മട്ടാഞ്ചേരി: കോവിഡ് പിടിമുറുക്കിയതോടെ 'കരിംജീരകം' താര പദവിയിലേക്ക്... കോവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ആയുര്‍വേദ ഉത്പന്നമായി മാറുകയാണ് കരിംജീരകം. രോഗ പ്രതിരോധത്തിന്റെ ഭാഗമായി ആവി കൊള്ളുന്നതിനും കവിള്‍ക്കൊള്ളുന്നതിനുമൊക്കെ വ്യാപകമായി ഉപയോഗിക്കുന്നതിനാല്‍ കരിംജീരകത്തിന് വലിയ ഡിമാന്‍ഡാണിപ്പോള്‍.

മിസോറം, അസം മേഖലകളിലും നേപ്പാളിലുമൊക്കെയാണ് കരിംജീരകംവ്യാപകമായി കൃഷിചെയ്യുന്നത്. രാജ്യത്ത് കോവിഡ് പടര്‍ന്നുപിടിച്ചതോടെ, ഒരു വര്‍ഷമായി ഇതിന് ആവശ്യക്കാരേറുന്നു. രാജ്യത്തെമ്പാടും കരിഞ്ചീരകം വലിയ രീതിയില്‍ ഉപയോഗിക്കുകയാണിപ്പോള്‍. കരിംജീരക കൃഷിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആവശ്യകതയാണിപ്പോള്‍.

ഒരൊറ്റ വര്‍ഷത്തിനിടയില്‍ കരിംജീരകത്തിന്റെ മൊത്തവില തന്നെ ഇരട്ടിയായി. കോവിഡ്കാലം തുടങ്ങുന്നതിന് മുമ്പ് കിലോഗ്രാമിന് 100 മുതല്‍ 150 രൂപ വരെ മാത്രമായിരുന്നു വില. ആവശ്യം കുറവായതിനാല്‍ വല്ലപ്പോഴും മാത്രം മാര്‍ക്കറ്റിലേക്ക് എത്തുന്ന വസ്തു. ഇപ്പോള്‍ മൊത്തവില കിലോഗ്രാമിന് 275 മുതല്‍ 290 രൂപ വരെയാണ്. ചില്ലറവിപണിയിലെത്തുമ്പോള്‍ 350 മുതല്‍ 400 രൂപ വരെയാകുന്നു. ചില്ലറവിപണയില്‍ തോന്നുന്ന പോലെ വില ഈടാക്കുന്നുമുണ്ട്.

കൊച്ചിയാണ് കരിംജീരകത്തിന്റെ കേരളത്തിലെ പ്രധാന കച്ചവടകേന്ദ്രം. മിസോറമില്‍ നിന്ന് നേരിട്ടാണ് കൊച്ചിയിലേക്ക് ചരക്ക് എത്തുന്നത്. കൊല്‍ക്കത്തയില്‍ നിന്ന് സംസ്‌കരിച്ച കരിംജീരകവും കൊച്ചിയിലേക്ക് വരുന്നുണ്ട്. കര്‍ഷകരില്‍ നിന്ന് നേരിട്ട് എടുക്കുമ്പോള്‍ അത് ശുദ്ധീകരിച്ചു കിട്ടില്ല. അതുകൊണ്ട് ശുദ്ധീകരിച്ച കരിംജീരകം തേടി കണ്ടെത്തുകയാണ് കച്ചവടക്കാര്‍.

കരിംജീരകത്തിന് ഇത്ര വലിയ ഡിമാന്‍ഡ് ചരിത്രത്തിലാദ്യമാണെന്ന് കൊച്ചിയിലെ പ്രധാന ആയുര്‍വേദ മരുന്ന് വില്‍പ്പന കേന്ദ്രമായ 'കെ.സി. കോര്‍പ്പറേഷന്‍' ഉടമ ജോയ് അഞ്ചേരി പറഞ്ഞു. അഞ്ച് പതിറ്റാണ്ട് കാലമായി കരിംജീരകം ഉള്‍പ്പെടെയുള്ള അങ്ങാടി മരുന്നുകളുടെ ബിസിനസ് നടത്തിവരുന്നയാളാണ് ജോയി.

കരിംജീരകം കൈയിലിട്ട് തിരുമ്മി മൂക്കില്‍ മണത്താല്‍ത്തന്നെ ഒരുമാതിരി മൂക്കടപ്പൊക്കെ മാറും. ഇത് പണ്ടേ ഉപയോഗിച്ചുവരുന്ന ഔഷധമാണ്. എന്നാല്‍, ഇതിന്റെ ഗുണം ജനം തിരിച്ചറിയുന്നത് ഇപ്പോഴാണെന്ന് ജോയി പറയുന്നു.

കോവിഡിനെ പ്രതിരോധിക്കാന്‍ കരിംജീരകം ഉള്‍പ്പെടുന്ന ഔഷധക്കൂട്ടിന് സാമൂഹിക മാധ്യമങ്ങളില്‍ വലിയ പ്രചാരണം ലഭിച്ചിരുന്നു. ഇതാണ് കരിംജീരകത്തിന്റെ ഡിമാന്‍ഡ് കൂട്ടിയത്. കൊച്ചിയില്‍ ഇപ്പോള്‍ ചരക്ക് കിട്ടാനില്ല. വില ഇനിയും കൂടുമെന്ന് കച്ചവടക്കാര്‍ പറയുന്നു. ദിവസം 100 ചാക്ക് വരെ കരിംജീരകം കേരളത്തില്‍ വിറ്റുപോകുന്നുണ്ട്.

അതേസമയം, ഇക്കുറി കരിംജീരകകൃഷി മോശമാണ്. ലക്ഷ്യമിട്ടത്ര ഉത്പാദനം ഉണ്ടായിട്ടില്ലത്രെ. വടക്കേ ഇന്ത്യയില്‍ നേരത്തെ തുടങ്ങിയ ലോക്ഡൗണ്‍ പ്രശ്‌നങ്ങള്‍ ചരക്ക് എത്തിക്കുന്നതിനും തടസ്സം സൃഷ്ടിക്കുന്നുണ്ട്. വില ഉയരാന്‍ ഇതും കാരണമാണെന്ന് കച്ചവടക്കാര്‍ ചൂണ്ടിക്കാട്ടുന്നു.