പാലക്കാട്: മതവിദ്വേഷം പടര്‍ത്തിയെന്ന് ആരോപിച്ച് മാതൃഭൂമി ന്യൂസ് വാര്‍ത്താ അവതാരകന്‍ വേണു ബാലകൃഷ്ണനെതിരേ കേസെടുത്ത സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസനും രംഗത്തെത്തി. കേസെടുത്ത സംഭവം ജനാധിപത്യ വിരുദ്ധമാണെന്ന് ഉമ്മന്‍ചാണ്ടി പാലക്കാട് പറഞ്ഞു. 

വിമര്‍ശനങ്ങളെ മുഖ്യമന്ത്രി ഭയക്കുകയാണ്. ദുരുദ്ദേശ്യപരമാണ് കേസ്. സംഭവം മാധ്യമ സ്വാതന്ത്ര്യത്തിന് എതിരാണെന്നും എഫ്.ഐ.ആര്‍ ഉടന്‍ റദ്ദ് ചെയ്യണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

അതേസമയം കേസ് മാധ്യമ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റത്തിന്റെ ഭാഗമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ പറഞ്ഞു. വിമര്‍ശിക്കുന്നവരുടെ വായ മൂടിക്കെട്ടാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. കേന്ദ്രത്തില്‍ നരേന്ദ്രമോദി സ്വീകരിക്കുന്ന അതേ ശൈലിയാണ് ഇവിടെ മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും എം.എം ഹസന്‍ പറഞ്ഞു. സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയനും അപലപിച്ചു.

ആലുവ എടത്തലയില്‍ ഉസ്മാന്‍ എന്ന യുവാവിനെ മഫ്തിയിലായിരുന്ന പോലീസ് സംഘം മര്‍ദിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് വേണുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

ഇതുമായി ബന്ധപ്പെട്ട പ്രതിഷേധത്തില്‍ തീവ്രവാദികളുടെ ഇടപെടല്‍ ഉണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. 

വിഷയം ചാനല്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കുമ്പോള്‍ ആമുഖമായി പറഞ്ഞ വാക്കുകള്‍ മതവിദ്വേഷം പടര്‍ത്തുന്നുവെന്ന് പറഞ്ഞാണ് വേണുവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.