അപകടത്തിന്റെ ദൃശ്യങ്ങൾ
കൊച്ചി: കാക്കനാട് ഇന്‍ഫോ പാര്ക്കിന് സമീപം നിയന്ത്രണംവിട്ട കാര്‍ ഇടിച്ചുകയറി അപകടം. അമിത വേഗതിയിലെത്തിയ കാര്‍ നിയന്ത്രണംവിട്ട് റോഡിലെ മീഡിയനില്തട്ടി കറങ്ങി സമീപത്ത് നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടറുകള് ഇടിച്ചുതെറിപ്പിച്ച ശേഷം മതിലില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. അപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരായ രണ്ട് പോലീസുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. കാര്‍ ഓടിച്ച പുത്തന്‍കുരിശ് സ്വദേശി ശ്രീലേഷിന് അപകടത്തില്‍ നിസാര പരിക്കേറ്റു. സമീപത്തുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരും നാട്ടുകാരും ചേര്‍ന്നാണ് കാറില്‍നിന്ന് യാത്രക്കാരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്.
അപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഒരു പോലീസുകാരന്റെ കാലിന് ചെറിയ പരിക്കുണ്ട്. ഇവര്‍ സഞ്ചരിച്ച സ്കൂട്ടറിന് തൊട്ടുമുന്നിലൂടെയാണ് കാര്‍ നിയന്ത്രണംവിട്ട് മതിലിലേക്ക് ഇടിച്ചുകയറിയത്.
മെയിന്‍ റോഡിലേക്ക് കയറേണ്ടതിനാല്‍ സ്കൂട്ടര്‍ അധികം വേഗതയില്‍ അല്ലാതിരുന്നതും പെട്ടെന്ന് ബ്രേക്കിട്ട് നിര്‍ത്താന്‍ സാധിച്ചതുമാണ് പോലീസുകാരുടെ ജീവന് രക്ഷിച്ചത്. കാര്‍ ഇടിച്ചുതെറിപ്പിച്ച ഇരുചക്ര വാഹനങ്ങളില്‍ യാത്രക്കാര്‍ ഇല്ലാതിരുന്നതും വലിയ അപകടം ഒഴിവാക്കി.
അമിത വേഗതയിലുള്ള കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Content Highlights: car went out of control and crashed, two police officers miraculously escaped
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..