തിരുവനന്തപുരം: എംഎല്‍എ ഹോസ്റ്റല്‍ ജീവനക്കാരനെ മര്‍ദിച്ച പി.സി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. സംഭവത്തില്‍ പി.സി ജോര്‍ജിന് നിയമസഭാംഗം എന്ന പരിഗണന ഉണ്ടാവില്ല. പിസി ജോര്‍ജിനെതിരായ ക്രിമിനല്‍ നടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. കാന്റീന്‍ ജീവനക്കാരന്‍ വട്ടിയൂര്‍ക്കാവ് സ്വദേശി മനു(22) നല്‍കിയ പരാതിയിലാണ് നടപടി.

ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നതെന്ന് എംഎല്‍എ ഹോസ്റ്റലിലെ കഫേ കുടുംബശ്രീ ജീവനക്കാരന്‍ മനു നല്‍കിയ പരാതിയില്‍ പറയുന്നു. ഊണ് എത്തിക്കാന്‍ വൈകിയതിന്റെ പേരില്‍ പി.സി ജോര്‍ജ് മുഖത്ത് അടിച്ചു എന്നാണ് പരാതി. ജീവനക്കാരന്റെ കണ്ണിനും ചുണ്ടിനും പരിക്കുണ്ട്. പിസി ജോര്‍ജും സഹായിയും ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് മനു പറയുന്നു.

ഫോണില്‍ ആവശ്യപ്പെട്ട പ്രകാരം മുറിയില്‍ ഭക്ഷണമെത്തിക്കാന്‍ 20 മിനിറ്റോളം വൈകി. തിരക്കുമൂലമാണ് സമയത്ത് ഭക്ഷണമെത്തിക്കാന്‍ കഴിയാതിരുന്നത്. ഭക്ഷണവുമായി ചെന്നപ്പോള്‍ ചീത്തവിളിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തു. വനിതാ ജീവനക്കാരിയെ ചീത്തപറഞ്ഞതായും പരാതിയുണ്ട്. ജീവനക്കാരന്‍ ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സ തേടി. 

എന്നാല്‍, ദേഷ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും തല്ലിയിട്ടില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു. ജീവനക്കാരന്‍ തന്നോട് മോശമായി പെരുമാറി. 40 മിനിറ്റ് വൈകിയാണ് ചോറ് കൊണ്ടുവന്നതെന്നും പി. സി ജോര്‍ജ്ജ് പറഞ്ഞു.