Photo: https://www.facebook.com/s.aryarajendran
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ജാതി തിരിച്ച് കായിക ടീം ഉണ്ടാക്കുന്നുവെന്ന് ആരോപണം. മേയറുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെയാണ് വ്യാപക വിമര്‍ശനം ഉയർന്നത്. കായിക രംഗത്ത് ജാതി തിരിച്ച് ടീമുണ്ടാക്കുന്നത് ഇന്നേവരെയുണ്ടാകാത്ത കാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.
എസ്.സി. എസ്.ടി. അല്ലാത്തവര്‍ എല്ലാവരും ഒരു ടീമില്‍. എസ്.സി. എസ്.ടിക്കാര് മാത്രം വേറെ ടീമില്‍ എന്നിങ്ങനെ വേര്‍തിരിക്കുന്നത് വിചിത്ര നടപടിയാണന്നുമുള്ള കമന്റുകളാണ് മേയറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് കീഴില്‍ നിറഞ്ഞത്. ഇത് സി.പി.എം. മോഡല്‍ പുരോഗമനമാണെന്ന പരിഹാസവും ഉയര്‍ന്നു. നിങ്ങള്‍ മതങ്ങളിലേക്ക് ചുരുങ്ങുമ്പോള്‍ ഞങ്ങള്‍ മനുഷ്യരിലേക്കും അവരുടെ ജാതിയിലേക്കും പടരുന്നു, ജാതീയതയും വര്‍ഗീയതയ്ക്കുമെതിരെ വിപ്ലവം പറയുന്നവരിൽ നിന്ന് ഇത്തരമൊരു നടപടി പ്രതീക്ഷിച്ചില്ലെന്നും ആളുകള്‍ പ്രതികരിച്ചു.
മേയർ ആര്യ രാജേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
നഗരസഭയ്ക്ക് സ്വന്തമായി സ്പോര്‍ട്സ് ടീം.
നഗരത്തിലെ കായികതാരങ്ങളുടെയും കായിക പ്രേമികളുടെയും ചിരകാലാഭിലാഷം യാഥാര്‍ഥ്യമാവുകയാണ്. ഫുട്ബോള്‍, ഹാന്‍ഡ് ബോള്‍, വോളിബോള്‍, ബാസ്കറ്റ് ബോള്‍, അത്ലറ്റിക്സ് എന്നീ കായിക ഇനങ്ങളില്‍ നഗരസഭാ ഔദ്യോഗികമായി ടീം ഉണ്ടാക്കും. ഇന്നലെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സെലക്ഷന് ക്യാമ്പ് സന്ദര്‍ശിച്ചു. 25 കുട്ടികളാണ് ഓരോ ടീമിലും ഉണ്ടാവുക.
ജനറല്‍ വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും, എസ്.സി. /എസ്.ടി. വിഭാഗത്തിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും ആണ് ഓരോ കായിക ഇനത്തിലും ഉണ്ടാവുക. ഇവര്‍ക്കാവശ്യമായ പരിശീലനം നഗരസഭ നല്‍കുകയും തലസ്ഥാനത്തടക്കം നടക്കുന്ന വിവിധ കായികമത്സരങ്ങളില്‍ ഈ ടീം നഗരസഭയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ഇതൊരു സ്ഥിരം സംവിധാനമാക്കാനാണ് ആലോചിക്കുന്നത്. അതിന് വിപുലമായ പദ്ധതി നഗരസഭ ആസൂത്രണം ചെയ്യും. അതിനുവേണ്ടി കായിക താരങ്ങളുമായും, കായികപ്രേമികളുമായും കായികരംഗത്തെ വിദഗ്ധരുമായും സ്പോര്‍ട്സ് കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുമായും ഉടന്‍ ചര്‍ച്ച നടത്തും. തുടര്‍ന്ന് ബൃഹത്തായ ഒരു പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കും. നമ്മുടെ കുട്ടികളുടെ കായികമായ കഴിവുകളെ കണ്ടെത്തി അവര്‍ക്ക് എല്ലാവിധ പിന്തുണയും നല്കി നാടിന്റെ അഭിമാനങ്ങളായി അവരെ മാറ്റി തീര്‍ക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. അതിനാവശ്യമായതെല്ലാം നഗരസഭ ചെയ്യാന്‍ പരിശ്രമിക്കുകയാണ്. എല്ലാവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വിമര്‍ശനം കടുത്തതോടെ തന്റെ ഫെയ്ബുക്ക് പോസ്റ്റില്‍ വിശദീകരണവുമായി മേയര്‍ രംഗത്ത് വന്നു. സദുദ്ദേശപരമായി നഗരസഭ എടുത്ത തീരുമാനത്തെ തെറ്റിദ്ധാരണജനകമായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് ആര്യ രാജേന്ദ്രന് പറയുന്നു. ഫുട്ബോള്‍, വോളിബോള്‍, ബാസ്ക്കറ്റ് ബോള്‍, അത്ലറ്റിക്സ് എന്നീയിനങ്ങളില്‍ വര്‍ഷങ്ങളായി ജനറല്‍, എസ്.സി.- എസ്.ടി. വിഭാഗങ്ങള്‍ക്കായി കായിക പരിശീലനം നല്കി വരുന്നുണ്ടെന്ന് മേയര്‍ പറയുന്നു. സര്‍ക്കാരിന്റെ മാനദണ്ഡം അനുസരിച്ച് ജനറല്‍, എസ്.സി ഫണ്ടുകള്‍ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ കുട്ടികള്‍ക്ക് അവസരം നല്കാന് സാധിക്കുന്നുണ്ടെന്നും മേയര്‍ വ്യക്തമാക്കി.
ഇത്തരത്തില്‍ വെവ്വേറെ ഫണ്ടില്‍ കൂടുതല്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുമെങ്കിലും ഓരോ കായിക ഇനത്തിലും ഒറ്റ ടീം മാത്രമേ ഉണ്ടാകുവെന്നും ആര്യ രാജേന്ദ്രന് പറയുന്നു. തിരഞ്ഞെടുക്കപ്പെടുന്ന മുഴുവന്‍ കുട്ടികള്‍ക്കും ഒരുമിച്ച് പരിശീലനം നല്കി ഓരോ ഇനത്തിലും നഗരസഭയുടെ ഓരോ ടീം രൂപീകരിക്കുക എന്നതാണ് ആശയമെന്ന് സൂചിപ്പിച്ച് പുതിയ ഫെയ്സ്ബുക്ക് പോസ്റ്റും മേയര്‍ ഇട്ടിട്ടുണ്ട്.
എന്നാല്‍ ആദ്യത്തെ പോസ്റ്റിനെ ന്യായീകരിക്കാന്‍ മേയര്‍ നടത്തിയ രണ്ടാമത്തെ പോസ്റ്റിലും വലിയ വിമര്‍ശനമാണ് ഉയരുന്നത്. ആദ്യം ജാതി അടിസ്ഥാനത്തില്‍ ടീമുണ്ടാക്കുമെന്ന് പറഞ്ഞ് വിവാദമായപ്പോള്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് പറയുന്നതിനെയാണ് ആളുകള്‍ ചോദ്യം ചെയ്യുന്നത്. വെവ്വേറെ ഫണ്ടില്‍ എന്തിനാണ് കുട്ടികള്‍ക്ക് വേര്‍തിരിച്ച് പരിശീലനം നല്‍കുന്നതെന്ന് വിമര്‍ശിക്കുന്നവര്‍ ചോദിക്കുന്നു. എല്ലാ ഫണ്ടുകളും ഒന്നിച്ച് ചേര്‍ത്ത് എല്ലാവര്ക്കും തുല്യാവസരം നല്കി പരിശീലനം നല്കി ടീമുണ്ടാക്കുകയാണ് വേണ്ടതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..