കൊച്ചി: വാര്‍ത്താ സമ്മേളനത്തിനിടെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ രാഹുല്‍ ഈശ്വറിനെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു. മതസ്പര്‍ധ വളര്‍ത്തല്‍ ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. 

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്ന സാഹചര്യമുണ്ടായാല്‍ ചോരവിഴ്ത്താന്‍ നിരവധി പേര്‍ തയ്യാറായിരുന്നെന്ന പരാമര്‍ശത്തിലാണ് കേസ്. ഈ പരാമര്‍ശത്തിനെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. 

തിരുവനന്തപുരം സ്വദേശി പ്രമോദിന്റെ പരാതിയില്‍ നിയപോദേശം നേടിയ ശേഷമാണ് പോലീസ് കേസെടുത്തത്. എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടത്തിയ പത്ര സമ്മേളനത്തിനിടെയാണ് രാഹുല്‍ വിവാദ പരാമര്‍ശം നടത്തിയത്.

അതേസമയം രാഹുല്‍ ഈശ്വറിനെതിരെ കടുത്ത വിമര്‍ശനവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി. രാഹുല്‍ ഈശ്വര്‍ എന്ന വിഷജന്തു നാവെടുത്താല്‍ വിഷം വമിപ്പിക്കുന്ന വാക്കുകള്‍ മാത്രമാണ് പുറത്തുവിടുന്നതെന്നായിരുന്നു കടകംപള്ളിയുടെ പരാമര്‍ശം. ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ സമ്മേളന വേദിയില്‍ വെച്ചാണ് മന്ത്രി ഈ പരാമര്‍ശം നടത്തിയത്.