അരൂര്‍: പുറത്തുനിന്നു നോക്കിയാല്‍ ഒരു ചെറു കെട്ടിടം. തുരുമ്പെടുത്ത ഇരുമ്പ് ഷീറ്റുകളാണു ചുറ്റും. അകത്തു കയറിയാല്‍ ആരുമൊന്ന് അമ്പരക്കും. വന്‍കിട ഹോട്ടലുകളിലെ പോലെ സ്യൂട്ട് മുറിയാണ് ഈ ഇരുമ്പു ഷീറ്റിനുള്ളില്‍. മുറിക്കുള്ളിലെ എന്‍ട്രി ബോര്‍ഡിനു കീഴിലെ വാതില്‍ തുറന്നാലുള്ള ലോകം അതിലും മാസ്മരികം. ഡി.ടി.എസ്. സൗണ്ട് സിസ്റ്റം ഉള്‍പ്പെടെയുള്ള മിനി തിയേറ്ററാണ് ഇവിടെ. 240 ചതുരശ്ര അടി സ്ഥലത്താണ് ഈ അദ്ഭുതലോകം. 

കോവിഡ് കാലത്തെ ബോറടി മാറ്റാന്‍ തുടങ്ങിയ കരവിരുതാണിത്. പള്ളിപ്പുറം ചെറുകാട്ട് ജയകൃഷ്ണനാണ് കാലിത്തൊഴുത്തിനെ ഇത്തരത്തില്‍ മാറ്റിയത്. എട്ട് കമ്പികളില്‍ ഉയര്‍ന്നു നില്‍ക്കുന്ന ചെറിയ ഷെഡ്ഡ് കാലികളെ കെട്ടാനും വൈക്കോല്‍ നനയാതെ സൂക്ഷിക്കാനുമാണ് ഉപയോഗിച്ചിരുന്നത്. പ്ലംബിങ്, കോര്‍കട്ടിങ് ജോലികളായിരുന്നു ജയന്. കോവിഡ് പരന്നതോടെ ജോലി ഇല്ലാതായി. വീട്ടിലിരുന്നു മടുത്തപ്പോഴാണ് ഷെഡ്ഡില്‍ നോട്ടം പതിച്ചത്. 

ജയകൃഷ്ണൻ
സ്യൂട്ട് റൂമിനുള്ളിൽ ജയകൃഷ്ണൻ

ആദ്യം ഇരുമ്പ് ഷീറ്റുകള്‍ ഉപയോഗിച്ച് നാലുവശവും മറച്ചു. പേരിന് പഴയ രണ്ട് വാതിലും ഒരു ജനല്‍പ്പാളിയും വെച്ചു. അപ്പോഴാണ് താന്‍ ജോലിചെയ്ത ഹോട്ടലിലെ സ്യൂട്ട് റൂം ഓര്‍മയില്‍ വന്നത്. അനുജന്‍ അഭിലാഷും അനന്തിരവന്‍ അഭിജിത്തും കൂട്ടുകാരുമൊക്കെ പിന്തുണയേകി. അങ്ങനെ കാലിത്തൊഴുത്തിന്റെ അകം ഭംഗിയേറിയ സ്യൂട്ട് റൂമാക്കി. കുളിമുറിയില്ല. പക്ഷേ ഒരാള്‍ക്ക് പെരുമാറാന്‍ കഴിയുന്ന അടുക്കളയുണ്ട്. 170 ചതുരശ്ര അടിയിലാണ് ഇവ പൂര്‍ത്തീകരിച്ചത്.

സിനിമാ കമ്പക്കാരനായ ജയന്റെ അടുത്ത ലക്ഷ്യം മിനി തിയേറ്ററായിരുന്നു. 70 ചതുരശ്ര അടിയിലാണ് തിയേറ്റര്‍. വിജയദശമി ദിനമായ വെള്ളിയാഴ്ച തിയേറ്റര്‍ ഔദ്യോഗികമായി തുറന്നു; വീട്ടുകാര്‍ക്കു മാത്രം സിനിമ കാണാന്‍. ആറ് സീറ്റുകളാണ് തിയേറ്ററില്‍. ഡി.ടി.എസ്. സൗണ്ട് സിസ്റ്റത്തിനൊപ്പം, എല്‍.ഇ.ഡി. പ്രൊജക്ടര്‍, പ്രൊജക്ടര്‍ സ്‌ക്രീന്‍, എയര്‍ കണ്ടീഷന്‍, വൈഫൈ കണക്ഷന്‍, തിയേറ്ററിലെപ്പോലെ എക്സിറ്റ് എന്‍ട്രി ബോര്‍ഡ്, പുഷ്ബാക്ക് സീറ്റ് എന്നിവയൊക്കെയുണ്ട്. 

kochi
ഇരുമ്പ് ഷീറ്റുകളാൽ മറച്ച സ്യൂട്ട്‌ റൂമിന്റേയും തിയേറ്ററിന്റേയും പുറമേ നിന്നുള്ള കാഴ്ച

നിര്‍മാണത്തിന്റെ 80 ശതമാനവും തീര്‍ത്തത് ജയന്‍ ഒറ്റയ്ക്കാണ്. പള്ളിപ്പുറം സാബു എന്ന പെയിന്ററുടെ കഴിവു കൂടിയായപ്പോള്‍ സിനിമാ തിയേറ്ററിന്റെ ഫുള്‍ ഫീലായി. മാതൃഭൂമി ഏജന്റാണ് ജയകൃഷ്ണനും അനുജന്‍ അഭിലാഷും.