കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗക്കേസില്‍ നിര്‍ണായക വിധി അല്‍പസമയത്തിനകം പുറത്തുവരും. 105 ദിവസത്തെ വിചാരണയ്ക്ക് ഒടുവിലാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി ഗോപകുമാര്‍ വിധി പ്രസ്താവിക്കുന്നത്. 

വിധി കേള്‍ക്കാനായി രാവിലെ ഒമ്പതരയോടെ തന്നെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയിലെത്തി. പിന്‍വാതിലിലൂടെയാണ് ബിഷപ്പ് കോടതിയിലേക്ക് പ്രവേശിച്ചത്. സഹോദരനും സഹോദരി ഭര്‍ത്താവിനുമൊപ്പമാണ് ബിഷപ്പ് കോടതിയിലേക്കെത്തിയത്. 

വിധി പ്രസ്താവിക്കുന്നതിന് മുന്നോടിയായി വലിയ സുരക്ഷയിലാണ് കോടതി പരിസരം. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം കോടതിക്ക് പുറത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ബോംബ്, ഡോഗ് സ്‌ക്വാഡുകള്‍ കോടതിമുറി പരിശോധിച്ചു. കോടതി കോമ്പൗണ്ടിനുള്ളില്‍ ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്.

105 ദിവസത്തെ രഹസ്യ വിചാരണയ്‌ക്കൊടുവില്‍ തുറന്ന കോടതിലാണ് ഇന്ന് വിധി പ്രസ്താവിക്കുക. വിധി പറയാനായി ജഡ്ജി ജി ഗോപകുമാറും കോടതിയിലെത്തിയിട്ടുണ്ട്. കന്യാസ്ത്രീയുടെ ചില ബന്ധുക്കളും വിധി കേള്‍ക്കാന്‍ കോടതിയിലേക്ക് എത്തുമെന്നാണ് വിവരം. 

കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തില്‍വെച്ച് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീയെ 13 തവണ പീഡിപ്പിച്ചെന്നാണ് കേസ്. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെ ഏഴു വകുപ്പുകള്‍പ്രകാരമുള്ള കുറ്റങ്ങളാണ് ബിഷപ്പിനെതിരേ ചുമത്തിയിരിക്കുന്നത്.

Content Highlights : Rape Case Verdict against Bishop Franco Mulakkal