ഹൈബി ഈഡൻ മാധ്യമങ്ങളോട് പ്രതികരിക്കുന്നു
ന്യൂഡല്‍ഹി: വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ നടന്ന പ്രതിഷേധത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരേ വധശ്രമത്തിന് കേസെടുക്കണമെന്ന് ഹൈബി ഈഡന് എം.പി. ആഭ്യന്തര അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യാത്രാവിലക്ക് വന്നതോടെ ഇ.പി കുറ്റക്കാരനാണെന്ന് തെളിഞ്ഞെന്നും എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറാകണമെന്നും ഹൈബി ആവശ്യപ്പെട്ടു.
വിമാനത്തില്‍ മുഖ്യമന്ത്രിയുടെ അടുത്തുപോലും എത്താതെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാര്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്ന പ്രചാരണം ഇന്ന് പൊളിഞ്ഞു. സംഭവത്തില്‍ ഗൂഢാലോചന ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ശബരിനാഥനെതിരേ കേസെടുത്താല്‍ ഇ.പി ജയരാജനെതിരേ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്നും ഹൈബി ഈഡന് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇ.പി ജയരാജന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിമാനത്തിനുള്ളില്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്ന് കാണിച്ച് ഹൈബി ഈഡന് എം.പി നേരത്തെ വ്യോമയാന മന്ത്രാലയത്തിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ച് അന്വേഷണം നടത്തിയത്.
സംഭവത്തില്‍ ജയരാജന് മൂന്നാഴ്ചത്തേക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്സീന്, നവീന്‍ കുമാര്‍ എന്നിവര്‍ക്ക് രണ്ടാഴ്ചത്തേക്കുമാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. അതേസമയം വിലക്ക് സംബന്ധിച്ച അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ജയരാജന്റെ പ്രതികരണം.
മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തില്‍ ഗൂഢാലോനയുണ്ടെന്ന ആരോപണങ്ങള്‍ക്കിടെ ശബരീനാഥന്റേതെന്ന് സംശയിക്കുന്ന വാട്സ്ആപ്പ് ചാറ്റിന്റെ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശബരിനാഥന് പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..