കോഴിക്കോട്: കേരള സർക്കാരിന്റെ കിരൺ ആരോഗ്യ സർവേയിലെ(കേരള ഇൻഫർമേഷൻ ഓഫ് റെസിഡന്റ്സ്-ആരോഗ്യം നെറ്റ് വർക്ക്) വിവരങ്ങൾ കനേഡിയൻ കമ്പനിക്ക് കൈമാറുന്നതായി റിപ്പോർട്ട്. കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന പോപ്പുലേഷൻ ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനാണ്(പി.എച്ച്.ആർ.ഐ.) ആരോഗ്യസർവേയിലെ വിവരങ്ങൾ കൈമാറുന്നതെന്നാണ് ആരോപണം.

നേരത്തെ ഈ ആരോപണങ്ങൾ ഉയർന്നപ്പോൾ ഒരു വിവരവും കനേഡിയൻ കമ്പനിക്ക് കൈമാറുന്നില്ലെന്ന് സംസ്ഥാന സർക്കാർ അവകാശപ്പെട്ടിരുന്നു. എന്നാൽ ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെയും പി.എച്ച്.ആർ.ഐ. പ്രതിനിധികളുടെയും ഇ-മെയിലുകൾ പുറത്തുവിട്ട് കാരവൻ മാഗസിനാണ് പുതിയ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. നേരത്തെ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ പറഞ്ഞത് കള്ളമാണെന്നും ആരോഗ്യസർവേയ്ക്കായി പി.എച്ച്.ആർ.ഐ. മുടക്കിയത് കോടികളാണെന്നും കാരവൻ മാഗസിന് വേണ്ടി എം.എസ്. നിലീന റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പി.എച്ച്.ആർ.ഐയുമായുള്ള സഹകരണത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയില്ലെന്നും റിപ്പോട്ടിൽ സൂചിപ്പിക്കുന്നു.

ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനായ രാജീവ് സദാനന്ദൻ, പി.എച്ച്.ആർ.ഐ.യുടെ തലവനും കാനഡയിലെ മക് മാസ്റ്റർ സർവകലാശലയിലെ പ്രാഫസറുമായ സലീം യൂസഫ്, തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ പ്രൊഫസറും ഹെൽത്ത് ആക്ഷൻ ബൈ പീപ്പിൾ എന്ന എൻ.ജി.ഒ.യുടെ സെക്രട്ടറിയുമായ കെ. വിജയകുമാർ, അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസിലെ കെ.ആർ. തങ്കപ്പൻ എന്നിവരുടെ ഇ-മെയിലുകളാണ് കാരവൻ മാഗസിൻ പുറത്തുവിട്ടിരിക്കുന്നത്. ആരോഗ്യസർവേയിലെ വിവരങ്ങൾ പി.എച്ച്.ആർ.ഐയ്ക്ക് കൈമാറുന്നതിനെക്കുറിച്ചും പദ്ധതിക്ക് പിന്നിലെ ഭീമമായ സാമ്പത്തിക നിക്ഷേപത്തെക്കുറിച്ചും ഇ-മെയിൽ സന്ദേശങ്ങളിൽ വെളിപ്പെടുത്തുന്നുണ്ട്. ഇതോടൊപ്പം പദ്ധതിക്കെതിരെ ഉയർന്നേക്കാവുന്ന രാഷ്ട്രീയ, മാധ്യമ നിരീക്ഷണത്തെക്കുറിച്ചും ഇവർ ചർച്ച ചെയ്തിരുന്നു.

2013-ൽ യു.ഡി.എഫ്. സർക്കാർ അവതരിപ്പിച്ച കെ.എച്ച്.ഒ.ബി.എസ്(കേരള ഹെൽത്ത് ഒബ്സർവേറ്ററി ആൻഡ് ബേസ് ലൈൻ സർവേ) ആണ് മറ്റൊരു പേരിൽ എൽ.ഡി.എഫ്. സർക്കാർ 2018-ൽ വീണ്ടും നടപ്പിലാക്കിയത്. യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് കേരളത്തിലെ സർവേ വിവരങ്ങൾ കനേഡിയൻ കമ്പനിക്ക് കൈമാറുന്നതായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും സി.പി.എം. അടക്കമുള്ള പാർട്ടികളും കുറ്റപ്പെടുത്തിയിരുന്നു. വിവാദം ശക്തമായതോടെ യു.ഡി.എഫ്. സർക്കാർ സർവേ വേണ്ടെന്ന് വെച്ചു. 2014 ജൂണിൽ അന്നത്തെ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാർ ഇക്കാര്യം നിയമസഭയിൽ വ്യക്തമാക്കുകയും ചെയ്തു.

യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ആരോഗ്യവകുപ്പ് സെക്രട്ടറിയായിരുന്ന രാജീവ് സദാനന്ദൻസർവേ വേണ്ടെന്ന് വെച്ചതിന് പിന്നാലെ കേന്ദ്രസർവീസിലേക്ക് ഡെപ്യൂട്ടേഷനിൽ പോയി. പിന്നീട് 2016 മെയിലാണ് സംസ്ഥാന ആരോഗ്യവകുപ്പിൽ അഡീഷണൽ ചീഫ് സെക്രട്ടറിയായി വീണ്ടും ചാർജെടുത്തത്. ഇതിനുപിന്നാലെ 2016 ജൂണിൽ ഡോ. വിജയകുമാർ ഇക്കാര്യം സൂചിപ്പിച്ച് പി.എച്ച്.ആർ.ഐ. കോർഡിനേറ്റർ സുമതി രംഗരാജന് മെയിൽ അയച്ചിരുന്നു. രാജീവ് സദാനന്ദൻ വീണ്ടും ചാർജെടുത്തെന്നും ഇപ്പോൾ എല്ലാം സുരക്ഷിതമാണെന്നുമാണ് മെയിലിൽ പറഞ്ഞിരുന്നത്.

ഇതിനുപിന്നാലെയാണ് സുമതി രംഗരാജൻ അറിയിച്ചതനുസരിച്ച് സലീം യൂസഫ് മറുപടി സന്ദേശം അയക്കുന്നത്. നേരത്തെ ആരംഭിച്ച സർവേയ്ക്ക് പുതിയ പേര് വേണമെന്നും മന്ത്രിയെയും മുഖ്യമന്ത്രിയെയും ഇതിന്റെ ഭാഗത്താക്കണമെന്നും മാധ്യമങ്ങളെ നമ്മുടെ പക്ഷത്താക്കാൻ തന്ത്രങ്ങൾ വികസിപ്പിക്കണമെന്നും മെയിലിൽ പറയുന്നു. ഇത്തവണ രാഷ്ട്രീയപരമായോ മറ്റോ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ മുൻകൂട്ടി കാണണമെന്നും അതിനുള്ള തന്ത്രങ്ങൾ രൂപവത്‌കരിച്ച ശേഷം ആരംഭിക്കാമെന്നും സന്ദേശത്തിൽ പറയുന്നു. 2016 ഒക്ടോബറിൽ യൂസഫ് അയച്ച മെയിലിലാണ് വിവരങ്ങൾ കൈമാറുന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ വ്യക്തമാക്കുന്നത്. ഡാറ്റ കൈമാറുന്നതാണ് പദ്ധതിയുടെ പ്രധാന വ്യവസ്ഥയെന്നാണ് ഈ സന്ദേശങ്ങളിൽ പറയുന്നത്.

ഡിസംബർ 2018-ന് ആരംഭിച്ച കിരൺ സർവേ കേരളത്തിലെ പത്ത് ലക്ഷം പേരിൽനിന്നാണ് വിവരങ്ങൾ ശേഖരിക്കുന്നത്. അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ്, സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റർ, ഇ-ഹെൽത്ത് കേരള എന്നിവയുടെ പിന്തുണയോടെയാണ് സർവേ നടത്തുന്നതെന്നായിരുന്നു സർക്കാർ ഉത്തരവിൽ പറഞ്ഞിരുന്നത്. കാനഡയിലെ മക് മാസ്റ്റർ സർവകലാശാലയെക്കുറിച്ചോ അതിന് കീഴിലെ പി.എച്ച്.ആർ.ഐ.യെക്കുറിച്ചോ ഉത്തരവിൽ പരാമർശിച്ചിരുന്നില്ല.

അതിനിടെ, സർവേയിൽ പി.എച്ച്.ആർ.ഐ.യുടെ പങ്കാളിത്തത്തെക്കുറിച്ച് 2019-ൽ വീണ്ടും വിവാദങ്ങളുയർന്നു. എന്നാൽ വിവരങ്ങൾ വിശകലനം ചെയ്യാനുള്ള സാങ്കേതിക സഹായം മാത്രമാണ് പി.എച്ച്.ആർ.ഐ.യിൽനിന്ന് തേടിയതെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം. ആരോഗ്യവകുപ്പ് ശേഖരിക്കുന്ന വിവരങ്ങൾ സ്റ്റേറ്റ് ഡേറ്റ സെന്ററിൽ സുരക്ഷിതമാണെന്നും കനേഡിയൻ കമ്പനിയ്ക്ക് വിവരങ്ങൾ കൈമാറുകയാണെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാൽ മന്ത്രിയുടെയും സംസ്ഥാന സർക്കാരിന്റെയും വിശദീകരണങ്ങൾ തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ് കാരവൻ പുറത്തുവിട്ട ഇ-മെയിൽ സന്ദേശങ്ങൾ.

Content Highlights: caravan magazine report about kiran health survey and data sharing with canadian company