നെടുമ്പാശ്ശേരി: ലിഥിയം അയണ്‍ ബാറ്ററികള്‍ക്ക് വിമാനത്തിന്റെ കാര്‍ഗോയില്‍ നിരോധനം വരുന്നു. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനാണ് (ഐ.സി.എ.ഒ.) നിരോധനം ഏര്‍പ്പെടുത്തുന്നത്. 

ഏപ്രില്‍ ഒന്ന് മുതല്‍ നിരോധനം നിലവില്‍ വരും. ലോകത്തിലെ എല്ലാ വിമാനത്താവളങ്ങളിലും നിരോധനം ഏര്‍പ്പെടുത്തനാണ് തീരുമാനം. എന്നാല്‍ ഹാന്‍ഡ് ബാഗിലോ ചെക്ക് ഇന്‍ ബാഗേജിലോ വ്യക്തിയുടെ പോക്കറ്റിലോ ഇവ കൊണ്ടുപോകുന്നതിന് വിലക്ക് ഉണ്ടാകില്ല. 

ലാപ്‌ടോപ്പുകള്‍ക്കും സ്മാര്‍ട് ഫോണുകള്‍ക്കും ചെക്കിന്‍ ബാഗേജില്‍ നിരോധനം വരുന്നു എന്ന തരത്തിലുള്ള വാര്‍ത്ത നേരത്തേ പുറത്ത് വന്നിരുന്നു. ഈ അഭ്യൂഹം പുറത്തുവന്നതിനേത്തുടര്‍ന്ന് ഐ.സി.എ.ഒ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി.

ലാപ്ടോപ്പ്, സ്മാര്‍ട്ട് ഫോണ്‍ എന്നിവയില്‍ ഉപയോഗിക്കുന്ന ലിഥിയം അയേണ്‍ ബാറ്ററികള്‍ നിശ്ചിത ഊഷ്മാവില്‍ കൂടിയ അന്തരീക്ഷത്തില്‍ സ്പാര്‍ക്ക് ഉണ്ടായി പൊട്ടിത്തെറിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് കാര്‍ഗോ വിഭാഗത്തില്‍ ഇവയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത്. ഇവയുടെ ബാറ്ററികള്‍ പൊട്ടിത്തെറിക്കാനുള്ള സാധ്യത തെളിഞ്ഞതിനെ തുടര്‍ന്നാണ് തീരുമാനം. ലിഥിയം അയേണ്‍ ബാറ്ററികള്‍ ഉപയോഗിക്കുന്ന എല്ലാ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്കും നിരോധനം ബാധകമാകും.