കെ രാധാകൃഷ്ണൻ | Photo: മാതൃഭൂമി
കോട്ടയം: കേരളത്തിൽ ദേവസ്വം മന്ത്രിയോട് ജാതി വിവേചനമുണ്ടായെന്ന് വെളിപ്പെടുത്തല്‍. ഒരു ക്ഷേത്രത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിനിടെ ജാതിയുടെ പേരിൽ തന്നെ മാറ്റിനിർത്തി എന്നാണ് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയത്. ജാതീയമായ വേര്‍തിരിവുണ്ടായതില്‍ അതേവേദിയിൽ വെച്ചുതന്നെ പ്രതിഷേധം അറിയിച്ചതായും മന്ത്രി കോട്ടയത്ത് പറഞ്ഞു.
ജാതി വ്യവസ്ഥ ഇപ്പോഴും കേരളത്തിൽ ഉണ്ട് എന്നാണ് അദ്ദേഹം പറഞ്ഞുവെക്കുന്നത്. ഒരു മന്ത്രിക്ക് നേരിടേണ്ടിവന്ന അനുഭവമാണ് അദ്ദേഹം സമ്മേളനത്തിൽ പങ്കുവെച്ചത്. ക്ഷേത്രത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങിൽ വിളക്ക് കത്തിക്കുന്നതുമായി ബന്ധപ്പെട്ട് നേരിട്ട അനുഭവമാണ് മന്ത്രി പങ്കുവെക്കുന്നത്. പൂജാരിമാർ പരസ്പരം വിളക്കുകൾ കൈമാറി കത്തിക്കുകയും മന്ത്രിയുടെ ഊഴം എത്തിയപ്പോൾ മന്ത്രിക്ക് നിലത്ത് വിളക്ക് വെച്ച് കൊടുക്കുകയുമാണ് ചെയ്തത് എന്നാണ് മന്ത്രി പറഞ്ഞത്. ഇതിനെതിരെ ആ വേദിയിൽ വെച്ച് തന്നെ പ്രതികരിച്ചുവെന്നും അദ്ദേഹം സമ്മേളനത്തിൽ പറഞ്ഞു.
'ഞാൻ ഒരു ക്ഷേത്രത്തിൽ ഒരു പരിപാടിക്ക് പോയി. അവിടെ ചെന്ന സന്ദർഭത്തിൽ ഉദ്ഘാടനവുമായി ബന്ധപ്പെട്ട്, പ്രധാന പൂജാരി അവിടെ ഒരു വിളക്ക് വെച്ചിട്ടുണ്ടായിരുന്നു. വിളക്ക് കത്തിക്കാൻ വേണ്ടി എനിക്ക് കൊണ്ടുവന്ന് തരാൻ വേണ്ടി വരികയാണെന്നാണ് ഞാൻ വിചാരിച്ചത്. വിളക്ക് കൊണ്ടുവന്ന് നേരെ എന്റെ കൈയിൽ തന്നില്ല. നേരെ കൊണ്ട് വന്ന വിളക്ക് അദ്ദേഹം തന്നെ കത്തിച്ചു. അതിന് ശേഷം സഹപൂജാരിയും വിളക്ക് കത്തിച്ചു. അതിന് ശേഷം എനിക്ക് തരുമെന്നാണ് വിചാരിച്ചത്. അദ്ദേഹം വിളക്ക് നിലത്ത് വെച്ചു. വിളക്ക് നിലത്ത് എടുത്ത് വെച്ചപ്പോൾ ഞാൻ എടുത്ത് കത്തിക്കട്ടെ എന്നാണ് വിചാരിച്ചത്. ഞാൻ കത്തിക്കണോ? എടുക്കണോ? പോയി പണി നോക്കാൻ പറഞ്ഞു. ഞാൻ തരുന്ന പൈസക്ക് അയിത്തമില്ല എനിക്ക് അയിത്തമാണ് നിങ്ങൾ കല്പിക്കുന്നത്'- സംഭവം വിശദീകരിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.
എന്നാൽ എവിടെ വെച്ച് നേരിട്ട അനുഭവമാണ് ഇത് എന്ന കാര്യം മന്ത്രി പറഞ്ഞില്ല. കോട്ടയത്ത് ബി.വി.എസ്. സംസ്ഥാന സമ്മേളനത്തിൽ വെച്ചായിരുന്നു അദ്ദേഹം ജാതിവിവേചനത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.
Content Highlights: caste discrimination against minister k radhakrishnan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..