തിരുവനന്തപുരം: കേര ഫെഡ് എംഡി ശമ്പള ഇനത്തില്‍ അഡ്വാന്‍സ് ആയി കൈപ്പറ്റിയത് 25 ലക്ഷത്തിലധികം രൂപ. മൂന്ന് മാസത്തിനകം അഡ്വാന്‍സ് തിരിച്ചടക്കണമെന്ന ചട്ടം നിലവിലിരിക്കെയാണ് എം ഡിയുടെ ചട്ടലംഘനം. എന്നാല്‍ സര്‍ക്കാര്‍ ശമ്പളം നിശ്ചയിച്ച് നല്‍കിയിട്ടില്ലെന്നാണ് ന്യായീകരണം.
പിന്‍വാതില്‍ നിയമനം ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ നിലനില്‍ക്കെയാണ് കേരഫെഡ് എം ഡിയുടെ സഹകരണ നിയമംലംഘിച്ച് സ്വയം തീരുമാനിച്ച് ശമ്പളം എഴുതിയെടുക്കുന്നതിന്റെ തെളിവുകള്‍ പുറത്തുവരുന്നത്. ഒരു ലക്ഷം രൂപയാണ് എം ഡി ശമ്പളമായി എഴുതിയെടുക്കുന്നത്. എന്നാല്‍ ഇതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്ന് വിവരാവകാശ രേഖകളില്‍ വ്യക്തമാകുന്നു.
സര്‍ക്കാര്‍ പ്രതിനിധികളില്ലാത്ത എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗീകാര പ്രകാരമാണ് അഡ്വാന്‍സ് അനുവദിക്കുന്നതെന്ന് ശമ്പള ബില്ലില്‍ വ്യക്തമാണ്. എന്നാല്‍ സഹകരണ നിയമപ്രകാരം മൂന്ന് മാസത്തിലധികം അഡ്വാന്‍സ് അനുവദിക്കാന്‍ പറ്റില്ലായെന്നിരിക്കെ എം ഡി 25 മാസത്തിലധികമായി പ്രതിമാസം ഒരുലക്ഷത്തിലധികം രൂപ പ്രതിമാസ ശമ്പളമായി അഡ്വാന്‍സ് ഇനത്തില്‍ കൈപ്പറ്റുന്നു.
നിലവില്‍ വാങ്ങിയ തുക തിരിച്ചടച്ചിട്ടില്ലെന്നിരിക്കെ പിന്നെയും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തുക എങ്ങനെ അനുവദിക്കുന്നുവെന്ന് വ്യക്തമല്ല. സര്‍ക്കാര്‍ ശമ്പളം തീരുമാനിച്ച് ഉത്തരവിറക്കിയിട്ടില്ല എന്ന ന്യായം പറഞ്ഞാണ് എം ഡി ചട്ടലംഘനത്തെ ലഘൂകരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..