ചെന്നൈ: ആര്‍ കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് എഐഎഡിഎംകെ 100 കോടി രൂപ വിതരണം ചെയ്തതായി ഡിഎംകെ. ഓരോ വോട്ടര്‍മാര്‍ക്കും 6,000 രൂപ വീതം വിതരണം ചെയ്തതായി ഡിഎംകെ നേതാവ് സ്റ്റാലിന്‍ ആരോപിച്ചു. 

ഉപതിരഞ്ഞെടുപ്പില്‍ വന്‍ തോതില്‍ പണമൊഴുക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി സ്റ്റാലില്‍ ആരോപിച്ചു. ഇവിടത്തെ എഐഡിഎംകെ സ്ഥാനാര്‍ഥി ഇ മധുസൂദനനെതിരെയും പാര്‍ട്ടിക്കെതിരെയും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സ്റ്റാലിന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. 

ജയലളിതയുടെ മരണത്തോടെ ഒഴിവുവന്ന സീറ്റിലേയ്ക്കു നടക്കുന്ന ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വോര്‍ട്ടര്‍മാര്‍ക്ക് പണം നല്‍കുന്നതിന്റെ വീഡിയോ അടക്കമുള്ള തെളിവുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ആര്‍കെ നഗര്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ റദ്ദാക്കിയിരുന്നു. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണമായും തുണിയായും ടോക്കണുകളായും പണം ഒഴുക്കിയതായി കണ്ടെത്തിയിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം 13 ലക്ഷം രൂപ ആദായ നികുതി വകുപ്പ് പിടികൂടിയിരുന്നു.

എ.ഐ.എ.ഡി.എം.കെ. ഔദ്യോഗിക വിഭാഗത്തിനുവേണ്ടി പാര്‍ട്ടി പ്രസീഡിയം ചെയര്‍മാന്‍ ഇ. മധുസൂദനന്‍, വിമതവിഭാഗത്തിനു വേണ്ടി ടി.ടി.വി. ദിനകരന്‍, ഡി.എം.കെ.ക്കുവേണ്ടി മരുത് ഗണേശ് എന്നിവരടക്കം 59 സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്. 21നാണ് ആര്‍കെ നഗറില്‍  വോട്ടെടുപ്പ് നടക്കുക. 24-ന് ഫലപ്രഖ്യാപനമുണ്ടാകും.