കോട്ടയം: ബോബനും മോളിയും എന്ന കുട്ടിക്കഥാപാത്രങ്ങളിലൂടെ ആറു പതിറ്റാണ്ട് മലയാള കാര്‍ട്ടൂണ്‍രംഗത്തെ കുലപതിയായിരുന്ന ടോംസ് (വി.ടി.തോമസ്-86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആസ്പത്രിയില്‍ ബുധനാഴ്ച രാത്രി 10.30നായിരുന്നു അന്ത്യം. വരകളിലൂടെയും വാക്കുകളിലൂടെയും മലയാളിയുടെ സങ്കുചിതത്വവും പിന്തിരിപ്പന്‍ ചിന്താഗതിയും കോറിയിട്ട് ചിരിക്കാനും ചിന്തിക്കാനും അവസരമൊരുക്കിയ ഉത്സവമായിരുന്നു അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍.
കഥാപാത്രങ്ങളെ അദ്ദേഹം കണ്ടെത്തിയത് തന്റെ ജന്മഗ്രാമമായ ആലപ്പുഴയിലെ വെളിയനാട്ടുനിന്നായിരുന്നു.
1929 ജൂണ്‍ 20ന് കര്‍ഷകനായ അത്തിക്കളം വാടയ്ക്കല്‍ തോപ്പില്‍ കുഞ്ഞുതൊമ്മന്റെയും സിസിലി തോമസിന്റെയും മകനായാണ് ജനനം. ചങ്ങനാശ്ശേരി എസ്.ബി.കോേളജില്‍ ഡിഗ്രി പഠനം. ബ്രിട്ടിഷ് സൈന്യത്തില്‍ ഇലക്ട്രീഷ്യനായി ചേര്‍ന്നെങ്കിലും ഒരു മാസത്തിനുശേഷം അവിടെനിന്നു മടങ്ങി.
ശങ്കേഴ്‌സ് വീക്ക്ലിയിലെ കാര്‍ട്ടൂണിസ്റ്റുകൂടിയായിരുന്ന ജ്യേഷ്ഠന്‍ പീറ്റര്‍ തോമസിന്റെ കാര്‍ട്ടൂണുകളോട് തോന്നിയ ആരാധനയാണ് ടോംസിനെ മാവേലിക്കര സ്‌കൂള്‍ ഓഫ് ആര്‍ട്സിലെത്തിച്ചത്. അവിടെ മൂന്നുവര്‍ഷത്തെ പഠനം. ശേഷം ജനതാ പ്രസ്സില്‍നിന്ന് പുറത്തിറങ്ങിയിരുന്ന 'കുടുംബദീപ'ത്തില്‍ ജോലിക്കുകയറി. പത്രപ്രവര്‍ത്തകനായാണു തുടക്കം.
1952ല്‍ കുടുംബദീപം, കേരളഭൂഷണം പത്രം എന്നിവയില്‍ പോക്കറ്റ് കാര്‍ട്ടൂണുകള്‍ വരയ്ക്കാന്‍ തുടങ്ങി. ഡെക്കാന്‍ ഹെറാള്‍ഡിലും ശങ്കേഴ്സ് വീക്കിലിയിലും സ്വന്തമായ ഇടം കണ്ടെത്തി.

ഈ ബോബന്റെയും മോളിയുടെയും ഒരു കാര്യം...!
1955ല്‍ മലയാളമനോരമയില്‍ കാര്‍ട്ടൂണിസ്റ്റായി. ആ വര്‍ഷം മനോരമയില്‍ 'ബോബനും മോളിയും' കാര്‍ട്ടൂണ്‍ പരന്പരയ്ക്കു തുടക്കമിട്ടു. 40 വര്‍ഷത്തിനുശേഷം മനോരമയില്‍നിന്നു രാജിവെച്ചു. തുടര്‍ന്ന് സ്വന്തം ഉടമസ്ഥതയില്‍ ടോംസ് പബ്‌ളിക്കേഷന്‍സ് ആരംഭിച്ചു. പ്രസിദ്ധീകരണം തുടങ്ങി അര നൂറ്റാണ്ട് പിന്നിട്ട ശേഷവും കഥാപാത്രങ്ങളായ ബോബനും മോളിക്കും ഒരിക്കലും പ്രായമേറിയില്ല. ഇവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 1971ല്‍ ഒരു സിനിമയും ഇറങ്ങിയിരുന്നു. 2006ല്‍ ബോബനും മോളിയും അനിമേഷന്‍ ചലച്ചിത്രമായി. ബോബനും മോളിയും പുസ്തകരൂപത്തിലും ഇറങ്ങിയിട്ടുണ്ട്.

ഭാര്യ: ത്രേസ്യാക്കുട്ടി. മക്കള്‍: പീറ്റര്‍ (ടോംസ് പബ്‌ളിക്കേഷന്‍സ്), മോളി, ബോബന്‍ (ടോംസ് പബ്‌ളിക്കേഷന്‍സ്), റാണി (ആരോഗ്യവകുപ്പ്), ബോസ് (ടോംസ് പബ്‌ളിക്കേഷന്‍സ്), ഡോ. പ്രിന്‍സി ബിജു (മുംൈബ). മരുമക്കള്‍: ഇന്ദിര ട്രീസ ബോബന്‍ കടമപ്പുഴ കാഞ്ഞിരപ്പള്ളി, പോള്‍ ഐസക് (ബിസിനസ്, ചേര്‍ത്തല), ബ്രിജിത് ബോസ് വട്ടക്കാട്ടുശേരി, പരേതനായ ഡോ.ടോജോ മത്തായി, ബിജു ജോണ്‍ (സ്‌ക്വയര്‍ ഫുട്ട്, മുംബൈ). ശവസംസ്‌കാരം ഞായറാഴ്ച മൂന്നുമണിക്ക് കോട്ടയം ലൂര്‍ദ് ഫൊറോന പള്ളി സെമിത്തേരിയില്‍.
