പിസി ജോർജ്, കെഎസ് ശബരീനാഥൻ. photo: mathrubhumi, facebook.com/SabarinadhanKS
തിരുവനന്തപുരം: ആവര്‍ത്തിച്ച് പിഴയ്ക്കുന്ന പോലീസ് തന്ത്രത്തിന്റെ ഒടുവിലത്തെ സംഭവമാണ് ജാമ്യമില്ലാ കേസില്‍ കെ.എസ്. ശബരീനാഥന് ജാമ്യംനേടി പുറത്തിറങ്ങിയത്. ചുമത്താവുന്നതിനേക്കാള് കടുത്ത കുറ്റവും കോടതിക്ക് പ്രാഥമികമായിപ്പോലും വിശ്വസിക്കാനാവാത്ത കഥകളും നിരത്തുന്ന പോലീസിന്റെ 'അന്വേഷണ മിടുക്കാണ്' ശബരിയുടെ കാര്യത്തിലും പിഴച്ചത്.
മുഖ്യമന്ത്രിയെ വധിക്കാന്‍ശ്രമിച്ച കേസിലെ ഗൂഢാലോചനക്കാരനായ പ്രതി ഒരു സെഷന്‍സ് കോടതിയില്‍നിന്ന് ഹാജരാക്കുന്ന ഘട്ടത്തില്‍തന്നെ ജാമ്യംനേടി പുറത്തിറങ്ങുന്നത് പോലീസിനുണ്ടാക്കുന്നത് നാണക്കേട് മാത്രമല്ല, വിശ്വാസ്യതയുടെ ശോഷണംകൂടിയാണ്.
സര്‍ക്കാരിന്റെ പ്രീതികിട്ടുന്ന കേസുകള്‍ക്ക് ആവേശത്തോടെ ചാടിയിറങ്ങുന്ന പോലീസ് ഉദ്യോഗസ്ഥരാണ് പോലീസിനെ ആകെ പഴികേള്പ്പിക്കുന്നതെന്ന വിമര്‍ശനം പോലീസുകാര്ക്കുതന്നെയുണ്ട്.
മറ്റ് ക്രിമിനല്‍ കേസുകളില്‍ അന്വേഷണത്തിന് പോലീസ് ഈ ആവേശം കാണിക്കുന്നില്ലെന്നതും ആക്ഷേപത്തിന് കാരണമാണ്. എ.കെ.ജി. സെന്ററിലേക്ക് ബോംബെറിഞ്ഞയാളെ ഇപ്പോള്‍ പിടിക്കുമെന്ന് പോലീസ് പറഞ്ഞതല്ലാതെ, ഒരു തുമ്പുപോലും കണ്ടെത്താനായിട്ടില്ലെന്നതാണ് ഇതില്‍ ഒടുവിലത്തേത്.
തുടക്കം ഷാജ് കിരണ്‍
സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് പോലീസിന്റെ ഇടപെടലും അന്വേഷണരീതിയിലും പ്രകടമായ മാറ്റം തുടങ്ങുന്നത്.
മുഖ്യമന്ത്രിക്കെതിരേയുള്ള ആരോപണങ്ങള്‍ ഒതുക്കാന്‍ ഇടനിലക്കാരനായി വന്നുവെന്ന് സ്വപ്ന പറഞ്ഞ ഷാജ് കിരണ്‍, വിജിലന്‍സ് മേധാവിയുടെ അടുപ്പക്കാരനായത് പോലീസിനുണ്ടായ പേരുദോഷത്തിന്റെ തുടക്കമായിരുന്നു. ഈ സംഭവത്തിന് തൊട്ടുമുമ്പായാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി. ശശി നിയമിക്കപ്പെടുന്നത്. പോലീസിനെ കുറ്റപ്പെടുത്തുന്നതിനൊപ്പം ശശിയെയും പ്രതിപക്ഷം പരോക്ഷമായി വിമര്‍ശിക്കുന്നത് ഇതുകൊണ്ടാണ്.
സരിത്തിന്റെ കസ്റ്റഡി
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ നടത്തിയ വെളിപ്പെടുത്തലിനു പിന്നാലെ, അതേകേസിലെ പ്രതിയായ സരിത്തിനെ ഫ്ലാറ്റില്‍നിന്ന് വിജിലന്‍സ് സംഘം 'തട്ടിക്കൊണ്ടു'പോയതും നാണക്കേടിന്റെ രണ്ടാംഘട്ടമാണ്.
പി.സി. ജോര്‍ജിന്റെ അറസ്റ്റ്
പി.സി. ജോര്‍ജിനെ അറസ്റ്റുചെയ്ത് രണ്ടുതവണ കോടതിയിലെത്തിച്ചപ്പോഴും സമാനരീതിയില്‍ പോലീസ് തോറ്റതാണ്. പി.സി. ജോര്‍ജിനെ സ്ത്രീപീഡനക്കേസില്‍ അറസ്റ്റുചെയ്യുന്നത് മറ്റൊരുകേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോഴാണ്.
പെട്ടെന്ന് ഒരു പരാതിക്കാരിയും പരാതിയും വരുന്നു, അതില്‍ കേസ് രജിസ്റ്റര്‍ചെയ്യുന്നു, ആ സ്റ്റേഷനിലെ പോലീസുകാരെത്തി അറസ്റ്റുചെയ്യുന്നു -അപ്രതീക്ഷിതമായ ഇത്രയും കാര്യങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നടന്നപ്പോള്‍ കോടതിയും സംശയിച്ചത് ഇതിലെ പോലീസിന്റെ മുന്‍കൂട്ടി നിശ്ചയിച്ച തിരക്കഥയാണ്.
ശബരീനാഥന്റെ അറസ്റ്റ്
മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ കെ.എസ്. ശബരീനാഥനെ സാക്ഷിയായി വിളിച്ചുവരുത്തി ഗൂഢാലോചന പ്രതിയാക്കി മാറ്റാനായിരുന്നു പോലീസിന്റെ ശ്രമം. ശംഖുമുഖം അസിസ്റ്റന്റ് കമ്മിഷണര്‍ ഡി.കെ. പ്രിഥ്വിരാജിന്റെ പോലീസ് ബുദ്ധിയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ കോടതിയില്‍ മുഖമടച്ചുവീണത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..