കളമശ്ശേരി മെഡിക്കൽ കോളേജ് (ഫയൽ ചിത്രം) | ഫോട്ടോ: മാതൃഭൂമി
കൊച്ചി: മോന്‍സണ്‍ മാവുങ്കലിനെതിരായ പോക്‌സോ കേസിലെ ഇരയുടെ പരാതിയില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരേ കേസ് എടുത്തു. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിലെ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരേയാണ് കേസ് എടുത്തിരിക്കുന്നത്. വൈദ്യപരിശോധനക്ക് എത്തിച്ചപ്പോള്‍ മുറിയില്‍ പൂട്ടിയിട്ടിരുന്നുവെന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കെതിരേ പീഡനക്കേസിലെ പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു.
മോന്‍സണ്‍ മാവുങ്കലിനെതിരായ പോക്‌സോ കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴായിരുന്നു സംഭവങ്ങള്‍ നടന്നത്. മെഡിക്കല്‍ കോളിലെത്തിയപ്പോള്‍ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ മുറിയില്‍ പൂട്ടിയിടുകയും മോന്‍സണ് അനുകൂലമായി സംസാരിക്കുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി.
കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ മോന്‍സണ്‍ മാവുങ്കലിന്റെ മകന്‍ പഠിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ഇത്തരം ഒരു സമീപനം ഉണ്ടായതെന്നുമാണ് പെണ്‍കുട്ടി പ്രധാനമായും ഉന്നയിച്ച പരാതി. കേസുമായി ബന്ധപ്പെട്ട് വിശദമായ കാര്യങ്ങള്‍ ഡോക്ടര്‍മാര്‍ ചോദിച്ചറിഞ്ഞുവെന്നും വ്യക്തിപരമായി ആക്ഷേപിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചു എന്നുമായിരുന്നു പെണ്‍കുട്ടിയുടെ പരാതി.
സംഭവത്തില്‍ ക്രൈംബ്രാഞ്ചിന് പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് മെഡിക്കല്‍ കോളേജിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലെത്തി ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് വിവരം.
Content Highlights: Monson mavunkal Pocso Case: Case registered against two doctors in kalamassery medical college
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..