദ്യപാനം, രക്ഷിതാക്കള്‍ ശ്രദ്ധിക്കുന്നില്ല എന്ന തോന്നല്‍, താന്‍ ആര്‍ക്കും വേണ്ടാത്തയാളെന്ന തോന്നല്‍
 • സഹോദരങ്ങളുമായുള്ള കലഹം, മറ്റുള്ളവരേക്കാള്‍ താഴെയെന്ന തോന്നല്‍, വൈകാരിക പ്രശ്നങ്ങള്‍
 • ശരീരത്തിന്റെ വൈകല്യമോ മറ്റ് കാരണങ്ങളോ കൊണ്ട് പരിഹാസത്തിന് വിധേയരാകല്‍, കുറ്റബോധം
 • പ്രണയനൈരാശ്യം
 • ചീത്ത കൂട്ടുകെട്ടുകള്‍
 • തകര്‍ന്ന കുടുംബം, രണ്ടാനമ്മ- അച്ഛന്‍ എന്നിവരില്‍ നിന്ന് നേരിടുന്ന പ്രശ്നങ്ങള്‍
 • രക്ഷിതാക്കളുടെ അമിത സംരക്ഷണബോധം മൂലമുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങള്‍
 • സാമൂഹ്യ സാഹചര്യങ്ങള്‍ മോശമായിരിക്കുന്നത്
 • മറ്റുള്ളവരില്‍ നിന്ന് പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവരുന്നത്

കുട്ടികളിലെ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നുവെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ചിരി ഹെല്‍പ്ലൈന്‍ ആരംഭിച്ചത്. പുതിയ റിപ്പോര്‍ട്ടുകൂടി പുറത്തുവന്നതോടെ ഇതിന്റെ പ്രാധാന്യം ഒരിക്കല്‍ കൂടി വര്‍ധിക്കുകയാണ്.

Read More:- സംസ്ഥാനത്ത് കഴിഞ്ഞ 7 മാസത്തിനിടെ ആത്മഹത്യ ചെയ്തത് 158 കുട്ടികള്‍, കൂടുതലും പെണ്‍കുട്ടികള്‍

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: Child Suicide in Kerala